IND vs SL: 'ഡിക്ലയര്‍ ചെയ്യാന്‍ ഞാനാണ് പറഞ്ഞത്', കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ജഡേജ

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തി കൈയടി നേടിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഏഴാമനായി ക്രീസിലെത്തി 228 പന്തില്‍ 175 റണ്‍സാണ് ജഡേജ നേടിയത്. 17 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു ജഡേജയുടെ മിന്നല്‍ പ്രകടനം. ഇരട്ട സെഞ്ച്വറി നേടാന്‍ 25 റണ്‍സ് മാത്രം അകലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത് ഒരു പറ്റം ആരാധകരെ നിരാശരാക്കിയിരുന്നു.
വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉയര്‍ത്തിക്കാട്ടിയത്. പണ്ട് സച്ചിന്‍ 194 റണ്‍സില്‍ നില്‍ക്കുമ്പോള്‍ നായകനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിനോട് പോലും ഇന്നത്തെ ഇന്ത്യയുടെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനത്തെ പലരും താരതമ്യം ചെയ്തു. നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുമെതിരേ വലിയ വിമര്‍ശനം ഉയരവെ വിവാദങ്ങള്‍ക്ക് മറുപടിയുമായി ജഡേജ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ നിര്‍ദേശപ്രകാരമാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തതെന്നാണ് ജഡേജ തുറന്നുപറഞ്ഞത്. അതിന്റെ കാരണവും ജഡേജ വ്യക്തമാക്കുന്നുണ്ട്. 'ഞാന്‍ ബാറ്റ് ചെയ്യുന്നതിനിടെ ഡിക്ലയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എനിക്ക് സന്ദേശം ലഭിച്ചിരുന്നു. ഞാനും ഡിക്ലയര്‍ ചെയ്യാം എന്ന തീരുമാനത്തിലായിരുന്നു. കാരണം ഞാന്‍ ബാറ്റ് ചെയ്യവെ പന്തിന് നല്ല ടേണും എക്‌സ്ട്രാ ബൗണ്‍സും ലഭിക്കുന്നുണ്ടായിരുന്നു.
പിച്ച് ബൗളിങ്ങിന് പിന്തുണ നല്‍കുന്നുണ്ടെന്നും ശ്രീലങ്കയെ ബാറ്റിങ്ങിനിറക്കാമെന്നും ഞാനാണ് പറഞ്ഞത്. രണ്ട് ദിവസമായി അവന്‍ ഫീല്‍ഡ് ചെയ്യുന്നു. സ്വാഭാവികമായും തളര്‍ന്നിട്ടുണ്ടാവും. അതുകൊണ്ട് തന്നെ അല്‍പ്പം കൂടി വേഗത്തിലും എളുപ്പത്തിലും അവരെ പുറത്താക്കാമെന്ന് കരുതി. വേഗത്തില്‍ സ്‌കോര്‍ ചെയ്ത് കഴിവതും വേഗത്തില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ടീമിന്റെ പദ്ധതി'-ജഡേജ പറഞ്ഞു.

ഇതോടെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 574 എന്ന മികച്ച നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടാനായില്ലെങ്കിലും ഇന്ത്യക്കാരന്റെ ഏഴാം നമ്പറിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡില്‍ കപില്‍ ദേവിനെ മറികടന്ന് തലപ്പത്തേക്കെത്താന്‍ ജഡേജക്ക് സാധിച്ചു. കൂടാതെ 200ലധികം വിക്കറ്റ് നേടിയ ഓള്‍റൗണ്ടര്‍മാരിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കെത്താനും ജഡേജക്കായി. രോഹിത്തിന്റെ റെക്കോഡുകള്‍ ഭേദിക്കാതിരിക്കാന്‍ രോഹിത് മനപ്പൂര്‍വ്വം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതാണെന്നടക്കമുള്ള എല്ലാ വിമര്‍ശനങ്ങള്‍ക്കും ജഡേജയുടെ വാക്കുകളില്‍ നിന്ന് തന്നെ മറുപടി ലഭിച്ചിരിക്കുകയാണെന്ന് പറയാം.

ജഡേജയുടെയും ഇന്ത്യന്‍ ടീമിന്റെയും പദ്ധതി ഫലം ചെയ്തുവെന്നുവേണം പറയാന്‍. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 എന്ന തകര്‍ച്ചയുടെ വക്കിലാണ് ശ്രീലങ്കയുള്ളത്. ആറ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയെക്കാള്‍ 466 റണ്‍സിന് പിന്നിലാണ് സന്ദര്‍ശകരായ ശ്രീലങ്ക. ദിമുത് കരുണരത്‌ന, ലഹിരു തിരിമാനെ, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ് ഡി സില്‍വ എന്നീ വമ്പന്മാരെ തന്നെ രണ്ടാം ദിനം മടക്കി അയക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ശ്രീലങ്കയുടെ ഏറ്റവും അപകടകാരിയായ താരവും നായകനുമായ കരുണരത്‌നയെ പുറത്താക്കാന്‍ രവീന്ദ്ര ജഡേജക്ക് സാധിച്ചുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്.

ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. പിച്ചില്‍ സ്പിന്നിന് നല്ല പിന്തുണ ലഭിക്കുന്നതിനാല്‍ മൂന്നാം ദിനവും തുടക്കം മുതല്‍ ഇന്ത്യ സ്പിന്നാക്രമണം നടത്തിയേക്കും. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നീ മൂന്ന് സ്പിന്നര്‍മാരും ചേര്‍ന്ന് ശ്രീലങ്കയെ 200നുള്ളില്‍ തളക്കാനാവും ശ്രമിക്കുക. അങ്ങനെയാണെങ്കില്‍ ഫോളോ ഓണിന് ക്ഷണിച്ച് ഇന്നിങ്‌സ് ജയം തന്നെ നേടിയെടുക്കുകയാവും ആതിഥേയരായ ഇന്ത്യയുടെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications