ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ രീതിയിലുള്ള ആരാധകരോഷമാണ് മുഖ്യ കോച്ച് ഗൗതം ഗംഭീറും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും നേരിട്ടു കൊണ്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണുള്‍പ്പെടെ ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ച ചില താരങ്ങളെ ഒഴിവാക്കിയതിനു വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും നല്‍കിയ ന്യായീകരണവും ആരാധകരെ കൂടുതല്‍ ക്ഷുഭിതരാക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഈ രണ്ടു പേരും ചേര്‍ന്നു തകര്‍ക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ ആഞ്ഞടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈയിലാണ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഗംഭീറും അഗാര്‍ക്കറും വാര്‍ത്താസമ്മേളനം വിളിച്ചത്. ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്കു യാത്ര തിരിക്കുന്നതിന് മുമ്പായിരുന്നു ഇത്. വാര്‍ത്താസമ്മേളനത്തില്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാന്‍ പോലും ഗംഭീറിനോ, അഗാര്‍ക്കറിനോ സാധിച്ചില്ല. മാത്രമല്ല തങ്ങളുടെ ടീം സെലക്ഷനെ ഇരുവരും ന്യായീകരിക്കുകയും ചെയ്തിരുന്നു.

അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും ലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടു. ടി20 പരമ്പരയില്‍ മാത്രമേ അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളൂ. സഞ്ജുവിനു പകരം റിഷഭ് പന്തും കെഎല്‍ രാഹുലുമാണ് ഏകദിന ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഉള്‍പ്പെട്ടിട്ടുള്ളത്. സഞ്ജുവിനെ തഴഞ്ഞതിനു കൃത്യമായ ഒരു മറുപടി അഗാര്‍ക്കര്‍ നല്‍കിയില്ല. പകരം ടീമില്‍ ഇടം കിട്ടാതെ പോയ മറ്റുള്ളവരെയും കൂടി ഉള്‍പ്പെടുത്തി പൊതുവായ ഒരു വിശദീകരണമാണ് അദ്ദേഹം നല്‍കിയത്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ റിങ്കു സിങിനു ഇടം കിട്ടാതെ പോയതിനെക്കുറിച്ചും അഗാര്‍ക്കര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. സഞ്ജുവിനെ ഏകദിനത്തില്‍ നിന്നും തഴഞ്ഞതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തര്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചതുമില്ല.
സഞ്ജുവിനെക്കൂടാതെ റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ എന്നിവരും ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടു. രണ്ടു പരമ്പരകളിലും ഇവര്‍ക്കു സ്ഥാനമില്ല. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിലൂടെ അരങ്ങേറിയ അഭിഷേക് രണ്ടാം ടി20യില്‍ തന്നെ കന്നി സെഞ്ച്വറി കുറിച്ചിരുന്നു. റുതുരാജും ഈ പരമ്പരയില്‍ ഒരു ഫിഫ്റ്റിയടക്കം നേടി തിളങ്ങിയിരുന്നു.

ടീം പ്രഖ്യാപനത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണമാണ് ഗംഭീറും അഗാര്‍ക്കും നേരിടുന്നത്. ഏകദിനത്തില്‍ നിന്നും സഞ്ജു സാംസണിനെ പുറത്താക്കി, റിഷഭ് പന്തിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. അഭിഷേക് ശര്‍മയെ ടി20 ടീമില്‍ നിന്നും തഴഞ്ഞു, റിയാന്‍ പരാഗിനെ ടി20, ഏകദിന ടീമുകളിലുള്‍പ്പെടുത്തി.
റുതുരാജ് ഗെയ്ക്വാദിനെ ടി20 ടീമില്‍ നിന്നുമൊഴിവാക്കി, അടുത്ത ബാബര്‍ ആസമായ ശുഭ്മന്‍ ഗില്ലിനെ ടി20, ഏകദിന ടീമുകളുടെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു. ഈ തീരുമാനങ്ങളെയെല്ലാം അജിത് അഗാര്‍ക്കറും ഗൗതം ഗംഭീറും ന്യായീകരിക്കുകയും ചെയ്തു. ഈ രണ്ടു പേരും ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ക്കുമെന്നും ആരാധകര്‍ ആഞ്ഞടിച്ചു.
വളരെ പക്ഷപാതപരമായ രീതിയിലാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. അവസാന ഏകദിനത്തില്‍ സെഞ്ച്വറിയുണ്ടായിട്ടും എന്തിനാണ് സഞ്ജു സാംസണിനെ കണ്ടില്ലെന്നു നടിച്ചത്? ടി20യില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന റിഷഭ് പന്തിന് വീണ്ടും ടി20 ടീമില്‍ അവസരം നല്‍കിയകിനു പിന്നില്‍ എന്തു ലോജിക്കാണുള്ളത്? സിംബാബ്‌വെ പര്യടനത്തില്‍ തിളങ്ങിയ അഭിഷേക് ശര്‍മ, റുതുരാജ് എന്നിവര്‍ക്കു പകരം ഫ്‌ളോപ്പായ റിയാന്‍ പരാഗിനു ടീമില്‍ നിലനിര്‍ത്തിയത് എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു.