മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗംഭീര്‍ ചുമതലയേറ്റെടുത്തിരിക്കുകയാണ്. വലിയ അഴിച്ചുപണി നടത്താനുള്ള നീക്കമാണ് ഗംഭീര്‍ നടത്തുന്നത്. ഇതിനോടകം ഗംഭീറിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ അടുത്ത ടി20 നായകന്‍ ആകാനിരിക്കെ ഹാര്‍ദിക്കിനെ മറികടന്ന് ഇഷ്ടക്കാരനായ സൂര്യകുമാര്‍ യാദവിനെ നായകനാക്കാന്‍ ഗംഭീര്‍ നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം.
ഇതിനെതിരേ വ്യാപകമായ ട്രോളുകളാണ് ഉയരുന്നത്. ഇപ്പോഴിതാ ഗംഭീര്‍ വന്നതോടെ ഇന്ത്യന്‍ ടീമില്‍ സജീവമാകാന്‍ സാധ്യതയുള്ള രണ്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഗംഭീറിന്റെ ബാല്യകാല പരിശീലകനായിട്ടുള്ള സഞ്ജയ് ഭരദ്വാജ്. അത് കുല്‍ദീപ് യാദവും നവദീപ് സൈനിയുമാണെന്നാണ് അദ്ദേഹം പറയുന്നത്. ഗംഭീര്‍ ഇവരുടെ കരിയറിന് കൂടുതല്‍ പിന്തുണ നല്‍കുമെന്നാണ് കരുതുന്നതെന്നാണ് സഞ്ജയ് പറയുന്നത്.
'കുല്‍ദീപ് യാദവ്, നവദീപ് സൈനി തുടങ്ങിയ താരങ്ങള്‍ക്ക് ഗംഭീര്‍ കൂടുതല്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ വളര്‍ത്തിയത് ഗംഭീറാണ്. വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്‌നെ ഓള്‍റൗണ്ടറാക്കിയ പോലുള്ള പരീക്ഷണങ്ങള്‍ ഗംഭീറില്‍ നിന്ന് പ്രതീക്ഷിക്കാം. അവന്റെ ക്രിക്കറ്റ് ബുദ്ധിയും നിരീക്ഷണങ്ങളും വളരെ മികച്ചതാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാന്‍ ഗംഭീര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
കെകെആറിനെ മൂന്ന് തവണ കപ്പിലേക്കുമെത്തിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവന്‍ തയ്യാറാണ്. രാജ്യത്തിന്റെ പ്രതീക്ഷയും വിശ്വാസവും ഗംഭീര്‍ കാക്കും' സഞ്ജയ് പറഞ്ഞു. നവദീപ് സൈനി ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയ പേസറാണ്. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തിലെറിയാന്‍ കഴിവുണ്ട്. എന്നാല്‍ സ്ഥിരതയുള്ള ബൗളറല്ല. തല്ലുകൊള്ളിയാണെന്ന് പറയാം. ഇന്ത്യക്കായി കളിച്ചപ്പോഴൊന്നും വലിയ മികവ് കാട്ടാന്‍ താരത്തിനായില്ല.

പരിക്കിന്റെ പിടിയിലായതോടെ ഐപിഎല്ലിലും അവസരം കുറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീറിന് കീഴില്‍ വളര്‍ന്ന താരങ്ങളാണ് ഇവര്‍. 2019ലാണ് സൈനി ഇന്ത്യക്കായി ടി20, ഏകദിന അരങ്ങേറ്റം നടത്തുന്നത്. 2021-22ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീമിലാണ് അവസാനമായി സൈനിക്ക് ഇടം ലഭിച്ചത്. ടെസ്റ്റില്‍ നാല് വിക്കറ്റും ഏകദിനത്തില്‍ ആറും ടി20യില്‍ 13 വിക്കറ്റുമാണ് സൈനി നേടിയത്. നിലവില്‍ സെലക്ടര്‍മാര്‍ യാതൊരു പരിഗണനയും സൈനിക്ക് നല്‍കുന്നില്ല.
31കാരനായ താരത്തിന് ഐപിഎല്ലിലും വലിയ ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് കടുപ്പമാണ്. ഡല്‍ഹി താരമെന്ന നിലയില്‍ സൈനിക്ക് ഗംഭീര്‍ പിന്തുണ നല്‍കുമെന്നും കരിയര്‍ വീണ്ടെടുക്കാന്‍ സഹായം ചെയ്യുമെന്നുമാണ് സഞ്ജയ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് എളുപ്പമാവില്ല. മികച്ച യുവ പേസര്‍മാര്‍ അവസരം തേടവെ സൈനിക്ക് തിരിച്ചുവരാന്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്.
ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിക്കാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് കാട്ടണമെന്ന് ഗംഭീര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഐപിഎല്ലിലെ പ്രകടനം മാത്രം നോക്കി ഇനി അവസരം ലഭിക്കില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. കൂടാതെ താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കാനും ഗംഭീര്‍ വ്യക്തമായ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്. റിഷഭ് പന്തിനെ ടി20യില്‍ നിന്ന് മാറ്റി ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ കളിപ്പിക്കാന്‍ ഗംഭീര്‍ നീക്കം നടത്തുന്നുണ്ട്.
ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്താണ്. 2018ലേറ്റ പരിക്കിന് ശേഷം ടെസ്റ്റ് കളിക്കാന്‍ ഹാര്‍ദിക് തയ്യാറായിട്ടില്ല. എന്നാല്‍ ഹാര്‍ദിക്കിനെ ടെസ്റ്റ് കളിപ്പിക്കാനാണ് ഗംഭീറിന്റെ തീരുമാനം. ഹാര്‍ദിക്കാണ് അടുത്തതായി ഇന്ത്യയുടെ ടി20 നായകനാവേണ്ടത്. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ടി20 നായകനാക്കാനുള്ള നീക്കമാണ് ഗംഭീര്‍ നടത്തുന്നത്.