ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി ഗൗതം ഗംഭീര്‍ വന്നപ്പോള്‍ നെറ്റി ചുളിച്ചവര്‍ പലരുമുണ്ടായിരുന്നു. അഗ്രസീവും ചൂടനുമായ ഗംഭീറിനു ഈ റോളില്‍ ക്ലിക്കാവുക ദുഷ്‌കമരായിരിക്കുമെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര 3-0നു തൂത്തുവാരിക്കൊണ്ടാണ് ഈ വിമര്‍ശകര്‍ക്കെല്ലാം അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യ കാത്തിരുന്നത് ഇങ്ങനെയൊരു കോച്ചിനെയാണെന്നു ആരാധകരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ പല പുതിയ പരീക്ഷണങ്ങളും ഗംഭീര്‍ ടീമിലേക്കു കൊണ്ടുവന്നതായി കാണാം. യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ ആശ്രയിക്കാവുന്ന ഒരു ബൗളറായി അദ്ദേഹം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. നേരത്തേ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലോ, സിംബാബ്‌വെയുമായുള്ള തൊട്ടുമുമ്പത്തെ പരമ്പരയിലോ പരാഗിന്റെ ബൗളിങ് മികവ് വേണ്ടത്ര മുതലെടുത്തിരുന്നില്ല. എന്നാല്‍ ഗംഭീര്‍ വന്ന ശേഷം ആദ്യ പരമ്പരയില്‍ തന്നെ പരാഗിനെ ബൗളിങിലെ രഹസ്യയുധമാക്കി മാറ്റിയെടുത്തു.

പരമ്പരയിലെ ആദ്യ ടി20യില്‍ ഡെത്ത് ഓവറില്‍ പന്തെറിഞ്ഞ പരാഗ് മൂന്നു വിക്കറ്റുകളുമായി ബൗളിങില്‍ ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോയായായി മാറിയിരുന്നു. അതിനു ശേഷമുള്ള രണ്ടോവറുകളിലും നാലോവര്‍ വീതം പരാഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇവയില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഭേദപ്പെട്ട രീതിയില്‍ പന്തെറിയാന്‍ താരത്തിനു കഴിഞ്ഞു. ഗംഭീറിനു പരാഗിലുള്ള വലിയ വിശ്വാസം തന്നെയാണ് ഇതു കാണിക്കുന്നത്.
ടീമിലെ ആരെ വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും ബൗളിങില്‍ ഉപയോഗിച്ചേക്കുമെന്ന സൂചന കൂടിയാണ് അവസാന ടി20യില്‍ ഗംഭീര്‍ നല്‍കിയത്. ഇതു വലിയൊരു പ്ലസ് പോയിന്റ് തന്നെയാണ്. ടി20യില്‍ ആറു ബൗളര്‍മാര്‍ മതിയെന്ന സ്ഥിരം ചട്ടക്കൂടുകളെ തകര്‍ത്തെറിയുകയാണ് ഗംഭീര്‍. ആവശ്യമെങ്കില്‍ വിക്കറ്റ് കീപ്പറെപ്പോലും ബൗളിങില്‍ ഗംഭീര്‍ പരീക്ഷിച്ചേക്കുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. അവസാന ടി20യില്‍ ഇന്ത്യക്കു വേണ്ടി 19, 20 ഓവറുകള്‍ ബൗള്‍ ചെയ്തത് റിങ്കു സിങും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായിരുന്നു. ഈ പ്ലാന്‍ ക്ലിക്കാവുകയും ചെയ്തു.
മുമ്പുണ്ടായിരുന്ന കോച്ചുമാരൊന്നും ഇത്ര വലിയ ചൂതാട്ടം ഡെത്ത് ഓവറില്‍ നടത്തിയിട്ടില്ലെന്നു കാണം. അതും ടീം പരാജയത്തിന്റെ വക്കില്‍ നില്‍ക്കെയായിരുന്നു ഈ പരീക്ഷണമെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തലവര മാറ്റി അവരെ ചാംപ്യന്‍മാരാക്കിയതും ഗംഭീറിന്റെ ഇതുപോലെയുള്ള ചില നീക്കങ്ങളായിരുന്നു. ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ ഓപ്പണിങിലേക്കു തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് ഏറ്റവും വലിയ മാസ്റ്റര്‍ സ്‌ട്രോക്ക്.

ലങ്കയുമായുള്ള പരമ്പരയ്ക്കു ശേഷം ഗംഭീറിന്റെ കോച്ചിങ് മിടുക്കിനെ വാനോളം പ്രശംസിക്കുകയാണ് ആരാധകര്‍. 11 ബാറ്റര്‍മാരും 11 ബൗളര്‍മാരും ഒരൊറ്റ ടീമിലെന്നതാണ് ഗൗതം ഗംഭീറിനെ സ്‌പെഷ്യലാക്കി മാറ്റുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
ടീമിനൊപ്പം തനിക്കു ലഭിച്ചിരിക്കുന്നവരെ ഏറ്റലും നന്നായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ഗൗതം ഗംഭീര്‍ നമുക്കു കാണിച്ചു തന്നിരിക്കുകയാണ്. അവസാന രണ്ടോവറില്‍ റിങ്കു സിങ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ബൗള്‍ ചെയ്തുവെന്നത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. സൂര്യയെപ്പോലെ വൈകാതെ മറ്റു മുന്‍നിര ബാറ്റര്‍മാരെയും ബൗളിങില്‍ ഗംഭീര്‍ ഉപയോഗിച്ചേക്കുമെന്നും ആരാധകര്‍ പറയുന്നു.
ഗൗതം ഗംഭീര്‍ ശരിക്കും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ടീമിനോടൊപ്പം പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്കു ഭയമില്ലെന്നു അദ്ദേഹം ആദ്യത്തെ പരമ്പരയില്‍ തന്നെ കാണിച്ചു തന്നു ചില താരങ്ങളെ മാത്രം ആശ്രയിക്കുന്ന പതിവു രീതിയില്‍ നിന്നും ഒരു ടീമെന്ന നിലയില്‍ ഇന്ത്യയെ വളര്‍ത്തിയെടുക്കാന്‍ ഗംഭീറിനു സാധിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.