കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം പന്തെറിയുകയാണ്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടമായപ്പോള്‍ ശ്രീലങ്കന്‍ നായകന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ജയിക്കേണ്ട കളി ഇന്ത്യ ടൈയാക്കിയപ്പോള്‍ രണ്ടാം മത്സരത്തിലും അനായാസ ജയം തട്ടിത്തെറിപ്പിച്ചു. പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീമിനെ പിന്നോട്ടടിച്ചത്.
മൂന്നാം മത്സരത്തില്‍ ജയിക്കാത്ത പക്ഷം ഇന്ത്യക്ക് പരമ്പര കൈവിടേണ്ടതായി വരും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിചിത്രമായ പൊളിച്ചെഴുത്തല്‍ നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. 9 ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാണ് ഇന്ത്യ പ്ലേയിങ് 11 ഇറക്കിയതെന്നതാണ് എടുത്തു പറയേണ്ടത്. കുല്‍ദീപ് യാദവും മുഹമ്മദ് സിറാജുമൊഴികെ മറ്റെല്ലാവരും ബാറ്റ് ചെയ്യുന്നവരാണ്.
ഇന്ത്യ പ്രധാനമായും വരുത്തിയ മാറ്റം കെ എല്‍ രാഹുലിനെ പുറത്തിരുത്തിയെന്നതാണ്. ആദ്യ രണ്ട് മത്സരത്തിലും രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍. ആദ്യ മത്സരത്തില്‍ തിളങ്ങിയ രാഹുലിന് രണ്ടാം മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഇതോടെ മൂന്നാം മത്സരത്തില്‍ നിന്ന് രാഹുലിനെ മാറ്റി റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി തിരിച്ചുവിളിക്കുകയായിരുന്നു. കൂടാതെ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് വിശ്രമം നല്‍കിയപ്പോള്‍ പകരം റിയാന്‍ പരാഗിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തി.
ഇതോടെ ഇന്ത്യയുടെ പ്ലേയിങ് 11ലെ ഒമ്പത് താരങ്ങളും ബാറ്റ്‌സ്മാന്‍മാരായി മാറിയിരിക്കുകയാണ്. എന്നാല്‍ ഗംഭീറിന്റെ പരിഷ്‌കാരത്തെ ട്രോളുകയാണ് ആരാധകര്‍. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ പരീക്ഷണം നടത്തുന്നത് തുടര്‍ന്നാല്‍ ടീം തകരുമെന്നാണ് ആരാധകര്‍ പറയുന്നത്. ഗംഭീര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ചാപ്പലിന്റെ പാതയിലാണ് ഗംഭീര്‍ പോകുന്നതെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഗൗതം ഗംഭീര്‍ ഇത്തരമൊരു മാറ്റം വരുത്താന്‍ മറ്റൊരു കാരണവുമുണ്ട്.

പിച്ച് സ്പിന്നിന് അനുകൂലമാണ്. പേസര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ് കൊളംബോയിലുള്ളത്. ഈ സാഹചര്യത്തില്‍ ശ്രീലങ്കയുടെ അതേ സ്പിന്‍ തന്ത്രം തിരിച്ചുപയറ്റാനാണ് ഗംഭീര്‍ ശ്രമിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പിച്ചിലെ സ്പിന്‍ ആധിപത്യം മുതലാക്കാന്‍ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരുണ്ട്. റിയാന്‍ പരാഗിനെ സ്പിന്നറായും ഉപയോഗിക്കാം. രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരും പന്തെറിയുന്നവരാണ്.
മീഡിയം പേസറായി ശിവം ദുബെയുണ്ട്. അതുകൊണ്ടുതന്നെ ഇവരെയെല്ലാം ഉപയോഗിച്ച് സ്പിന്‍ കെണിയില്‍ ശ്രീലങ്കയെ പെടുത്താമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. എന്നാല്‍ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാണ്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് അല്‍പ്പം കൂടി എളുപ്പമാണ്. കാരണം രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ 25 ഓവര്‍ കഴിഞ്ഞ ശേഷം പിച്ചിന്റെ സ്വഭാവം നന്നായി മാറുന്നുണ്ട്. നല്ല ടേണ്‍ പിച്ചില്‍ ലഭിക്കുമ്പോള്‍ അത് മുതലാക്കാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് സാധിക്കുന്നു.
എന്നാല്‍ ഈ സ്പിന്‍ മികവിനെ മറികടക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിവുണ്ട്. എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കുമാവുന്നില്ല. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നിട്ടാണ് കളി കൈവിട്ടത്. ഈ പിഴവ് മൂന്നാം മത്സരത്തില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യക്ക് വലിയ ഭീഷണിയാണെന്ന് നിസംശയം പറയാം.
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക- അവിഷ്‌ക ഫെര്‍ണാണ്ടോ, പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെന്‍ക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, ദുനിത് വെല്ലാലഗെ, അഖില ധനഞ്ജയ, ജെഫ്രി വാന്‍ഡര്‍സായ്, അസിത ഫെര്‍ണാണ്ടോ.