മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ വലിയ വിവാദങ്ങളും ചര്‍ച്ചകളുമാണ് നടക്കുന്നത്. ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ആ സ്ഥാനത്തേക്കെത്തിച്ചിരിക്കുകയാണ്. കൂടാതെ ശുബ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും കൊണ്ടുവന്നു. ഇതെല്ലാം വലിയ ചര്‍ച്ചക്കാണ് വഴി തുറന്നിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ ഏകദിന പരമ്പരയില്‍ നിന്ന് തഴയപ്പെടുകയും ചെയ്തു. ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയാണ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഗംഭീറിന്റെ ആദ്യ നീക്കം എന്തൊക്കെ സൂചനകളാണ് നല്‍കുന്നത്?. പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഹാര്‍ദിക് പാണ്ഡ്യക്ക് നായകനെന്ന നിലയില്‍ വലിയ പിന്തുണ ലഭിച്ചേക്കില്ല. രോഹിത് ശര്‍മ നായകനായിരിക്കെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക്കായിരുന്നു.
പരിക്കേറ്റില്ലായിരുന്നെങ്കില്‍ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് ഹാര്‍ദിക്കായിരുന്നു. എന്നാല്‍ ഗംഭീര്‍ പരിശീലകനായതോടെ ഗംഭീറിന് നായകനെന്ന നിലയില്‍ പിന്തുണ നല്‍കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഇതിനോടകം ഐപിഎല്ലിലൂടെ ഹാര്‍ദിക് തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഹാര്‍ദിക്കിന് മികവ് തെളിയിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. എന്നാല്‍ ഇൗ വാതിലാണ് ഗംഭീര്‍ കൊട്ടിയടച്ചത്.
ഇനി ഹാര്‍ദിക്കിന് ടീമില്‍ സ്ഥാനം ലഭിച്ചാലും നായകസ്ഥാനം പ്രതീക്ഷിക്കേണ്ട. ഏകദിനത്തില്‍ 10 ഓവര്‍ പന്തെറിയുന്ന പേസ് ഓള്‍റൗണ്ടറായിട്ടാവും ഹാര്‍ദിക്കിനെ ഗംഭീര്‍ പരിഗണിക്കുക. ടെസ്റ്റിലും ഹാര്‍ദിക്കിനെ കളിപ്പിക്കാനാണ് ഗംഭീറിന്റെ തീരുമാനം. രാഹുല്‍ ദ്രാവിഡ് പരിശീലകനായിരിക്കെ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ പരിഗണനകള്‍ ഹാര്‍ദിക്കിന് ലഭിച്ചിരുന്നു. എന്നാല്‍ ഗംഭീറിന് കീഴില്‍ ഇത് പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ നീക്കം.

ഹാര്‍ദിക്കിന്റെ ഭാവി എന്താണെന്ന് ആദ്യ ടീം പ്രഖ്യാപനത്തിലൂടെത്തന്നെ ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ കാര്യം ഇന്ത്യന്‍ ടീമില്‍ റൊട്ടേഷന്‍ പോളിസിയുണ്ടാവും. വിദേശ രാജ്യങ്ങളടക്കം ഫലവത്തായി ചെയ്യുന്നതാണ് ഈ രീതി. സൂപ്പര്‍ താരങ്ങള്‍ക്കടക്കം വിശ്രമം അനുവദിച്ച് തല്‍സ്ഥാനത്തേക്ക് മറ്റ് യുവതാരങ്ങളെ കൊണ്ടുവന്ന് ജോലിഭാരം നിയന്ത്രിക്കുകയാണ് ഗംഭീര്‍ പദ്ധതിയിടുന്നത്. ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരടക്കം പ്രധാന താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം ലഭിച്ചേക്കും.
ശ്രേയസ് അയ്യരും ബിസിസി ഐയും തമ്മില്‍ ഉടക്കിലാണെങ്കിലും താന്‍ പരിശീലകനാവുമ്പോള്‍ ശ്രേയസിന് അവസരമുണ്ടാവുമെന്നാണ് ഗംഭീര്‍ വ്യക്തമാക്കുന്നത്. ഏകദിന ടീമില്‍ കോലിയുടെ സ്ഥാനത്തേക്ക് ശ്രേയസിനെ പതിയെ എത്തിക്കാനാവും ഗംഭീര്‍ ശ്രമിക്കുക. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. കെ എല്‍ രാഹുലിന്റെ കാര്യത്തിലും ഗംഭീര്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഏകദിന, ടെസ്റ്റ് ടീമില്‍ രാഹുല്‍ സ്ഥിര സാന്നിധ്യമാകുമെങ്കിലും നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ലെന്ന് സൂചിപ്പിക്കുന്നതാണ് ശ്രീലങ്കന്‍ പരമ്പരയിലെ ടീം പ്രഖ്യാപനത്തിലൂടെ വ്യക്തമാവുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും കരിയറിന്റെ അവസാന സമയത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ അവസരത്തില്‍ സീനിയര്‍ താരമെന്ന നിലയില്‍ രാഹുലിന് ക്യാപ്റ്റനായി കൂടുതല്‍ പിന്തുണയും പരിഗണനയും ലഭിക്കേണ്ടതാണ്. എന്നാല്‍ ഇതുണ്ടാകില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
മറ്റൊരു കാര്യം യുവതാരങ്ങളുടെ നല്ലകാലമാണ് വരാന്‍ പോകുന്നത്. മുഖം നോക്കാതെ പ്രകടനം നോക്കി ഗംഭീര്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ട്. റിയാന്‍ പരാഗ്, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് ഏകദിനത്തിലേക്ക് വിളി ലഭിച്ചത് ഇതിന് ഉദാഹരണമാണ്. സഞ്ജു സാംസണിന് ടി20യില്‍ രണ്ടാം കീപ്പറെന്ന സ്ഥാനം നല്‍കാന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തം.
റിഷഭ് പന്ത് നില്‍ക്കുമ്പോള്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കാനാവില്ല. എന്നാല്‍ സഞ്ജുവിന് ഗംഭീറിന്റെ പദ്ധതികളില്‍ കൃത്യമായ സ്ഥാനം ഉണ്ടാവുമെന്ന് വ്യക്തമാക്കുന്നതാണ് ടീം പ്രഖ്യാപനം.