കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന മല്‍സരത്തിലേറ്റ പരാജയം ഇന്ത്യന്‍ ടീമിനെയാകെ ഉലച്ചിരിക്കുകയാണ്. 32 റണ്‍സിന്റെ അവിശ്വസനീയ വിജയമാണ് ചരിത് അസലെന്‍ക നയിച്ച ലങ്കന്‍ ടീം സ്വന്തമാക്കിയത്. നേരത്തേ ആദ്യ മല്‍സരത്തില്‍ ടൈ വഴങ്ങിയ രോഹിത് ശര്‍മയും സംഘവും രണ്ടാമങ്കത്തില്‍ സട കുടഞ്ഞെഴുന്നേല്‍ക്കുമെന്നാണ് ആരാധകര്‍ മുഴുവന്‍ പ്രതീക്ഷിച്ചത്. പക്ഷെ അവരെ തീര്‍ത്തും നിരാശപ്പെടുത്തിയാണ് ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.
ഈ പരാജയം ഇന്ത്യക്കുണ്ടാക്കുന്ന നാണക്കേട് ചെറുതൊന്നുമല്ല. കാരണം അഞ്ചു മുന്‍നിര ബൗളര്‍മാരില്ലാതെയാണ് ലങ്ക ഈ പരമ്പരയില്‍ കളിക്കുന്നത്. എന്നിട്ടും അവര്‍ക്കു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ടീമിനെ മലര്‍ത്തിയടിക്കാന്‍ കഴിഞ്ഞുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. പേസര്‍മാരായ മതീശ പതിരാന, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര, ദില്‍ഷന്‍ മധുഷങ്ക, സ്പിന്നര്‍ വനിന്ദു ഹസരംഗ എന്നിവരൊന്നും ലങ്കന്‍ നിരയിലില്ല.

പരിക്കു കാരണമാണ് ഇവര്‍ക്കു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നത്. ഹസരംഗ ആദ്യ ഏകദിനം കളിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ക്കു രണ്ടു കളിയും നഷ്ടമായി. ഇത്രയും ബൗളര്‍മാരെ ലങ്കയ്ക്കു കൂട്ടത്തോടെ നഷ്ടമായപ്പോള്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പകരക്കാരായി എത്തിയ ബൗളര്‍മാരെ വച്ച് ലങ്കന്‍ ക്യാപ്റ്റന്‍ അസലന്‍ക അദ്ഭുതങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ക്കുന്നതില്‍ അസലന്‍കയും നിര്‍ണായക പങ്കുവഹിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ തീര്‍ത്തത് വെറ്ററന്‍ സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സായ് ആണ്. 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. അസലെന്‍ക മൂന്ന വിക്കറ്റും പിഴുതപ്പോള്‍ ഒരാള്‍ റണ്ണൗട്ടാവുകയായിരുന്നു. 241 റണ്‍സെന്നത് ഇന്ത്യയെ സംബന്ധിച്ച് ചേസ് ചെയ്യാന്‍ ദുഷ്‌കരമായ ടോട്ടലായിരുന്നില്ല.
ക്യാപ്റ്റന്‍ രോഹിത്തും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് വളരെ മികച്ച തുടക്കം ടീമിനു നല്‍കുകയും ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ 97 റണ്‍സാണ് ഈ ജോടി കൂട്ടിച്ചേര്‍ത്തത്. വെറും 13.3 ഓവറിലായിരുന്നു ഇത്. ഇന്ത്യ അനായാസം ഈ കളി ജയിക്കുമെന്നു ഉറപ്പിച്ച നിമിഷമായിരുന്നു ഇത്. എന്നാല്‍ രോഹിത്തിനെ മടക്കിയ വാന്‍ഡര്‍സായ് ലങ്കയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു.
പിന്നീട് അങ്ങോട്ട് ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര പതറുന്നതാണ് കണ്ടത്. രണ്ടു ഭാഗത്തും സ്പിന്നര്‍മാരെ നിയോഗിച്ച ലങ്കന്‍ നായകന്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ലങ്കന്‍ സ്പിന്നര്‍മാരുടെ കറങ്ങുന്ന പന്തുകളെ എങ്ങനെ നേരിടണമെന്നു പോലും ഇന്ത്യക്കാര്‍ക്കു അറിയില്ലായിരുന്നു. പിച്ച് ചെയ്ത് കറങ്ങി അകത്തേക്കു കയറിയ ബോളുകള്‍ പാഡിലും വിക്കറ്റിലുമെല്ലാം പതിച്ചപ്പോള്‍ അവരുടെ ഘോഷയാത്ര തുടങ്ങി.

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും കഴിയാതെ ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍മാര്‍ പാടുപെട്ടത് ദയനീയ കാഴ്ച തന്നെയായിരുന്നു. മുമ്പെല്ലാം സ്പിന്നര്‍മാരെ നേരിടുന്നതില്‍ കേമന്‍മാരുടെ നിരയിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. പക്ഷെ ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമായി അവര്‍ മാറിയിരിക്കുകയാണ്. അതു ശരിവയ്ക്കുന്നതായിരുന്നു ഈ മല്‍സരത്തില്‍ ബാറ്റിങ്‌നിരയുടെ കൂട്ടത്തകര്‍ച്ച.
ബാറ്റിങ് ലൈനപ്പില്‍ ഗംഭീര്‍ നടത്തിയ അനാവശ്യ പരീക്ഷണവും ഇന്ത്യക്കു വിനയായി മാറി. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കു പകരം ശിവം ദുബെയെയും അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുലിനു പകരം അക്ഷര്‍ പട്ടേലിനെയും പരീക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വലിയ മണ്ടത്തരായിരുന്നു.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയവരാണ് ശ്രേയസും രാഹുലും. അതുകൊണ്ടു തന്നെ ഇവരെ ഈ റോളില്‍ തന്നെ കളിപ്പിക്കേണ്ടതും പ്രധാനമായിരുന്നു. പക്ഷെ ഗംഭീര്‍ ഇതിനു തയ്യാറാവാതിരുന്നത് കൂട്ടത്തകര്‍ച്ചയ്ക്കും തോല്‍വിക്കും വഴി തുറക്കുകയായിരുന്നു.