
പ്രമുഖ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായ താരം. പകരക്കാരനായി ടീമിലേക്കു വന്നരിക്കുന്നത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. കൊവിഡ് പിടിപെട്ടതു കാരണം വിശ്രമത്തിലായിരുന്നു താരം. ഇപ്പോള്‍ രോഗമുക്തി നേടിയതോടെയാണ് അക്ഷറിനെ ടീമിലേക്കു തിരിച്ചുവിളിച്ചത്.
ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കുല്‍ദീപിനു ഇടം ലഭിച്ചിരുന്നില്ല.

പരിചയസമ്പന്നരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം ജയന്ത് യാദവും ചേര്‍ന്നായിരുന്നു സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ജഡേജയും അശ്വിനും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. പക്ഷെ ജയന്തിനു കളിയില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനായില്ല. രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. അതുകൊണ്ടു തന്നെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ജയന്തിനു പകരം അക്ഷര്‍ പ്ലെയിങ് ഇലവനിലേക്കു വരാന്‍ സാധ്യത കൂടുതലാണ്

ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തിയിരിക്കുന്നത്. പരിക്കു കാരണം ഈ വര്‍ഷമാദ്യം നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ഏകദിന, ടി20 പരമ്പരകളും അക്ഷറിനു നഷ്ടമായി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നു.
പരിക്കില്‍ നിന്നും മോചിതനായി തിരിച്ചുവരാന്‍ തയ്യാറെടുക്കെയായിരുന്നു അക്ഷറിനു കൊവിഡ് പിടിപെട്ടത്. ഇതേ തുടര്‍ന്ന് മടങ്ങിവരവ് വീണ്ടും നീണ്ടു. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് താരം ദേശീയ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പ്രിയാങ്ക് പഞ്ചാല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍).

അതേസമയം, ആദ്യ ടെസ്റ്റിലേക്കു വന്നാല്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ആദ്യമായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ഇന്ത്യ ലങ്കയെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. വെറും മൂന്നു ദിവസം കൊണ്ടാണ് ദിമുത് കരുണരത്‌നെ നയിച്ച ലങ്കയെ ഇന്ത്യ നിഷ്പ്രഭരാക്കിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 574 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പുറത്താവാതെ 175 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ അവിസ്മരണീയ ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്. 228 ബോളില്‍ 17 ബൗണ്ടറികളും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

മറുപടി ബാറ്റിങില്‍ രണ്ടിന്നിങ്‌സിലും ലങ്കയ്ക്കു 200 തികയ്ക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ 174 റണ്‍സിന് പുറത്തായി ഫോളോഓണ്‍ നേരിട്ട ലങ്ക രണ്ടാമിന്നിങ്‌സില്‍ 178നും കൂടാരം കയറി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാമിന്നിങ്‌സില്‍ നാലുമടക്കം ഒമ്പതു വിക്കറ്റുകളെടുത്ത ജഡേജയാണ് ബൗളിങിലും ഇന്ത്യയുടെ ഹീറോയായത്. ആര്‍ അശ്വിന്‍ രണ്ടിന്നിങ്‌സിലുമായി ആറം വിക്കറ്റുകള്‍ നേടി.


Click it and Unblock the Notifications