കൊളംബോ: ശ്രീലയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോല്‍വിക്കു പിന്നാലെ പ്രതിക്കൂട്ടിലായിരിക്കുകയാണ് പുതിയ കോച്ച് ഗൗതം ഗംഭീര്‍. അടുത്തിടെ കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹത്തിനു കീഴില്‍ ഇന്ത്യക്കു നേരിട്ട ആദ്യ തോല്‍വിയായിരുന്നു കഴിഞ്ഞ മല്‍സരത്തിലേത്. ഏറ്റവും ശക്തമായ ടീമിനെ ഇറക്കിയിട്ടും ഇന്ത്യക്കു നേരിട്ട ഈ ദുരന്തം ഗംഭീറിനെ ഉലച്ചിരിക്കുകയാണ്. 32 റണ്‍സിനാണ് രോഹിത് ശര്‍മയെയും സംഘത്തെയും ലങ്ക വാരിക്കളഞ്ഞത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഇന്ത്യന്‍ ബാറ്റിങ് നിര ദുരന്തമായി മാറുകയായിരുന്നു.
240 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് ഇന്ത്യക്കു ആതിഥേയര്‍ നല്‍കിയത്. പക്ഷെ ആദ്യ കളിയിലേതു പോലെ രോഹിത് (64) തിളങ്ങിയതൊഴിച്ചാല്‍ ബാക്കിയെല്ലാവരും ബാറ്റിങില്‍ നിരാശപ്പെടുത്തുകയായിരുന്നു. അക്ഷര്‍ പട്ടേല്‍ (44), ശുഭ്മന്‍ ഗില്‍ (35) എന്നിവരുടെ ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ നാണം കെട്ടേനെ. വിക്കറ്റ് നഷ്ടമില്ലാതെ 96 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് ഇന്ത്യന്‍ ബാറ്റിങ് തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്.

തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും ബാറ്റിങ് നിരയില്‍ നടത്തിയ ഗംഭീറിന്റെ പരീക്ഷണം ടീമിനു തിരിച്ചടിയാവുകയായിരുന്നു. നാലാം നമ്പറില്‍ ശിവം ദുബെയെയും അഞ്ചാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെയും ഇറക്കിയ അദ്ദേഹം ഈ സ്ഥാനങ്ങളിലെ സ്‌പെഷ്യലിസ്റ്റുകളായ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരെ ആറ്, ഏഴ് സ്ഥാനങ്ങളിലേക്കും മാറ്റുകയായിരുന്നു. ഈ പരീക്ഷണം ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. തോല്‍വിയോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-1നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്. ആദ്യ ഏകദിനം ടൈയില്‍ കലാശിച്ചിരുന്നു.
ഗംഭീര്‍ കാണിച്ച മറ്റൊരു അബദ്ധം ടീം സെലക്ഷനിലായിരുന്നു. സ്പിന്നര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്നതാണ് പിച്ചെന്നു ആദ്യ കളിയില്‍ വ്യകതമായിട്ടും സ്ലോ ബൗളറും ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗിനെ ഈ മല്‍സരത്തിലും പുറത്തിരുത്തുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ദുബെയേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ ഈ പിച്ചില്‍ പരാഗിനു സാധിച്ചേനെ. സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഗംഭീറിനു നേരെ ഉയരുന്നത്.
ഗൗതം ഗംഭീറിന്റെ അമിത പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കും. സ്പിന്നര്‍മാരെ അകമഴിഞ്ഞു തുണയ്ക്കുന്ന കൊളംബോയിലെ പിച്ചില്‍ റിയാന്‍ പരാഗിനു പകരം ശിവം ദുബെയെ കളിപ്പിച്ചത് എന്തിനാണ്? സ്ഥിരം ബാറ്റിങ് പൊസിഷനുകളില്‍ നിന്നും ശ്രേസയ് അയ്യരെയും കെഎല്‍ രാഹുലിനെയും താഴേക്കിറക്കിയതിന്റെ ലക്ഷ്യമെന്താണ്? അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും സഞ്ജു സാംസണിനെ തഴഞ്ഞതിന് ഉത്തരമുണ്ടോയെന്നും ആരാധകര്‍ ചോദിക്കുന്നു.

എന്തൊക്കെ മണ്ടത്തരങ്ങളാണ് ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീര്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. ടോപ്പ് ത്രീയില്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ക്കെഴികെ മറ്റാര്‍ക്കും ടീമില്‍ സ്വന്തം ബാറ്റിങ് പൊസിഷന്‍ അറിയില്ല.
കാരണം ഓരോ കളിയിലും പലരുമാണ് വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതു ബാറ്റര്‍മാരെ തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. ഈ രീതിയില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ കോച്ചായി ഗൗതം ഗംഭീറിനു അധികകാലം തുടരാന്‍ സാധിച്ചേക്കില്ല. അദ്ദേഹത്തിന്റെ അമിത പരീക്ഷണങ്ങള്‍ ടീമിനു വലിയ തിരിച്ചടിയായും മാറും. ഇതിന്റെ സൂചനകളാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളും നല്‍കുന്നത്.
ബാറ്റര്‍മാരെ പാര്‍ട്ട് ബൗളര്‍മാരായി ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കം പ്രശംസനീയമാണ്. പക്ഷെ ബാറ്റിങ് ഓര്‍ഡറില്‍ ഗംഭീര്‍ നടത്തുന്ന ചൂതാട്ടങ്ങള്‍ അവസാനിപ്പിച്ചേ തീരൂ. രണ്ടാം ഏകദിനത്തില പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.