IND vs SA: കേപ്ടൗണ്‍ സൗത്താഫ്രിക്കന്‍ കോട്ടയോ? ഇതു ഏഴാമങ്കം, ഇന്ത്യയുടെ റെക്കോര്‍ഡ് എങ്ങനെ
കേപ്ടൗണ്‍: ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കി ടീം ഇന്ത്യ ഇന്നു സൗത്താഫ്രിക്കയുമയുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇറങ്ങുകയാണ്. പരമ്പരയില്‍ 0-1നു പിന്നിലായതിനാല്‍ ഈ മല്‍സരം രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഡു ഓര്‍ ഡൈയാണ്. ജയിക്കാനായാല്‍ സമനിലയുമായി ആശ്വാസത്തോടെ ഇന്ത്യക്കു നാട്ടിലേക്കു മടങ്ങാം. തോറ്റാല്‍ തൂത്തുവാരപ്പെട്ടുവെന്ന നാണക്കേടും പേറി വിമാനം കയറാം.
സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് സൗത്താഫ്രിക്ക ജയിച്ചുകയറിയത്. വെറും മൂന്നു ദിവസം കൊണ്ട് ഇന്ത്യയെ ആതിഥേയര്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. ഇന്നിങ്‌സിന്റെയും 32 റണ്‍സിന്റെയും വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. സൗത്താഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അന്തരം എത്ര മാത്രം വലുതാണെന്നു ഈ ടെസ്റ്റ് തെളിയിക്കുകയും ചെയ്തു.

കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സിലാണ് രണ്ടാം ടെസ്റ്റിനു തുടക്കമാവുന്നത്. ഈ മല്‍സരത്തില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ടോ? റെഡ് ബോള്‍ ക്രിക്കറ്റില്‍ നേരത്തേ കേപ്ടൗണില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് എന്താണ്, ഇതേക്കുറിച്ചു വിശദമായി പരിശോധിക്കാം.
1992ലാണ് ഇന്ത്യ ആദ്യമായി കേപ്ടൗണില്‍ ടെസ്റ്റ് കളിച്ചത്. അന്നു മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ആറു വിക്കറ്റുകളെടുത്ത മുന്‍ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥായിരുന്നു കളിയില്‍ ഇന്ത്യയുടെ ഹീറോ.
ആദ്യ ഇന്നിങ്‌സില്‍ സൗത്താഫ്രിക്ക ഒമ്പതിനു 370 റണ്‍സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിയില്‍ 114 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ 276നു ഓള്‍ഔട്ടാവുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 244 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്ക നല്‍കിയത്. ഇന്ത്യ ഒരു വിക്കറ്റിനു 29 റണ്‍സെടുത്തു നില്‍ക്കെ കളി സമനിലയാവുകയും ചെയ്തു.
1997ല്‍ രണ്ടാം തവണ കേപ്ടൗണില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ ഇന്ത്യ 282 റണ്‍സിനു നാണംകെടുകയായിരുന്നു. ഗാരി കേസ്റ്റണ്‍ നയിച്ച സൗത്താഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ ഏഴിനു 529 റണ്‍സെന്ന കൂറ്റന്‍ സ്‌കോറുമായി ഡിക്ലയര്‍ ചെയ്തു.
മറുപടിയില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും (169) മുഹമ്മദ് അസ്ഹറുദ്ദീനും (115) സെഞ്ച്വറി നേടിയതോടെ ഇന്ത്യ 359 റണ്‍സിനു ഓള്‍ഔട്ടായി. രണ്ടീമിന്നിങ്‌സില്‍ ആറു വിക്കറ്റിനു 256 റണ്‍സില്‍ ഡിക്ലയര്‍ ചെയ്ത സൗത്താഫ്രിക്ക ഇന്ത്യക്കു 427 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കുകയായിരുന്നു. മറുപടിയില്‍ ഇന്ത്യ വെറും 141 റണ്‍സിനു ഓള്‍ഔട്ടാവുകയും ചെയ്തു.
2007ല്‍ മൂന്നാമതായി കേപ്ടൗണിലെത്തിയപ്പോഴും തോല്‍വി തന്നെയായിരുന്നു ഫലം. ഇത്തവണ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ സൗത്താഫ്രിക്ക തകര്‍ത്തെറിഞ്ഞത്. ഒന്നാമിന്നിങ്‌സില്‍ 414 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയ ഇന്ത്യ സൗത്താഫ്രിക്കയെ 373 റണ്‍സില്‍ ഓള്‍ഔട്ടാക്കി 41 റണ്‍സിന്റെ നേരിയ ലീഡ് കൈക്കലാക്കി. പക്ഷെ രണ്ടാമിന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ച ഇന്ത്യയെ ചതിച്ചു. 169 റണ്‍സിനു രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ടായി. 211 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റിനു സൗത്താഫ്രിക്ക മറികടക്കുകയും ചെയ്തു.
2011ലെ പര്യടനത്തില്‍ തുടര്‍ പരാജയങ്ങള്‍ക്കു അറുതിയിട്ട ഇന്ത്യന്‍ ടീം കേപ്ടൗണില്‍ സൗത്താഫ്രിക്കയെ സമനിലയില്‍ തളയ്ക്കുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി കുറിച്ച സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം ജാക്വസ് കാലിസായിരുന്നു കളിയിലെ ഹീറോ.
ആദ്യ ഇന്നിങ്‌സില്‍ സൗത്താഫ്രിക്ക 362 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 364 റണ്‍സിനു പുറത്തായി. രണ്ടാമിന്നിങ്‌സില്‍ 341 റണ്‍സ് കുറിച്ച അവര്‍ ഇന്ത്യക്കു 340 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. പക്ഷെ ഇന്ത്യ മൂന്നു വിക്കറ്റിനു 166 റണ്‍സെടുത്തു നില്‍ക്കവെ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്തു.

2018ല്‍ കേപ്ടൗണില്‍ അഞ്ചാം ടെസ്റ്റ് കളിച്ച ഇന്ത്യക്കു 72 റണ്‍സിന്റെ പരാജയം സമ്മതിക്കേണ്ടി വന്നു. വിരാട് കോലിയായിരുന്നു ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 286 റണ്‍സെന്ന മോശമല്ലാത്ത ടോട്ടലാണ് സൗത്താഫ്രിക്ക നേടിയത്. മറുപടിയില്‍ ഇന്ത്യ 209നു ഓള്‍ഔട്ടാവുകയായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ സൗത്താഫ്രിക്കയെ വെറും 130നു പുറത്താക്കിയപ്പോള്‍ ഇന്ത്യ ചരിത്ര വിജയം സ്വപ്‌നം കണ്ടു. 208 റണ്‍സ് മാത്രമാണ് ഇന്ത്യക്കു ജയിക്കാനായി വേണ്ടിയിരുന്നത്. പക്ഷെ വെറും 135 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.
2022ല്‍ അവസാനമായി കേപ്ടൗണില്‍ കളിച്ചപ്പോഴും ഇന്ത്യക്കു അടിതെറ്റി. ക്യാപ്റ്റനായുള്ള കോലിയുടെ അവസാന കളിയില്‍ ഇന്ത്യ ഏഴു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു 223 റണ്‍സാണ് നേടാനായത്. മറുപടിയില്‍ സൗത്താഫ്രിക്കയെ 210 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ഫ്‌ളോപ്പായ ഇന്ത്യ 198നു കൂടാരംകയറി. 212 റണ്‍സിന്റെ വിജയലക്ഷ്യം മൂന്നു വിക്കറ്റിനു സൗത്താഫ്രിക്ക മറികടക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications