പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. 43 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 213 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് കൂടാരം കയറി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ മിടുക്കുകാട്ടിയപ്പോള്‍ ആതിഥേയരായ ശ്രീലങ്ക മുട്ടുമടക്കുകയായിരുന്നു. നായകനെന്ന നിലയില്‍ സൂര്യകുമാറിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
ജയത്തോടെ തുടങ്ങാന്‍ സൂര്യകുമാറിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. പേരിന് നായകനാവാതെ മുന്നില്‍ നിന്ന് ഇന്ത്യയെ ജയിപ്പിക്കാന്‍ സൂര്യക്ക് സാധിച്ചു. 26 പന്തില്‍ 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 58 റണ്‍സ് നേടിയാണ് സൂര്യ പുറത്തായത്. കളിയിലെ താരമാകാനും സൂര്യക്കായി. ഇപ്പോഴിതാ സൂര്യകുമാര്‍ ബൗളര്‍മാരുടെ നായകനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍. മറ്റൊരു നായകനുമില്ലാത്ത സവിശേഷത സൂര്യക്കുണ്ടെന്നും അക്ഷര്‍ ചൂണ്ടിക്കാട്ടി.
'സൂര്യഭായിയുടെ ക്യാപ്റ്റന്‍സിയില്‍ അവസാന ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഞാന്‍ കളിച്ചിരുന്നു. അദ്ദേഹം ബൗളര്‍മാരുടെ നായകനാണെന്ന് എനിക്കറിയാം. സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എപ്പോഴും നല്‍കും. എപ്പോഴെങ്കിലും അടികിട്ടിയാല്‍ ഓടി അടുത്തുവന്ന് അത് നല്ല പന്തായിരുന്നുവെന്ന് പറയും. എപ്പോഴും ആത്മവിശ്വാസം നല്‍കും. താരമെന്ന നിലയില്‍ സൂര്യകുമാറുമായി അടുത്ത ബന്ധമാണുള്ളത്.
ആദ്യ ഓവറുകളില്‍ റണ്‍സ് വഴങ്ങിയപ്പോള്‍ തന്ത്രങ്ങള്‍ പറഞ്ഞുതന്നു. സിക്‌സോ ഫോറോ പോയാലും പ്രശ്‌നമില്ലെന്നും പറഞ്ഞു. ഒരു ബൗളറെന്ന നിലയില്‍ അത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. നിനക്ക് അതിന് സാധിക്കുമെന്ന് പറഞ്ഞ് ഒരു നായകന്‍ പിന്തുണക്കുമ്പോള്‍ അത് വലിയ ശക്തിയാണ് ' അക്ഷര്‍ പട്ടേല്‍ പറഞ്ഞു. സൂര്യകുമാറിന്റെ മികച്ച ക്യാപ്റ്റന്‍സി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്ന് പറയാം.

ഇന്ത്യ മുന്നോട്ടുവെച്ച 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക ഒരു ഘട്ടത്തില്‍ വിക്കറ്റ് പോവാതെ 84 റണ്‍സെന്ന നിലയിലായിരുന്നു. അവിടെ നിന്ന് 170ന് ഓള്‍ഔട്ട് എന്ന നിലയിലേക്ക് ശ്രീലങ്കയെ ഒതുക്കിയതിന് പിന്നില്‍ സൂര്യയുടെ നായക മികവായിരുന്നു. റിയാന്‍ പരാഗിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും അര്‍ഷ്ദീപ് സിങ്ങിന്റേയും അക്ഷര്‍ പട്ടേലിന്റേയും രണ്ട് വിക്കറ്റ് പ്രകടനവും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. മുഹമ്മദ് സിറാജും രവി ബിഷ്‌നോയിയും ഓരോ വിക്കറ്റും വീഴ്ത്തി.
നായകനെന്ന നിലയില്‍ സൂര്യയുടെ തുടക്കം മോശമായില്ല. ഈ പരമ്പര നേടിക്കൊടുക്കാന്‍ സൂര്യക്ക് സാധിക്കുമെന്ന് തന്നെ കരുതാം. സൂര്യ ക്യാപ്റ്റനെന്ന നിലയില്‍ ഇതേ മികവ് തുടര്‍ന്നാല്‍ 2026ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ സൂര്യകുമാര്‍ നയിക്കാനാണ് സാധ്യത. എല്ലാവരോടും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് സൂര്യ. അതുകൊണ്ടുതന്നെ സഹതാരങ്ങളുടെ പിന്തുണയും സൂര്യകുമാര്‍ യാദവിന് ലഭിക്കുന്നുണ്ട്.
ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള കാരണം തന്നെ സഹതാരങ്ങളുടെ പിന്തുണക്കുറവായിരുന്നു. സൂര്യ ഇതേ മികവ് തുടര്‍ന്നാല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നായകസ്ഥാനത്തേക്ക് മടങ്ങിവരവ് സ്വപ്‌നം മാത്രമാവും. രോഹിത് ശര്‍മയും വിരാട് കോലിയും അവസാന ടി20 ലോകകപ്പോടെ ടി20യില്‍ നിന്ന് വിരമിച്ചിരുന്നു. ഇവരുടെ അഭാവം ഇന്ത്യയെ ബാധിക്കാത്ത തരത്തില്‍ യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും അവസരത്തിനൊത്ത് ഉയരുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.
ശുബ്മാന്‍ ഗില്ലിനെ ഓപ്പണറെന്ന നിലയില്‍ ഗംഭീറും സൂര്യകുമാറും പിന്തുണക്കുന്നു. പതിയെ നിലയുറപ്പിച്ച് അതിവേഗം റണ്‍സുയര്‍ത്തുന്നതായിരുന്നു ശുബ്മാന്റെ ശൈലി. എന്നാല്‍ ഒന്നാം ടി20യില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശുബ്മാന്‍ ശ്രമിച്ചത്. 16 പന്തില്‍ 34 റണ്‍സ് നേടി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചു. യശ്വസി ജയ്‌സ്വാള്‍ 21 പന്തില്‍ 40 റണ്‍സാണ് നേടിയത്.