ടീം ഇന്ത്യക്കായി തുടര്‍ച്ചയായി എട്ടു ടി20 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. കരിയറിലാദ്യമായിട്ടാണ് അദ്ദേഹത്തിനു തുടര്‍ച്ചയായി ഇത്രയും ടി20 മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചത്. സൗത്താഫ്രിക്കയുമായി വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അവസാന ടി20യില്‍ കൂടി കളിക്കുന്നതോടെ തുടരെ ഒമ്പത് കളികള്‍ സഞ്ജു തികയ്ക്കുകയും ചെയ്യും. എന്നാല്‍ അതിനു ശേഷം സഞ്ജുവിന്റെ ടി20 ഭാവി എന്താവുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ഈ വര്‍ഷം ഇന്ത്യക്കു ഇനി വൈറ്റ് ബോള്‍ പരമ്പരകളൊന്നും ശേഷിക്കുന്നില്ല. അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര. ഈ പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനു ഇടം ലഭിക്കുമോയെന്നാണ് അറിയാനുള്ളത്. അദ്ദേഹത്തിന്റെ ടി20 ഭാവിയെക്കുറിച്ചു നമുക്കു പരിശോധിക്കാം.

അവസരം മുതലാക്കിയോ?
ദേശീയ ടീമിനു സഞ്ജു സാംസണിനു വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്നതായിരുന്നു നേരത്തേയുള്ള പ്രധാനപ്പെട്ട പരാതി. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായി എട്ടു ടി20 മല്‍സരങ്ങള്‍ ലഭിച്ചപ്പോള്‍ അദ്ദേഹം അതു മുതലാക്കിയോ എന്നതാണ് ചോദ്യം. രണ്ടു തുടര്‍ സെഞ്ച്വറികള്‍ നേടിയതൊഴിച്ചാല്‍ ശേഷിച്ച ആറു മല്‍സരങ്ങളിലും സഞ്ജു കാര്യമായി തിളങ്ങിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം.
ഗൗതം ഗംഭീര്‍ സ്ഥിരം കോച്ചായി തുടക്കം കുറിച്ച ശ്രീലങ്കന്‍ പര്യടനം മുതലാണ് സഞ്ജുവിനു തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. മൂന്നു ടി20കളുടെ പരമ്പരയിലെ ആദ്യ കളിയില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ശേഷിച്ച രണ്ടു മല്‍സരങ്ങളിലും അവസരം ലഭിച്ചു. പക്ഷെ രണ്ടിലും അദ്ദേഹം ഡെക്കാവുകയായിരുന്നു. ഒന്നാവട്ടെ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു.
അതിനു ശേഷം ബംഗ്ലാദേശുമായി നാട്ടില്‍ മൂന്നു ടി20കളുടെ പരമ്പരയാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇവയില്‍ ഓപ്പണറുടെ റോളിക്കേു സഞ്ജുവിനു പ്രൊമോഷനും ലഭിച്ചു. ആദ്യ കളിയില്‍ നന്നായി തുടങ്ങിയ ശേഷം 16 ബോളില്‍ 29 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. രണ്ടാം ടി20യിലും താരം നിരാശപ്പെടുത്തി. ഏഴു ബോളില്‍ 19 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ മൂന്നാം ടി20യില്‍ കന്നി സെഞ്ചറിയോടെ സഞ്ജു ഇതിന്റെ ക്ഷീണം തീര്‍ത്തു. 47 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 111 റണ്‍സാണ്.
തുടര്‍ന്നാണ് ഇപ്പോള്‍ സൗത്താഫ്രിക്കയിലും ഒരിക്കല്‍ക്കൂടി സഞ്ജുവിനു ഓപ്പണിങ് ലഭിച്ചത്. 50 ബോളില്‍ 107 റണ്‍സുമായി അദ്ദേഹം മിന്നിക്കുകയും ചെയ്തു. തുടരെ രണ്ടു സെഞ്ച്വറികളോടെ സഞ്ജുവിന്റെ തലവര മാറിയെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ദുരന്തം സംഭവിച്ചത്. അതിനു ശേഷം കൡച്ച രണ്ടു ടി20കളിലും അദ്ദേഹം ഡെക്കാവുകയായിരുന്നു.

ഒരു അവസരം മാത്രം
ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണ്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ് ഇപ്പോഴത്തെ സൂചനകള്‍. രണ്ടു തുടര്‍ സെഞ്ച്വറിക്കു ശേഷമുള്ള രണ്ടു ഡെക്കുകളാണ് ഇതിനു കാരണം. 0, 0, 29, 10, 111, 107, 0, 0 എന്നിങ്ങനെയാണ് കഴിഞ്ഞ എട്ടു ടി20 മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. രണ്ടു സെഞ്ച്വറികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സഞ്ജുവിനു ചൂണ്ടിക്കാണിക്കാന്‍ മികച്ചൊരു ഇന്നിങ്‌സ് പോലുമില്ല. അതു മാത്രല്ല നാലു മല്‍സരങ്ങളില്‍ ഡെക്കായി മാറുകയും ചെയ്തു.
ബാറ്റിങില്‍ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ തന്നെയാണ് ഇതു അടിവരയിടുന്നത്. ടീം മാനേജ്‌മെന്റിന്റെ വിശ്വാസം തിരിച്ചുപിടിക്കാനും ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുറപ്പിക്കാനും അദ്ദേഹത്തിനു ഇനിയൊരു അവസരം മാത്രമാണുള്ളത്.
സൗത്താഫ്രിക്കയുമായുള്ള അവസാന ടി20യാണ് സഞ്ജുവിന്റെ അവസാന കച്ചിത്തുരുമ്പ്. ഇതില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ നേടാനായെങ്കില്‍ മാത്രമേ അടുത്ത പരമ്പരയിലും അദ്ദേഹം അവസരം പ്രതീക്ഷിക്കേണ്ടതുള്ളൂ.