കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ടൈയിലൊതുങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 8 വിക്കറ്റിന് 230 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 13 പന്ത് ബാക്കിയാക്കി 230 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യയുടെ ടൈ എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന് തോന്നിച്ചെങ്കിലും ശിവം ദുബെയുടെ പോരാട്ട മികവില്‍ ടൈയിലേക്കെത്തുകയായിരുന്നു. എന്നാല്‍ സ്‌കോര്‍ ടൈയില്‍ നില്‍ക്കവെ ഇന്ത്യക്ക് ഓള്‍ഔട്ടാകേണ്ടി വന്നു.
ഇന്ത്യയുടെ ടൈ തീര്‍ത്തും നിരാശപ്പെടുത്തവെ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മണ്ടന്‍ പരീക്ഷണത്തിനെതിരേ വിമര്‍ശനം ശക്തമാണ്. നാലാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറെ കളിപ്പിക്കാനുള്ള ഗംഭീറിന്റെ തീരുമാനമാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 75 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീട് ഗില്‍ പുറത്തായി. അധികം വൈകാതെ രോഹിത് ശര്‍മയും മടങ്ങി.
ഇന്ത്യ നാലാമനായി വാഷിങ്ടണ്‍ സുന്ദറെയാണ് കളിപ്പിച്ചത്. 4 പന്തില്‍ 1 ബൗണ്ടറിയടക്കം 5 റണ്‍സാണ് സുന്ദര്‍ നേടിയത്. സുന്ദര്‍ പെട്ടെന്ന് മടങ്ങിയതോടെയാണ് ഇന്ത്യയുടെ ബാറ്റിങ് നിരയുടെ താളം തെറ്റിയത്. കെ എല്‍ രാഹുലോ ശ്രേയസ് അയ്യരോ ആയിരുന്നു നാലാം നമ്പറില്‍ കളിക്കേണ്ടിയിരുന്നത്. ഇടം കൈയനെ ആവശ്യമുള്ളതിനാലാണ് സുന്ദറെ നാലാം നമ്പറിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ സുന്ദറായിരുന്നില്ല പകരം അക്ഷര്‍ പട്ടേലിനെ കളിപ്പിക്കണമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
സുന്ദര്‍ പെട്ടെന്ന് പുറത്തായതിന് ശേഷം ശ്രേയസ് 23 റണ്‍സും രാഹുല്‍ 31 റണ്‍സും നേടിയെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. സുന്ദറെ നാലാം നമ്പറില്‍ കളിപ്പിച്ചത് ഒരു തരത്തില്‍ പരീക്ഷണമായിരുന്നു. അക്ഷര്‍ പട്ടേലിനെപ്പോലെ തന്നെ ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കഴിവുള്ള സ്പിന്നറാണ് സുന്ദര്‍. ടെസ്റ്റിലടക്കം സുന്ദര്‍ ഈ ബാറ്റിങ് മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദ സാഹചര്യത്തില്‍ തിളങ്ങാന്‍ സുന്ദറിന് സാധിക്കില്ല.

ബാറ്റിങ് ഓഡറില്‍ അനാവശ്യമായി പരീക്ഷണം നടത്തേണ്ടിയിരുന്നില്ല. ഇത് ഇന്ത്യയെ ടൈയിലേക്കൊതുക്കിയ കാരണങ്ങളിലൊന്നാണെന്ന് പറയാം. ഇന്ത്യയുടെ എല്ലാ താരങ്ങളും ഒരുപോലെ പ്രതിരോധത്തിലേക്ക് ഒതുങ്ങിയതും തോല്‍വിയുടെ കാരണമായി പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രോഹിത് ശര്‍മ കാട്ടിയ ധൈര്യം പിന്നാലെ എത്തിയ ആര്‍ക്കും കാട്ടാനായില്ല. രോഹിത് ശര്‍മ മടങ്ങിയ ശേഷം ശ്രീലങ്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍ക്കുമായില്ല.
മത്സരം മുന്നോട്ട് പോകുന്തോറും പിച്ചില്‍ സ്പിന്നിന്റെ ആധിപത്യം കൂടിക്കൂടി വന്നു. ആദ്യത്തെ 25 ഓവറില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യ ശ്രമിക്കാതിരുന്നതാണ് തിരിച്ചടിയായത്. ശുബ്മാന്‍ ഗില്ലും കെ എല്‍ രാഹുലും ശ്രേയസ് അയ്യരുമെല്ലാം അല്‍പ്പം കൂടി ആക്രമിക്കാന്‍ ശ്രമിക്കണമായിരുന്നു. ശിവം ദുബെ വിജയത്തിന്റെ വക്കോളം ടീമിനെ എത്തിച്ചതാണ്. എന്നാല്‍ ടീം സ്‌കോര്‍ തുല്യതയിലേക്കെത്തിയപ്പോള്‍ ദുബെക്ക് പുറത്താകേണ്ടി വന്നു.
ഇതാണ് ഇന്ത്യയുടെ കൈയെത്തും ദൂരത്ത് വിജയം നഷ്ടപ്പെടുത്തിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യ വിമുഖത കാട്ടിയത് വിജയം നഷ്ടപ്പെട്ടതില്‍ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. ഭാഗ്യവും ഇന്ത്യയെ തുണച്ചില്ലെന്നതാണ് വസ്തുത. രണ്ടാം ഏകദിനത്തിലും സ്പിന്‍ സൗഹൃദ പിച്ചാണ് തയ്യാറാക്കാന്‍ പോകുന്നതെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഇന്ത്യ കൂടുതല്‍ സ്പിന്നര്‍മാരെ ഉപയോഗിക്കണം. ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെല്ലാം പന്തെറിയുന്നവരാണ്.
ഇവരെയെല്ലാം ബൗളിങ്ങിലും കൂടി ഉപയോഗിക്കേണ്ടതാണ്. ഈ തന്ത്രത്തിലൂടെയാണ് ശ്രീലങ്ക ഇന്ത്യയെ ആദ്യ മത്സരത്തില്‍ പൂട്ടിയത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. എന്നാല്‍ ഇവരില്‍ മിക്കവരും ഇടവേളക്ക് ശേഷമാണ് കളിച്ചത്. അത് തിരിച്ചടിയായി. വരുന്ന മത്സരത്തില്‍ ഇന്ത്യ ജയത്തോടെ തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.