Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ധോണിയാവാന്‍ നോക്കി അര്‍ഷ്ദീപ്! ജയമുറപ്പിച്ച കളി ഇന്ത്യ കൈവിട്ടതെങ്ങനെ? ശരിക്കും വില്ലനാര്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയത്തിന്റെ വക്കില്‍ നിന്നും കളി ടൈയില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ടീം ഇന്ത്യ. അല്‍പ്പം വിയര്‍ത്താണെങ്കിലും മല്‍സരത്തില്‍ ഇന്ത്യ വിജയത്തിന്റെ പടിവാതില്‍ക്കെ വരെയെത്തിയിരുന്നു. രണ്ടു വിക്കറ്റ് കൈയിലുള്ളപ്പോള്‍ ജയിക്കാന്‍ വെറും ഒരു റണ്‍സ് മാത്രം മതിയായിരുന്നിട്ടും ഇന്ത്യക്കു അതു നേടിയെടുക്കാന്‍ സാധിച്ചില്ല. പുതിയ കോച്ച് ഗൗതം ഗംഭീറിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഇതു തീര്‍ച്ചയായും അലട്ടുക തന്നെ ചെയ്യും.

യഥാര്‍ഥത്തില്‍ ജയിക്കേണ്ടിയിരുന്ന ഈ മല്‍സരത്തില്‍ ഇന്ത്യക്കു സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് എന്തുകൊണ്ടാണ്? കളിയില്‍ ടീമിന്റെ യഥാര്‍ഥ വില്ലന്‍ ആരാണ്, ഇതേക്കുറിച്ചു പരിശോധിക്കാം. 231 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ എട്ടിനു 211 റണ്‍സെന്ന നിലയില്‍ പരാജയം മുന്നില്‍ കണ്ടിരുന്നു. കുല്‍ദീപ് യാദവാണ് 45ാം ഓവറില്‍ എട്ടാമനായി ക്രീസ് വിട്ടത്. ഈ സമയത്തു ലങ്ക വിജയമുറപ്പിച്ചിരുന്നു.

INDIA- LANKA MATCH TIE

പക്ഷെ ശിവം ദുബെയുടെ (25) ഇന്നിങ്‌സ് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. 24 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം മികച്ചൊരു ഇന്നിങ്‌സാണ് താരം കളിച്ചത്. പേസര്‍ മുഹമ്മദ് സിറാജിനോടൊപ്പം 19 റണ്‍സിന്റെ കൂട്ടുകെട്ടും അദ്ദേഹമുണ്ടാക്കി. 47 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിനു 226 റണ്‍സെടുത്തിരുന്നു. അടുത്ത 18 ബോളില്‍ ജയിക്കാന്‍ വേണ്ടത് വെറും അഞ്ചു റണ്‍സ് മാത്രം. മുഴുവന്‍ പ്രതീക്ഷയും 21 റണ്‍സെടുത്ത ദുബെയിലായിരുന്നു.

48ാം ഓവര്‍ ബൗള്‍ ചെയ്തത് ലങ്കന്‍ നായകന്‍ ചരിത് അസലെന്‍കയാണ്. ആദ്യത്തെ രണ്ടു ബോളിലും ദുബെയ്ക്കു റണ്‍സ് ലഭിച്ചില്ല, എന്നാല്‍ മൂന്നാമത്തെ ബോള്‍ അദ്ദേഹം എക്‌സ്ട്രാ കവറിലൂടെ മികച്ചൊരു ഷോട്ടിലൂടെ ബൗണ്ടറി കടത്തി. ഇതോടെ സ്‌കോര്‍ തുല്യം. ഇന്ത്യ ജയിച്ചെന്നുറപ്പിച്ച നിമിഷം. ഡ്രസിങ് റൂമില്‍ പുതിയ കോച്ച് ഗൗതം ഗംഭീറും വിരാട് കോലിയും ചിരിക്കുന്നതും കാണാമായിരുന്നു. അടുത്ത ബോള്‍ പ്രതിരോധിക്കാന്‍ ദുബെ ശ്രമിച്ചെങ്കിലും പാഡിലാണ് തട്ടിത്തെറിച്ചത്.

അസലന്‍ക വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നല്‍കിയില്ല. ഇതിനിടെ ദുബെയും സിറാജും ഓരോ റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. പക്ഷെ അസലന്‍ക എല്‍ബിഡബ്ല്യുവിനായി റിവ്യു എടുക്കുകയായിരുന്നു. റീപ്ലേയില്‍ അതു ഔട്ട് വിധിക്കപ്പെടുകയും ചെയ്തു. സ്‌കോര്‍ അപ്പോഴും ടൈ തന്നെ. ഒരു വൈഡെറിഞ്ഞാല്‍ പോലും ഇന്ത്യക്കു ജയിക്കാം. പുതുതായി ക്രീസിലെത്തിയ അര്‍ഷ്ദീപ് സിങാണ് സ്‌ട്രൈക്ക് നേരിട്ടത്.

സിംഗിളെടുത്ത് വിജയ റണ്‍സ് നേടാന്‍ ശ്രമിക്കാതെ അര്‍ഷ്ദീപ് സ്ലോഗ് സ്വീപ്പിലൂടെ ഒരു വമ്പന്‍ ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ ബോള്‍ നേരെ താരത്തിന്റെ കാലിലാണ് പതിച്ചത്. ലങ്കയുടെ ശക്തമായ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇന്ത്യക്കു ഇതു ശരിക്കും ഷോക്കായപ്പോള്‍ ലങ്ക വലിയ ത്രില്ലിലുമായിരുന്നു.

WANINDU HASARNGA

അര്‍ഷ്ദീപ തന്നെയാണ് കളി തോല്‍പ്പിച്ചതെന്നു നിസംശയം പറയാം. കാരണം 14 ബോളില്‍ ഒരു റണ്‍സ് മാത്രം ആവശ്യമെന്നിരിക്കെ അത്തരമൊരു റിസ്‌കി ഷോട്ട് കളിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷെ അര്‍ഷ്ദീപിന്റെ മണ്ടത്തരം ഇന്ത്യയെ ചതിക്കുകയായിരുന്നു. വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്നും അര്‍ഷ്ദീപ് നേരിടുന്നത്.

അര്‍ഷ്ദീപ് സിങ് എന്തു ചെയ്യാനാണ് അവിടെ ശ്രമിച്ചത്? എന്തൊരു മണ്ടത്തരമാണ് താരം കാണിച്ചത്. ഗൗതം ഗംഭീര്‍ അയാള്‍ക്കു കുറച്ച് സാമാന്യബുദ്ധി പറഞ്ഞ് കൊടുക്കണം. ഒരു റണ്‍സ് മാത്രം വേണമെന്നിരിക്കെ വിക്കറ്റുകളിലേക്കു മാത്രമെറിഞ്ഞ അസലന്‍കയ്‌ക്കെതിരേ എന്തിനാണ് അര്‍ഷ്ദീപ് സിക്‌സറിനു ശ്രമിച്ചതെന്നു യാതൊരു ഐഡിയയുമില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

Story first published: Friday, August 2, 2024, 23:51 [IST]
Other articles published on Aug 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+