മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്തിയ ശേഷം വലിയ അഴിച്ചുപണിയിലേക്കാണ് ടീം കടന്നിരിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് ഹാര്‍ദിക് പാണ്ഡ്യയെ ടി20 നായകനാക്കാതെ തഴഞ്ഞുവെന്നതാണ്. രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കെ വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ഹാര്‍ദിക്കായിരുന്നു.
ടി20യില്‍ മികച്ച റെക്കോഡുള്ള താരമായിരുന്നിട്ടും ഹാര്‍ദിക്കിനെ ഗംഭീര്‍ തഴഞ്ഞുവെന്നതാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രതികരണങ്ങളും ഉണ്ടാവുന്നുണ്ട്. ഗംഭീര്‍ പരിശീലകനായി തുടരുന്നിടത്തോളം ഇനി ഹാര്‍ദിക്കിന് നായകസ്ഥാനത്തേക്കെത്താനാവില്ലേ?. ഇപ്പോഴിതാ ഹാര്‍ദിക്കിന് മുന്നില്‍ ഗംഭീര്‍ ഒരു നിബന്ധന വെച്ചിരിക്കുകയാണ്. അത് സമ്മതിച്ചാല്‍ നായകസ്ഥാനത്തേക്ക് ഹാര്‍ദിക്കിന് തിരിച്ചെത്താന്‍ സാധിക്കും. അത് എന്താണെന്ന് അറിയാം.
ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലാത്ത ഹാര്‍ദിക് ഇന്ത്യക്കായി കളിക്കുമ്പോള്‍ പലപ്പോഴും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നു. ഇന്ത്യക്കായി 55% മത്സരങ്ങളാണ് പരിക്കിനെത്തുടര്‍ന്ന് ഹാര്‍ദിക്കിന് നഷ്ടമായത്. എന്നാല്‍ ഐപിഎല്ലില്‍ 92% മത്സരങ്ങളും ഹാര്‍ദിക് കളിക്കുന്നുമുണ്ട്. ഇന്ത്യന്‍ ടീമിനെക്കാള്‍ ഹാര്‍ദിക് പ്രാധാന്യം നല്‍കുന്നത് ഐപിഎല്ലിനാണ്.
ഇതില്‍ ഗംഭീറിന് അതൃപ്തിയുണ്ട്. ഇന്ത്യക്കായി കളിക്കുമ്പോള്‍ ഇടക്കിടെ പരിക്കേല്‍ക്കുന്ന പ്രശ്‌നം മാറ്റാന്‍ ആവശ്യമായ ഇടപെടലുണ്ടാവണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെട്ടത്. ഹാര്‍ദിക് ഫിറ്റ്‌നസ് തെളിയിച്ചാല്‍ നായകസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ഗംഭീര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹാര്‍ദിക്കിനോട് ഗംഭീര്‍ സംസാരിച്ചുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിറ്റ്‌നസ് തെളിയിക്കാന്‍ ഹാര്‍ദിക് ഐപിഎല്‍ കളിക്കുകയല്ല ചെയ്യേണ്ടത്.

ഹാര്‍ദിക് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ഗംഭീര്‍ വെച്ചിരിക്കുന്ന നിബന്ധന. രഞ്ജി ട്രോഫി കളിക്കുകയല്ല വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡക്കായി കളിക്കുകയും 10 ഓവര്‍ പന്തെറിയുകയും ചെയ്ത് ഫിറ്റ്‌നസ് തെളിയിക്കണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെടുന്നത്. ഹാര്‍ദിക് ഇതിന് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഹാര്‍ദിക്. ടീമിനുള്ളില്‍ ഹാര്‍ദിക്കിനെ ഒതുക്കാനുള്ള നീക്കം നടക്കുന്നില്ല. ഫിറ്റ്‌നസ് വിലയിരുത്തി തീരുമാനമെടുക്കാനാണ് ഗംഭീര്‍ ശ്രമിക്കുന്നത്.
ഫിറ്റ്‌നസില്ലാത്ത ഹാര്‍ദിക്കിനെ നായകനാക്കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കും. ക്യാപ്റ്റനാവുന്ന താരം പരമാവധി മത്സരങ്ങള്‍ കളിക്കാന്‍ ഫിറ്റ്‌നസുള്ളവനായിരിക്കണമെന്നതാണ് ഗംഭീറിന്റെ നിലപാട്. അതുകൊണ്ടാണ് ഇത്തരത്തില്‍ നിലവില്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. ഫിറ്റ്‌നസ് തെളിയിച്ചാല്‍ ഏകദിനത്തിലും ടി20യിലും ഗംഭീര്‍ മുഖ്യ പരിഗണന നല്‍കുന്ന ഹാര്‍ദിക്കിന് തന്നെയാണെന്നാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.
ഫിറ്റ്‌നസ് തെളിയിക്കാതെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിപ്പിക്കില്ലെന്നും ഗംഭീര്‍ ഹാര്‍ദിക്കിനെ അറിയിച്ചിട്ടുണ്ട്. ഹാര്‍ദിക്കിന് ഗംഭീര്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കിയെന്നും പോസിറ്റീവായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് ടീം വൃത്തം പറയുന്നത്. നിലവിലെ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം സൂര്യകുമാര്‍ യാദവിന് നല്‍കിയത് താല്‍ക്കാലികമായ നടപടി മാത്രമാണ്. ടീമില്‍ ഇനിയും വലിയ മാറ്റങ്ങളുണ്ടാവുമെന്നാണ് ടീം വൃത്തം പറയുന്നത്.
എന്തായാലും ഹാര്‍ദിക് പാണ്ഡ്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഫിറ്റ്‌നസ് പ്രശ്‌നം നേരിട്ടപ്പോഴും ടി20 ലോകകപ്പ് കളിച്ചിട്ടുള്ള താരമാണ് ഹാര്‍ദിക്. എന്നാല്‍ ഈ പരിഗണന ഗംഭീര്‍ നല്‍കില്ല. ഫിറ്റ്‌നസില്ലാത്ത താരങ്ങളെ കളിപ്പിക്കേണ്ടെന്ന ശക്തമായ നിലപാടാണ് ഗംഭീറിനുള്ളത്. അത് യോയോ ടെസ്റ്റല്ല. ഗംഭീറിന്റെ ഫിറ്റ്‌നസ് തന്ത്രം കളിക്കാനുള്ള മികവും ശാരീരിക ക്ഷമതയുമാണ്. അല്ലാതെ ശരീരത്തിന്റെ ഭംഗിയല്ലെന്നും ടീം വൃത്തം പറയുന്നു. ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് തെളിയിച്ചാല്‍ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നുറപ്പ്.