കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ സമനില വഴങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റിന് 230 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ശ്രീലങ്കന്‍ സ്പിന്നര്‍മാരുടെ മികവിന് മുന്നില്‍ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നുവെന്ന് പറയാം. ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണമായത് അര്‍ഷ്ദീപ് സിങ്ങിന്റെ പുറത്താകലാണ്.
സ്‌കോര്‍ തുല്യതയില്‍ നില്‍ക്കവെ അവസാനക്കാരനായ അര്‍ഷ്ദീപ് നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് ശ്രമിച്ചപ്പോള്‍ എല്‍ബിയില്‍ കുടുങ്ങി പുറത്താവുകയായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ ഒരു സിംഗിള്‍ മാത്രം വേണമെന്നിരിക്കെ അര്‍ഷ്ദീപിന്റെ മോശം ഷോട്ട് സെലക്ഷനാണ് തോല്‍വിക്ക് കാരണമായതെന്ന് പറയാം. അതുകൊണ്ടുതന്നെ ശക്തമായ വിമര്‍ശനമാണ് ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപിനെതിരേ ഉയരുന്നത്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് അര്‍ഷ്ദീപ് ഇത്തരമൊരു സാഹസം കാട്ടിയതെന്ന ചോദ്യമുയര്‍ത്തുകയാണ് മുന്‍ ഇന്ത്യ പേസറായ ദൊഡ്ഡ ഗണേഷ്. 'വാലറ്റക്കാരനില്‍ നിന്ന് വലിയ റണ്‍സ് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ മത്സരത്തെക്കുറിച്ചുള്ള സാമാന്യ ബോധം എല്ലാ കളിക്കാര്‍ക്കും ആവശ്യമാണ്. അര്‍ഷ്ദീപ് സിങ്ങിന്റെ ആ ഷോട്ട് പരിശീലകന്‍ ഗൗതം ഗംഭീറിനെ തൃപ്തിപ്പെടുത്താനാണോ?. എക്‌സിലൂടെ ഗണേഷ് ചോദിച്ചു.
ഈ ടൈ ശ്രീലങ്കന്‍ ബൗളര്‍മാരുടെ മികവിന്റെ അംഗീകാരമാണെന്നും ശ്രീലങ്കയുടെ അഭിമാനം ഉയര്‍ത്തുന്ന നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കന്‍ ടീമിനെ സംബന്ധിച്ച് ടി20 പരമ്പരയില്‍ മൂന്ന് മത്സരവും തോല്‍ക്കേണ്ടി വന്ന വലിയ നാണക്കേടിന്റെ ഭാരത്തോടെയാണ് ഏകദിന പരമ്പരക്കിറങ്ങിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ത്തന്നെ മികച്ച ബൗളിങ് പ്രകടനത്തോടെ ഇന്ത്യയെ ടൈയില്‍ കുരുക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

അര്‍ഷ്ദീപ് സിങ് അല്‍പ്പം ക്ഷമ കാട്ടിയിരുന്നെങ്കില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. നേരിട്ട ആദ്യ പന്തില്‍ത്തന്നെ വലിയ ഷോട്ട് കളിച്ച് മത്സരം ഫിനിഷ് ചെയ്യാമെന്നാണ് അര്‍ഷ്ദീപ് കരുതിയത്. ശ്രീലങ്ക കൂടുതല്‍ ഫീല്‍ഡര്‍മാരെ സര്‍ക്കിളിനുള്ളില്‍ നിര്‍ത്തി അര്‍ഷ്ദീപിന് സമ്മര്‍ദ്ദം നല്‍കിയിരുന്നു. ഇതോടെ വലിയ ഷോട്ടിന് അര്‍ഷ്ദീപ് ശ്രമിക്കുകയായിരുന്നു. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് വലിയ മുന്‍തൂക്കം പിച്ചിലുണ്ടായിരുന്നു.
ഇത് മനസിലാക്കാതെ അര്‍ഷ്ദീപ് വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് പിഴച്ചു. ഇതോടെ എല്‍ബിയില്‍ കുടുങ്ങുകയും ഇന്ത്യ ജയിക്കേണ്ട കളി ടൈയാവുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ജയം നിഷേധിച്ചതില്‍ അര്‍ഷ്ദീപിനെ പഴിച്ചിട്ട് കാര്യമില്ല. ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം കളിമറന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നായകന്‍ രോഹിത് ശര്‍മ 58 റണ്‍സോടെ മികവ് കാട്ടി. എന്നാല്‍ ശുബ്മാന്‍ ഗില്ലിന് 16 റണ്‍സ് മാത്രമാണ് നേടാനായത്.
വിരാട് കോലി 24 റണ്‍സെടുത്തപ്പോള്‍ നാലാം നമ്പറിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ 5 റണ്‍സെടുത്ത് മടങ്ങി. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്കും (23) കെ എല്‍ രാഹുലിനും (31) ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനായില്ല. അക്ഷര്‍ പട്ടേല്‍ 33 റണ്‍സ് നേടിയപ്പോള്‍ ശിവം ദുബെ 25 റണ്‍സെടുത്താണ് പുറത്തായത്. മധ്യനിരയില്‍ എല്ലാവരും മികവ് കാട്ടിയെങ്കിലും വിജയത്തിലേക്കെത്തിക്കാന്‍ ആര്‍ക്കും സാധിക്കാതെ പോയി. ബാറ്റിങ് നിര അമിത പ്രതിരോധമാണ് കാട്ടിയത്.
രോഹിത് ശര്‍മയെപ്പോലെ ചില താരങ്ങളെങ്കിലും ആക്രമണോത്സകത കാട്ടണമായിരുന്നു. എന്നാല്‍ എല്ലാവരും പ്രതിരോധത്തിലേക്ക് ഒതുങ്ങിയപ്പോള്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ ഇത് മുതലാക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ഇത്രയും മികച്ച താരനിരയുണ്ടായിട്ടും ഇന്ത്യക്ക് ജയിക്കാനാവാതെ പോയത് വലിയ നാണക്കേടാണെന്ന് തന്നെ പറയാം.