കൊല്‍ക്കത്ത: സൗത്താഫ്രിക്കക്കെതിരേ ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗിമിക്കുന്ന ഒന്നാം ടെസ്റ്റില്‍ നിന്നും യുവ മുന്‍നിര ബാറ്റര്‍ സായ് സുദര്‍ശനെ ഒഴിവാക്കിയ ഇന്ത്യന്‍ തീരുമാനത്തിനെതിരേ ആഞ്ഞടിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. വെസ്റ്റ് ഇന്‍ഡീസുമായി അവസാനം കളിച്ച ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി 87 റണ്‍സ് നേടാന്‍ സായിക്കായിരുന്നു.
എന്നിട്ടും സൗത്താഫ്രിക്കയ്‌ക്കെതിരേ ഇടംകൈയന്‍ ബാറ്റര്‍ക്കു ബെഞ്ചില്‍ ഇരിക്കേണ്ടി വരികയായിരുന്നു. പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെയാണ് മൂന്നാം നമ്പറില്‍ ബാറ്റിങിനായി ഗൗതം ഗംഭീര്‍ ക്രീസിലേക്കു അയച്ചത്.

ഇത്തരമൊു സര്‍പ്രൈസ് നീക്കം അദ്ദേഹത്തില്‍ നിന്നും ആരും തന്നെ പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല. നാലു സ്പിന്നര്‍മാരെയാണ് ഈ ടെസ്റ്റില്‍ ഇന്ത്യ ഒരുമിച്ച് പരീക്ഷിച്ചത്. വാഷിങ്ടണിനെ കൂടാതെ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ തുടങ്ങിയവും സ്പിന്നര്‍മാരായി സംഘത്തിലുണ്ട്.
ആഞ്ഞടിച്ച് കൈഫ്
അവസാനം കളിച്ച ടെസ്റ്റില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടും സായ് സുദര്‍ശന്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും അവഗണിക്കപ്പെട്ടതില്‍ മുഹമ്മദ് കൈഫ് രോഷാകുലവാണ്. എക്‌സിലെ പോസ്റ്റിലൂടെ ഇന്ത്യന്‍ ടീം മാനേജമെന്റിന്റെ തീരുമാനത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
നേരത്തേ പ്രായമായെന്നു പറഞ്ഞ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയ ഇന്ത്യ ഇപ്പോള്‍ ചെറുപ്പക്കാരനായ സായിയോടു കാണിച്ചത് എങ്ങനെ ശരിയാവുമെന്നും കൈഫ് ചോദിക്കുന്നു.
'അവസാനത്തെ ടെസ്റ്റില്‍ 87 റണ്‍സ് സ്‌കോര്‍ ചെയ്ത ശേഷം 24 കാരനായ സായ് സുദര്‍ശനെ ഒഴിവാക്കിയ തീരുമാനം തീര്‍ത്തും അമ്പരപ്പിക്കുന്നതാണ്. രോഹിത് ശര്‍മയ്ക്കു പ്രായമായതു കാരണമാണ് നായകസ്ഥാനത്തു നിന്നും നീക്കിയതെന്നാണ് അവര്‍ നമ്മളോടു പറഞ്ഞത്.
ഇപ്പോള്‍ ടീം മാനേജ്‌മെന്റ് യുവതാരങ്ങളുടെ കകാര്യത്തില്‍ പോലും ക്ഷമ കാണിക്കുന്നില്ല. ഡ്രസിങ് റൂമിനു ഈ തരത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സിഗ്നലുകള്‍ നല്‍കുന്നതു നല്ലതല്ല'- ഇങ്ങനെയായിരുന്നു ഒഫീഷ്യല്‍ എക്‌സ് ഹാന്റിലില്‍ കൈഫ് കുറിച്ചത്.
അതേസമയം, ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാന ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലാണ് കരിയര്‍ ബെസ്റ്റ് സ്‌കോറായ 87 റണ്‍സ് സായ് നേടിയത്. പിന്നീട് റണ്‍ചേസില്‍ 37 റണ്‍സും സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനകം അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യക്കു വേണ്ടി സായ് കളിച്ചത്. 30.33 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 273 റണ്‍സും നേടി.

വിമര്‍ശിച്ച് വിഹാരിയും
കൊല്‍ക്കത്ത ടെസ്റ്റില്‍ സ്‌പെഷ്യലിസ്റ്റ് മുന്‍നിര ബാറ്ററായ സായ് സുദര്‍ശനെ തഴഞ്ഞ് ആ റോളില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കിയ ഇന്ത്യന്‍ നീക്കത്തെ മുന്‍ ടെസ്റ്റ് താരം ഹനുമാ വിഹാരിയും കുറ്റപ്പെടുത്തി. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനു ഓള്‍റൗണ്ടര്‍മാരോടാണ് കൂടുതല്‍ ഭ്രമമെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ ഈ സമീപനം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്‌സിലൂടെ തന്നെയാണ് വിഹാരിയും ടീം മാനജ്‌മെന്റിനെതിരേ വാളെടുത്തത്.
റാങ്ക് ടേണറുകളില്‍ പോലും ഒരു ടീമിന്റെ പ്ലെയിങ് ഇലവനില്‍ നാലു സ്പിന്നര്‍മാരെ ആവശ്യമാണെന്നു ഒരിക്കലും വിശ്വസിക്കുന്നില്ല. ടെസ്റ്റ് ,ക്രിക്കറ്റില്‍ സ്‌പെഷ്യലിസ്റ്റ് പൊസിഷനില്‍ സ്‌പെഷ്യലിസ്റ്റ് താരങ്ങളെ തന്നെയാണ് ആവശ്യം. ഓള്‍റൗണ്ടമാരെന്നത് വെറും ഫാന്‍സിയാണ്. വൈറ്റ് ബോളാണ് അവര്‍ക്കു യോജിച്ചതെന്നും എക്‌സില്‍ വിഹാരി കുറിച്ചു.