റായ്പൂര്‍: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പര കൈക്കലാക്കാനുള്ള സുവര്‍ണാവസരം കളഞ്ഞു കുളിച്ചിരിക്കുകയാണ് ടീം ഇന്ത്യ. 358 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെയാണ് ഇന്ത്യ നാലു വിക്കറ്റിന്റെ തോല്‍വിയിലേക്കു വീണത്.
ഇതോടെ അവസാന മല്‍സരം ഫൈനലിനു തുല്യമാവുകയും ചെയ്തിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇത്രയും വലിയൊരു സ്‌കോര്‍ കുറിക്കാനായിട്ടും ഇന്ത്യക്കു ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത് എന്തുകൊണ്ടാണ്? ആരാണ് ടീമിന്റെ പ്രധാനപ്പെട്ട വില്ലന്‍മാര്‍? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

ഇന്ത്യക്കു അടിതെറ്റിയതെങ്ങനെ?
ഇന്ത്യന്‍ ടീം തോല്‍വിയിലേക്കു വീഴാനുള്ള ആദ്യത്തെ കാരണം പ്രതീക്ഷിച്ചത്രയും ടോട്ടല്‍ അടിച്ചെടുക്കാന്‍ സാധിച്ചില്ലെന്നതാണ്. വിരാട് കോലി- റുതുരാജ് ഗെയ്ക്വാദ് ജോടി വമ്പന്‍ കൂട്ടൂകെട്ടുമായി മുന്നേറവെ ടീം 370-380 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്യുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
പക്ഷെ ആദ്യം റുതുരാജും പിന്നാലെ കോലിയും മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗതയില്‍ ഇടിവുണ്ടായി. ലുംഗി എന്‍ഗിഡിയെറിഞ്ഞ 40ാം ഓവറിലെ ആദ്യബോളിലാണ് കോലി പുറത്തായത്. തുടര്‍ന്നെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെ്യ്യാന്‍ പോലും കഴിയാതെ ഈ ഓവര്‍ മെയ്ഡനായി മാറി.
അടുത്ത ഓവറില്‍ ലഭിച്ചത് വെറും അഞ്ചു റണ്‍സാണ്. ഇതിനിടെ വാഷി റണ്ണൗട്ടാവുകയും ചെയ്തു. തുടര്‍ന്നു ക്രീസിലേക്കു വന്ന രവീന്ദ്ര ജഡേജയും വളരെ സ്ലോ ബാറ്റിങാണ് കാഴ്ചവച്ചത്. വലിയ ഷോട്ടുകള്‍ക്കുള്ള ശ്രമം പോലും അദ്ദേഹം നടത്തിയില്ല. 40 മുതല്‍ 43 ഓവറിനിടെ ഇന്ത്യക്കു നേടാനായത് വെറും 13 റണ്‍സാണ്. ഒരു ഫോറോ, സിക്‌സോ പോലും ഇതിലുണ്ടായില്ല. ഇതാണ് ടീമിനെ 370 പ്ലസ് നേടുന്നതില്‍ നിന്നും തടഞ്ഞത്.
ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ (43 ബോളില്‍ 66*) ഇന്നിങ്‌സാണ് ടീമിനെ 358 വരെയെങ്കലും എത്തിച്ചത്. മറുഭാഗത്തു ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങാണ് ജഡ്ഡു കാഴ്ചവച്ചത്. 27 ബോളില്‍ രണ്ടു ഫോറടക്കം 24 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ഡെത്ത് ഓവറില്‍ ഈ തരത്തിലുള്ള സ്ലോ ഇന്നിങ്‌സ് ഒരിക്കലും അംഗീകരിക്കാവുന്നതുമല്ല.
സ്ലോ ഇന്നിങ്‌സ് കളിക്കുക മാത്രമല്ല, പതിവു തെറ്റിച്ച് ഫീല്‍ഡിങിലും ജഡേജ പിഴവുകള്‍ വരുത്തി. സിംഗിളോ, ഡബിളോ മാത്രം നല്‍കേണ്ടയിടത്തു രണ്ടു തവണയാണ് അദ്ദേഹത്തില്‍ നിന്നും ബോള്‍ വഴുതിപ്പോയത്. ഇവ ബൗണ്ടറികളില്‍ കലാശിക്കുകയും ചെയ്തു.
ഇന്ത്യയുടെ അടുത്ത വില്ലന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരുന്നു. 22 റണ്‍സോടെ ബാറ്റിങില്‍ ഫ്‌ളോപ്പായ താരം ഫീല്‍ഡിങിലും തികഞ്ഞ പരാജയമായിരുന്നു. 110 റണ്‍സോടെ സൗത്താഫ്രിക്കയുടെ ഹീറോയായ എയ്ഡന്‍ മാര്‍ക്രമിനു ആയുസ് നീട്ടിക്കൊടുത്തത് ജയ്‌സ്വാളാണ്. വെറും 53 റണ്‍സിനു മാര്‍ക്രം പുറത്താവേണ്ടതായിരുന്നു. പക്ഷെ കുല്‍ദീപ് യാദവെറിഞ്ഞ 18ാം ഓവറില്‍ താരം രക്ഷപ്പെട്ടു.

ഓവറിലെ രണ്ടാമത്തെ ബോളില്‍ ലോങ് ഓണില്‍ വച്ചാണ് മാര്‍ക്രമിന്റെ ക്യാച്ച് ജയ്‌സ്വാള്‍ താഴെയിട്ടത്. താരത്തിന്റെ കൈകള്‍ക്കിടയിലൂടെ വഴുതിപ്പോയ ബോള്‍ സിക്‌സറാവുകയും ചെയ്തു. അതിനു മുമ്പ് മാര്‍ക്രമിനെ റണ്ണൗട്ടാക്കാനും ജയ്‌സ്വാളിനു അവസരം കിട്ടിയിരുന്നു. പക്ഷെ ഫീല്‍ഡിങിലെ അലസത കാരണം അതു സാധിച്ചില്ല.
ഇന്ത്യന്‍ തോല്‍വിക്കുള്ള അടുത്ത കാരണം ക്യാപ്റ്റന്‍ രാഹുലിന്റെ ഒരു പിഴവാണ്. നന്നായി പന്തെറിഞ്ഞിട്ടും രവീന്ദ്ര ജഡേജയെയും വാഷിങ്ടണിനെയും അദ്ദേഹം പൂര്‍ണമായി ഉപയോഗിച്ചില്ല. വിക്കറ്റ് കിട്ടിയില്ലെങ്കിലും ജഡ്ഡു ഏഴോവറില്‍ 41 റണ്‍സ് മാത്രമേ നല്‍കിയുള്ളൂ.
വാഷിയാവട്ടെ നാലോവറില്‍ വിക്കറ്റില്ലാതെ 28 റണ്‍സാണ് വഴങ്ങിയത്. ഇവരെ പരമാവധി ഉപയോഗിക്കാതെ തല്ലുകൊള്ളിയായ പ്രസിദ്ധ് കൃഷ്ണയ്ക്കു ഒമ്പതോവറും ക്യാപ്റ്റന്‍ നല്‍കി. 10.20 ഇക്കോണമി റേറ്റില്‍ 85 റണ്‍സാണ് പേസര്‍ വാരിക്കോരി നല്‍കിയത്.