IND vs SL: നയിക്കുക ഹാര്‍ദിക്കോ, രാഹുലോ? സഞ്ജു ഔട്ട്! ഒപ്പം സൂര്യയും, ഇതാവും ഏകദിന ടീം
സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം അതിനു ശേഷം നേരെ പറക്കുക ശ്രീലങ്കയിലേക്കാണ്. ഏകദിന, ടി20 പരമ്പരകളാണ് ലങ്കയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ടി20 ലോകകപ്പിലെ കിരീട വിജയത്തിനു തൊട്ടുപിന്നാലെയുള്ള ടി20 പരമ്പരയായതിനാല്‍ യുവനിര നിരയെയാണ് ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ ഈ മാസം അവസാനത്തോടെ നടക്കുന്ന ലങ്കന്‍ പര്യടനത്തില്‍ ശക്തമായ ടീമിനെയാവും ഇന്ത്യ ഇറക്കുക.
പക്ഷെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കു ഈ പരമ്പരയില്‍ വിശ്രമം നല്‍കുമെന്നാണ് വിവരം. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവരിലൊരാളായിരിക്കും പരമ്പരയില്‍ ടീമിനെ നയിക്കുക. മൂന്നു വീതം ഏകദിന, ടി20 പരമ്പരകളാണ് ലങ്കയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.

അടുത്ത വര്‍ഷമാദ്യം ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നതിനാല്‍ ഇനിയുള്ള ഏകദിന പരമ്പരകളെല്ലാം ഇന്ത്യക്കു തയ്യാറെടുപ്പിനുള്ള അവസരമാണ്. പുതിയ കോച്ചായി ചുമതലയേറ്റെടുത്ത ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഏകദിന പരമ്പര കൂടിയായിരിക്കും ഇത്. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.
ടി20 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ഭുരിഭാഗം പേരുടെയും മടങ്ങിവരവ്ഈ പരമ്പരയില്‍ കണ്ടേക്കും. രോഹിത്തിന്റെ അഭാവത്തില്‍ റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരിലൊരാളായിരിക്കും ഓപ്പണിങ് റോളിലെത്തുക. രണ്ടാമത്തെ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലുമായിരിക്കും. ടി20 ലോകകപ്പില്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന രാഹുലും ശ്രേയസ് അയ്യരും ഈ പരമ്പരയിലൂടെ ഇന്ത്യന്‍ സംഘത്തിലേക്കു തിരികെയെത്തും.
ഇതാടെ ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവിനു സ്ഥാനം നഷ്ടമാവുകയും ചെയ്യും. ശിവം ദുബെയ്ക്കും ടീമില്‍ സ്ഥാനം ലഭിക്കില്ല. ടി20ക്കു പിന്നാലെ ഏകദിനത്തിലും റിങ്കു സിങ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടാവുക രാഹുലും റിഷഭ് പന്തുമായിരിക്കും. രാഹുലിന്റെ മടങ്ങിവരവ് കാരണം സ്ഥാനം നഷ്ടമാവുക മലയാളി താരം സഞ്ജു സാംസണിനായിരിക്കും.
ടി20 ലോകകപ്പില്‍ റിഷഭ് ഫ്‌ളോപ്പായിരുന്നെങ്കിലും ഏകദിനത്തില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡാണ് റിഷഭിനുള്ളത്. അതുകൊണ്ടു തന്നെ ഏകദിനത്തില്‍ അദ്ദേഹം തുടരും. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ റിഷഭിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായത് രാഹുലായിരുന്നു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടാവുക വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള ലീഗ് ഘട്ടത്തിലെ മല്‍സരത്തിനു ശേഷം ഏകദിനത്തിലേക്കുള്ള ഹാര്‍ദിക്കിന്റെ മടങ്ങിവരവ് കൂടിയായിരിക്കും ഇത്. ടി20യില്‍ നിന്നും വിരമിച്ചു കഴിഞ്ഞ ജഡേജ ഏകദിനത്തില്‍ മികച്ച പ്രകടനമായിരിക്കും ലങ്കയ്‌ക്കെതിരേ ലക്ഷ്യമിടുക.
ബൗളിങ് നിരയില്‍ ബുംറയുണ്ടായേക്കില്ല. ജോലിഭാരം കുറയ്ക്കുന്നതിനായി ഈ പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിക്കാനാണ് സാധ്യത. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. കൂട്ടിന് അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരുമുണ്ടാവും. കുല്‍ദീപ് യാദവായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, റിങ്കു സിങ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications