പല്ലെക്കെലെ: ഇന്ത്യക്കു വേണ്ടി ടി20യില്‍ വീണ്ടുമൊരു മോശം ഇന്നിങ്‌സ് കളിച്ച് പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടുകയാണ് വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത്. ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ സ്ലോ ഇന്നിങ്‌സുമായി ഒരിക്കല്‍ക്കൂടി ആരാധകരെ വെറുപ്പിച്ചിരിക്കുകയാണ് എക്‌സ് ഫാക്ടറെന്നു ടീം മാനേജ്‌മെന്റ് വിശേഷിപ്പിക്കുന്ന താരം. നാലാം നമ്പറില്‍ ഇറങ്ങിയ റിഷഭ് 49 റണ്‍സാണ് നേടിയത്. 33 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും ഒരു സിക്‌സറുടിച്ചു.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്തയാള്‍ റിഷഭാണെങ്കിലും ഒട്ടും ആധികാരികമായ പ്രകടനമായിരുന്നില്ല ഇത്. ഭാഗ്യവും മോശം ബോളുകളുമെല്ലാമാണ് റിഷഭിനെ 49 റണ്‍സിലെത്തിച്ചത്. തുടക്കം മുതല്‍ തപ്പിത്തടഞ്ഞ അദ്ദേഹത്തിന്റെ ഇന്നിങ്‌സിനു യാതൊരു ഒഴുക്കുമില്ലായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിലെ പ്രകടനം അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഒരു കണ്ണുംപൂട്ടിയടി തന്നെയാണ് ഈ മല്‍സരത്തിലും റിഷഭ് കാഴ്ചവച്ചത്.

ഇതിനിടെ ലങ്കന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിട്ടും ഫുള്‍ ടോസുകള്‍ എറിഞ്ഞുമെല്ലാം റിഷഭിനെ പരമാവധി സഹായിക്കുകയും ചെയ്തു. കൂടാതെ തന്റെ ട്രേഡ്മാര്‍ക്കായ ബാറ്റ് വലിച്ചെറിയലും അദ്ദേഹം ഷോട്ടിനിടെ പുറത്തെടുക്കുകയും ചെയ്തു. ഇല്ലായിരുന്നെങ്കില്‍ വളരെ നേരത്തേ തന്നെ അദ്ദേഹം പുറത്താവുമായിരുന്നു. റിഷഭിന്റെ സ്ലോ ബാറ്റിങ് കാരണമാണ് വമ്പന്‍ തുടക്കം ലഭിച്ചിട്ടും ഇന്ത്യക്കു അതു 230-240 റണ്‍സിലെങ്കിലും എത്തിക്കാന്‍ സാധിക്കാതെ പോയത്. 213 റണ്‍സാണ് ഇന്ത്യക്കു ഏഴു വിക്കറ്റിന നേടാനായത്.
ആദ്യത്തെ 20 ബോളുകള്‍ നേരിട്ട റിഷഭിനു 20 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. 16ാം ഓവര്‍ മുതലാണ് താരം അല്‍പ്പമെങ്കിലും അഗ്രസീവായി വലിയ ഷോട്ടുകള്‍ക്കു തുനിഞ്ഞത്. എങ്കിലും വലിയ ഷോട്ടുകള്‍ക്കു റിഷഭിനെ സഹായിച്ചത് ലങ്കന്‍ ബൗളര്‍മാരുടെ മോശം ബോളുകളായിരുന്നു. 16ാം ഓവറില്‍ റിഷഭ് ഓരോ സിക്‌സറും ഫോറുമടിച്ചു. അടുത്ത ഓവറില്‍ ഒരു ഫോര്‍ നേടിയ അദ്ദേഹം 18ാം ഓവറില്‍ രണ്ടു ഫോറുകളും നേടി. 19ാം ഓവറില്‍ പതിരാനയ്‌ക്കെതിരേ രണ്ടു ഫോറുകളടിച്ച റിഷഭിനെ അടുത്ത ബോളില്‍ അദ്ദേഹം ബൗള്‍ഡാക്കുകയുയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് റിഷഭിനെതിരേ ഉയരുന്നത്. റിഷഭ് പന്തിന്റെ ഈ മല്‍സരത്തിലെ ഇന്നിങ്‌സ് ഇന്ത്യന്‍ ആരാധകരെ വിഡ്ഢികളാക്കരുത്. ടീമിലെ മറ്റു ബാറ്റര്‍മാരെല്ലാം 200ന് മുകൡ സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ റിഷഭ് ആദ്യത്തെ 23 ബോളില്‍ നേടിയത് 20 റണ്‍സ് മാത്രമാണ്. കൂടാതെ മൂന്നു ക്യാച്ചുകള്‍ കൈവിടുകയും ഇവ ബൗണ്ടറികളില്‍ കലാശിക്കുകയും ചെയ്തുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
റിഷഭ് പന്ത് ഈ മല്‍സത്തില്‍ 14.4 ഓവറുകള്‍ വരെ ഡിഫന്‍സീവ് ഷോട്ടുകളാണ് കളിച്ചത്. 19 ബോളുകള്‍ അദ്ദേഹം പാഴാക്കുകയും ചെയ്തു. 240 റണ്‍സെങ്കിലും നേടേണ്ടിയിരുന്ന പിച്ചില്‍ ഒരു ബോളില്‍ ഒരു റണ്‍സെന്ന നിലയിലാണ് റിഷഭ് ബാറ്റ് ചെയ്തത്. 15ാം ഓവറില്‍ തന്നെ ഇന്ത്യന്‍ ടോട്ടല്‍ 200 കടക്കാതെ പോയതിനു കാരണവും അദ്ദേഹമാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.