ഗുവാഹത്തി: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു ശനിയാഴ്ച ഗുവാഹത്തിയില്‍ തുടക്കമാവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഡു ഓര്‍ ഡൈ പോരാട്ടമാണിത്. 0-1നു പിന്നിലായതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഗുവാഹത്തിയില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ.
ആദ്യട ടെസ്റ്റിലേറ്റ 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയെ കുഴപ്പത്തിലാക്കിയത്. ഇനി ഗുവാഹത്തിയില്‍ വിജയമല്ലാതെ ഇന്ത്യക്കു മുന്നില്‍ വേറെ ഓപ്ഷനുകളില്ല.
കഴുത്തിനു പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഈ ടെസ്റ്റില്‍ കളിക്കുമോയെന്നതു സംശയമാണെന്നതും ഇന്ത്യക്കു ക്ഷീണമാണ്. രണ്ടാം ടെസ്റ്റില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്ന പ്രവചനം നടത്തിയിരിക്കുകയാണ് എഐ. ഇതേക്കുറിച്ച് അറിയാം.

ടീമിലെ മാറ്റങ്ങളും പരിക്കും
കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റിനിടെ കഴുത്തിനു പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ഗുവാഹത്തി ടെസ്റ്റില്‍ കളിച്ചേക്കില്ല. കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിനിടെ റിട്ടയേര്‍ഡ് ഹര്‍ട്ടായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്തതുമില്ല.
രണ്ടാം ടെസ്റ്റിനായി യാത്ര തിരിച്ച ഇന്ത്യന്‍ സംഘത്തില്‍ ഗില്ലുണ്ടെങ്കിലും കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗില്‍ കളിച്ചില്ലെങ്കില്‍ പകരം ഈ റോളില്‍ സായ് സുദര്‍ശനോ, ദേവ്ദത്ത് പടിക്കലോ ബാറ്റ് ചെയ്‌തേക്കും.
കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ നാലു സ്പിന്നര്‍മാരെ കളിപ്പിച്ചത് ഫലം കണ്ടിരുന്നില്ല. മുന്‍ താരങ്ങളടക്കം പലരും ഈ തീരുമാനത്തെ ചോദ്യവും ചെയ്തു. അതുകൊണ്ടു തന്നെ അടുത്ത ടെസ്റ്റില്‍ അക്ഷര്‍ പട്ടേലിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ മാറ്റി നിര്‍ത്തിയേക്കുകയും ചെയ്യും.
മറുഭാഗത്തു സൗത്താഫ്രിക്കന്‍ ടീമിലും മാറ്റമുണ്ടായേക്കും. ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്ന സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയെ അവര്‍ ടീമിലേക്കു തിരിച്ചുവിളിക്കാനിടയുണ്ട്. കോര്‍ബിന്‍ ബോഷിനായിരിക്കും ഇതോടെ സ്ഥാനം നഷ്ടമായേക്കുക.
ടീമുകളുടെ കരുത്ത്
ആദ്യ ടെസ്റ്റില്‍ സൗത്താഫ്രിക്കയോടു ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യയെ തള്ളിക്കളയാന്‍ സാധിക്കില്ല. നാട്ടില്‍ ഇപ്പോഴും കരുത്തര്‍ തന്നെയാണ് ഇന്ത്യ. ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ശേഷി ഇപ്പോഴും നമുക്കുണ്ട്.
മികച്ച ബാറ്റിങ് ലൈനപ്പും മൂര്‍ച്ചയേറിയ ബൗളിങ് നിരയുമെല്ലാം ഇന്ത്യക്കു പ്ലസ് പോയിന്റാണ്. കെഎല്‍ രാഹുല്‍-യശസ്വി ജയ്‌സ്വാള്‍ ജോടി മികച്ച തുടക്കം നല്‍കിയാല്‍ രണ്ടാമങ്കത്തില്‍ ഇന്ത്യക്കു കാര്യങ്ങള്‍ അനുകൂലമായി മാറും.

കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില പിച്ചിനെ അപേക്ഷിച്ച് കൂടുതല്‍ മികച്ചൊരു പിച്ച് ഗുവാഹത്തിയില്‍ ലഭിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ യഥാര്‍ഥ കരുത്ത് നമുക്കു കാണാം. കൂടുതല്‍ സന്തുലിതമായ പിച്ചായിരിക്കും അടുത്ത ടെസ്റ്റിലേതെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
അതേസമയം, സൗത്താഫ്രിക്കയുടെ കരുത്ത് ബാറ്റിങിേേനക്കാള്‍ ബൗളിങിലാണ്. സ്പിന്നര്‍ സൈമണ്‍ ഹാര്‍മറും പേസര്‍ മാര്‍ക്കോ യാന്‍സണുമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത്.
അതുകൊണ്ടു തന്നെ ഇവരെ ഫലപ്രദമായി നേരിടാന്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പ്ലാന്‍ തയ്യാറാക്കിയേ തീരൂ. ഇവര്‍ക്കൊപ്പം അടുത്ത ടെസ്റ്റില്‍ കാഗിസോ റബാഡയെ കൂടി സൗത്താഫ്രിക്ക കളിപ്പിച്ചാല്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം.
പ്രവചനമറിയാം
ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയിക്കുമെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ പ്രവചനം. ഈ ടെസ്റ്റില്‍ ജയിച്ച് ഇന്ത്യ രണ്ടു മല്‍സരങ്ങളുടെ പരമ്പര 1-1നു അവസാനിപ്പിച്ച് അടുത്ത ഡബ്ല്യുടിസി ഫൈനലിലേക്കുള്ള സാധ്യത നിലനിര്‍ത്തും.
ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം വിജയം കൊയ്യാനുള്ള സാധ്യത 55 ശതമാനമാണ്. എന്നാല്‍ കാലാവസ്ഥ വില്ലനായി മാറിയാല്‍ മല്‍സരം സമനിലയിലും അവസാനിച്ചേക്കും.