IND vs SA: സെഞ്ച്വറി നേടി സഞ്ജു, ശ്രീശാന്തിനെ പൊങ്കാലയിട്ട് ആരാധകര്‍! കാരണമിതാണ്
പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. ആവേശകരമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യയുടെ പരമ്പര നേട്ടം. യുവതാരങ്ങളുടെ നിരയുമായി ഇറങ്ങിയാണ് ഇന്ത്യ പരമ്പര നേടിയതെന്നതാണ് എടുത്തു പറയേണ്ടത്. കെ എല്‍ രാഹുലിന്റെ കീഴിലിറങ്ങിയാണ് ഇന്ത്യയുടെ നേട്ടം.
മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് സഞ്ജു സാംസണാണ്. എട്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സഞ്ജു കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടിയെടുത്തിരിക്കുകയാണ്. 114 പന്ത് നേരിട്ട് 108 റണ്‍സാണ് സഞ്ജു നേടിയത്. കളിയിലെ താരമായതും സഞ്ജുവാണ്. മലയാളി താരത്തിന്റെ സെഞ്ച്വറി ആരാധകര്‍ ആഘോഷമാക്കുന്നതോടൊപ്പം ശ്രീശാന്തിനെതിരേ രൂക്ഷ വിമര്‍ശനവും ഉയരുകയാണ്. ശ്രീശാന്തിന്റെ മുഖത്തേറ്റ അടിയാണ് സഞ്ജുവിന്റെ സെഞ്ച്വറിയെന്നാണ് ആരാധക പക്ഷം.
ശ്രീശാന്ത് കഴിഞ്ഞ ദിവസം സഞ്ജുവിനെ വിമര്‍ശിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം സഞ്ജു ഒഴിയണമെന്നും സ്ഥിരതയില്ലാത്ത താരമാണെന്നുമെല്ലാമാണ് ശ്രീശാന്ത് പറഞ്ഞത്. ഇത് വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു. ഇപ്പോള്‍ സെന രാജ്യത്ത് സഞ്ജുവിന്റെ സെഞ്ച്വറി പിറന്നതോടെ ശ്രീശാന്തിനെ പൊങ്കാലയിടുകയാണ് ആരാധകര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ കേരള താരമാണ് ശ്രീശാന്ത്.
സഞ്ജുവിന്റെ വളര്‍ച്ചയില്‍ ശ്രീശാന്തിന് അസൂയയാണെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിച്ചത് ശ്രീശാന്താണ്. സഞ്ജുവിന്റെ കരിയറിന്റെ തുടക്ക സമയത്ത് വലിയ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സഞ്ജുവിനെ വിമര്‍ശിക്കാന്‍ മാത്രമാണ് ശ്രീശാന്ത് വാ തുറക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന്റെ മികവിനെ ചോദ്യം ചെയ്തവരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരിക്കുന്നത്.

ഏകദിന ലോകകപ്പില്‍ നിന്ന് സഞ്ജു തഴയപ്പെട്ടിരുന്നു. ഇന്ത്യ പല പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്ന് തഴഞ്ഞിട്ടും പൊരുതി തിരിച്ചുവന്നാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം. ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സഞ്ജു മടികാട്ടിയില്ല. ഇതിന്റെ ഗുണം ഇപ്പോള്‍ കണ്ടു. സെഞ്ച്വറിക്ക് ശേഷം സഞ്ജുവും പറഞ്ഞത് ഇതാണ്.
ഈ നേട്ടത്തിന് പിന്നില്‍ നിരവധി അധ്വാനമുണ്ട്. മാനസികമായും ശാരീരികമായും ഏറെ നാളുകളായി അധ്വാനിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടതെന്നാണ് സഞ്ജു പറഞ്ഞത്. കേരള ടീമിന്റെ നായകനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും സഞ്ജു കളിച്ചിരുന്നു. ഇത് സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.
ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റുചെയ്ത് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി സഞ്ജു മാറിയിരിക്കുകയാണ്. ഇതിന് മുമ്പ് വിരാട് കോലി മാത്രമാണ് ഈ നേട്ടത്തിലേക്കെത്തിയത്. സെഞ്ച്വറി പ്രകടനത്തോടെ സഞ്ജു ഏകദിന ടീമില്‍ തനിക്ക് സീറ്റ് വേണമെന്ന് പ്രകടനംകൊണ്ട് ആവശ്യപ്പെടുകയാണ്. എന്നാല്‍ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഇന്ത്യ സഞ്ജുവിനെ തഴഞ്ഞേക്കും.
മൂന്നാം നമ്പറിലിറങ്ങിയാണ് സഞ്ജു സെഞ്ച്വറി നേടിയത്. വിരാട് കോലി തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് വഴിമാറിക്കൊടുക്കാതിരിക്കാനാവില്ല. എന്നാല്‍ ഇനി സഞ്ജുവിനെ തഴഞ്ഞാല്‍ വലിയ ആരാധക പ്രതിഷേധം ടീം മാനേജ്‌മെന്റിനെതിരേ ഉയരുമെന്നുറപ്പാണ്. അടുത്ത ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ സഞ്ജുവിനെ വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് മികവുണ്ട്.
എന്തായാലും സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം കരിയറിന്റെ നിര്‍ണ്ണായക സമയത്താണ്. രണ്ടാം ഏകദിനത്തില്‍ സഞ്ജു നിരാശപ്പെടുത്തിയപ്പോള്‍ പല പ്രമുഖരും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇവരോടെല്ലാം പകരം വീട്ടാന്‍ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഈ സെഞ്ച്വറിയോടെ സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications