കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 പരമ്പര 27ന് ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് മുന്നോടിയായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഇരു ടീമുകളുമുള്ളത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷമുള്ള ആദ്യത്തെ പരമ്പരയാണ് നടക്കാന്‍ പോകുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്ത് നിന്ന് മാറ്റി സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ ശ്രീലങ്കയില്‍ ടി20 കളിക്കാന്‍ പോകുന്നത്.
ആതിഥേയരായ ശ്രീലങ്ക സമീപകാലത്തായി അത്ര മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. എന്നാല്‍ പരിശീലകസ്ഥാനത്തേക്ക് സനത് ജയസൂര്യയുടെ വരവോടെ ശ്രീലങ്കയ്ക്ക് പുതു ഊര്‍ജ്ജം ലഭിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് വനിന്‍ഡു ഹസരങ്കയെ മാറ്റുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുന്ന ശ്രീലങ്ക ഇതിനിടെ തന്ത്രപരമായൊരു നീക്കം നടത്തിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ പെര്‍ഫോമന്‍സ് ഡയറക്ടറെ ഒപ്പം കൂട്ടി ക്യാംപ് നടത്തിയിരിക്കുകയാണ് ശ്രീലങ്ക.
സനത് ജയസൂര്യയുടെ ആവശ്യപ്രകാരം കുമാര്‍ സംഗക്കാര ഇടപെട്ടാണ് ഒരാഴ്ച ഇത്തരമൊരു ക്യാംപ് ശ്രീലങ്കന്‍ ടീമിനായി നടത്തിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ കായിക ക്ഷമത ഉയര്‍ത്താനും വലിയ ഷോട്ട് കളിക്കാനുള്ള തന്ത്രം ഉപദേശിക്കുകയും ചെയ്തിരുന്നത് പെര്‍ഫോമന്‍സ് ഡയറക്ടറായ സുബിന്‍ ബറൗച്ചയാണ്. മുന്‍ ഇന്ത്യന്‍ താരമായ അദ്ദേഹത്തിന് നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരുമായും പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുണ്ട്.
ഇവരുടെ കരുത്തും ദൗര്‍ബല്യവും കൃത്യമായി അദ്ദേഹത്തിനറിയാം. രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ യശ്വസി ജയ്‌സ്വാളിന്റേയും ദ്രുവ് ജുറേലിന്റേയും റിയാന്‍ പരാഗിന്റേയുമെല്ലാം വലിയ ഷോട്ട് കളിക്കാനുള്ള മികവ് ഉയര്‍ത്തിയതിന് പിന്നില്‍ സുബിന്റെ തന്ത്രങ്ങളുണ്ട്. വലിയ ഷോട്ട് കളിക്കുമ്പോള്‍ സംഭവിക്കുന്ന സാങ്കേതിക പിഴവ് ശരിയാക്കുന്നതിലാണ് സുബിന്‍ പ്രധാനമായും ശ്രദ്ധ നല്‍കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണും ഇന്ത്യയുടെ ടി20 ടീമിലുണ്ട്. സഞ്ജുവിന്റെ കരുത്തിനൊപ്പം ദൗര്‍ബല്യവും അദ്ദേഹത്തിനറിയാം. ഇത് ശ്രീലങ്കന്‍ താരങ്ങളുമായി പങ്കുവെച്ചാല്‍ സഞ്ജുവിനത് വലിയ തിരിച്ചടിയാവുമെന്ന കാര്യം ഉറപ്പാണ്. സഞ്ജുവിനെ സംബന്ധിച്ച് ശ്രീലങ്കന്‍ പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. യശ്വസി ജയ്‌സ്വാളിനും റിയാന്‍ പരാഗിനും ഇതേ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. എന്തായാലും സുബിന്റെ ക്യാംപ് ശ്രീലങ്കയ്ക്ക് ഗുണം ചെയ്യുമെന്നാണ് ജയസൂര്യ പ്രതീക്ഷിക്കുന്നത്.
ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ഒട്ടുമിക്ക ശ്രീലങ്കന്‍ താരങ്ങളും കളിച്ചിരുന്നു. ഇതിന് ശേഷമാണ് അവര്‍ക്ക് ക്യാംപ് നടത്തിയത്. ഷോട്ടുകള്‍ മെച്ചപ്പെടുത്താനും സാങ്കേതികമായി വലിയ ഷോട്ടുകള്‍ കളിക്കുമ്പോഴുള്ള പിഴവ് നികത്താനുമാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സുബിന്റെ സേവനം തേടിയത്. ആറ് ദിവസത്തെ ക്യാംപാണ് നടത്തിയത്. സാങ്കേതികമായി മാറ്റം വരുത്തേണ്ടത് എവിടെയാണെന്ന് താരങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നാണ് കരുതുന്നത്.
പുതിയ മനോഭാവത്തോടെ ആത്മവിശ്വാസത്തോടെ ഷോട്ട് കളിക്കാന്‍ അവര്‍ക്ക് ഈ ക്യാംപ് സഹായമായിട്ടുണ്ടാവുമെന്നാണ് കരുതുന്നത് എന്നാണ് ജയസൂര്യ പിടിഐയോട് സംസാരിക്കവെ പറഞ്ഞത്. ശ്രീലങ്കയ്ക്ക് മികച്ച താരനിരയുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനായാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പാണ്. ജയസൂര്യ വമ്പനടികള്‍ നടത്തുന്ന ബാറ്റ്‌സ്മാനായിരുന്നു. ഈ മനോഭാവവും പോരാട്ടവീര്യവും താരങ്ങളിലേക്ക് നിറക്കാനാവും അദ്ദേഹം ശ്രമിക്കുക.
ഇന്ത്യന്‍ ടീം ടി20 ലോകകപ്പ് നേടിയതിന് പിന്നാലെയാണ് കളിക്കുന്നതെങ്കിലും വലിയ പൊളിച്ചെഴുത്ത് ടീമില്‍ വന്നിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 മതിയാക്കിയിട്ടുണ്ട്. കൂടാതെ ഗംഭീറിന് കീഴില്‍ വലിയ പൊളിച്ചെഴുത്തും ടീമില്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം എങ്ങനെയാവും ടീമില്‍ മാറ്റം വരുത്തിയിട്ടുള്ളതെന്നതാണ് കണ്ടറിയേണ്ടത്. ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രതികൂലമായി ബാധിക്കുമോയെന്നതും കാത്തിരുന്ന് കാണാം.