റായ്പൂര്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമങ്കം ബുധനാഴ്ച റായ്പൂരില്‍ നടക്കാനിരിക്കുകയാണ്. ഉച്ചയ്ക്കു 1.30 മുതല്‍ ഷഹീദ് വീര്‍ നാരായണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് തീപാറും പോരാട്ടം.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മറുഭാഗത്തു സൗത്താഫ്രിക്കയ്ക്കു ഇതു ഡു ഓര്‍ ഡൈ മല്‍സരമാണ്. പരമ്പര നഷ്ടമാവാതിരിക്കാന്‍ റായ്പൂരില്‍ അവര്‍ക്കു ജയിച്ചേ തീരൂ.

റാഞ്ചിയിലെ ആദ്യ കളിയില്‍ റണ്‍മഴ കണ്ട ത്രില്ലറില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് അവര്‍ക്കു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ സൗത്താഫ്രിക്ക അവസാനം വരെ വീറോടെ പൊരുതിയെങ്കിലും 332 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം ഏകദിനത്തിലും ഇന്ത്യ ജയം ആവര്‍ത്തുമോ, അതോ സൗത്താഫ്രിക്ക തിരിച്ചടിക്കുമോ? കളിയിലെ വിജയികളെ കുറിച്ച് എഐ പ്രവചിച്ചിരിക്കുകയാണ്.
ഇന്ത്യക്കു അനുകൂല ഘടകങ്ങള്‍
സൗത്താഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ സംബന്ധിച്ച് പല അനുകൂല ഘടകങ്ങളുമുണ്ടെന്നു കാണാം. ഇതില്‍ ആദ്യത്തേത് നാട്ടിലെ മേധാവിത്വവും നിലവിലെ ഫോമുമാണ്. നാട്ടിലെ ഏകദിന പരമ്പരകളില്‍ തോല്‍പ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ടീമാണ് ഇന്ത്യ.
അവസാനമായി ഇവിടെ കളിച്ച 16 ഏകദിന പരമ്പരകളില്‍ 14ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. റാഞ്ചിയിലെ ആദ്യ കളിയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നേടിയ വിജയം ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. രണ്ടാം ഏകദിനത്തില്‍ ഇതു ടീമിനു ഗുണവും ചെയ്യും.
ബാറ്റിങ് ഫോമാണ് റായ്പൂരില്‍ ഇന്ത്യയുടെ മറ്റൊരു വലിയ പ്ലസ് പോയിന്റ്. ഇതിഹാസ താരം വിരാട് കോലി ഗംഭീര ഫോമിലാണ്. കരിയറിന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഇന്നിങ്‌സാണ് അദ്ദേഹം കഴിഞ്ഞ മല്‍സരത്തില്‍ കാഴ്ചവച്ചത്. ഏകദിനത്തിലെ 52ാം സെഞ്ച്വറിയും കോലി അവിടെ കണ്ടെത്തിയിരുന്നു.
കോലി മാത്രമല്ല, മറ്റൊരു ഇതിഹാസതാരവും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയും തകര്‍പ്പന്‍ ഫോമിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ തൊട്ടുമുമ്പ് കളിച്ച രണ്ടു മല്‍സരങ്ങളില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച രോഹിത് സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ, മാച്ചില്‍ ഫിഫ്റ്റിയും കണ്ടെത്തി.
ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ഏകദിനത്തില്‍ മിന്നുന്ന ഫോമിലാണ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.റാഞ്ചിയിലെ കഴിഞ്ഞ മല്‍സരത്തില്‍ ആറാമനായി ക്രീസിലെത്തിയ ശേഷം 60 റണ്‍സും അദ്ദേഹം നേടിയിരുന്നു. ബാറ്റിങിലെ ഈ ബിഗ് ത്രീയുടെ ഫോം രണ്ടാം ഏകദിനത്തിലും ഇന്ത്യക്കു തീര്‍ച്ചയായും മുതല്‍ക്കൂട്ടായി മാറും.
നാട്ടിലെ പിച്ചുകളിലെ സ്പിന്‍ ആധിപത്യമാണ് ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്ന മൂന്നാമത്തെ കാര്യം. ആദ്യ കളിയില്‍ നാലു വിക്കറ്റുകളുമായി സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യന്‍ വജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. റായ്പൂരിലെ രണ്ടാം ഏകദിനത്തിലെ പിച്ചും കളി പുരോഗമിക്കവെ സപിന്നിനെ കൂടുതല്‍ തുണയ്ക്കുന്നതാണ്.
കുല്‍ദീപിനൊപ്പം പരിചയ സമ്പന്നനായ രവീന്ദ്ര ജഡേജയും കൂടെ വാഷിങ്ടണ്‍ സുന്ദറും ചേരുന്നതോടെ സൗത്താഫ്രിക്കന്‍ താരങ്ങള്‍ക്കു ബാറ്റിങ് കടുപ്പമായിരിക്കും. സൗത്താഫ്രിക്കന്‍ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മികച്ച സ്പിന്‍ നിരയുള്ളതും ഇന്ത്യക്കു തന്നെയാണ്.

പ്രവചനമിങ്ങനെ
രണ്ടാം ഏകദിനത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീം വിജയം കൊയ്യാനുള്ള സാധ്യത 65 മുതല്‍ 70 ശതമാനം വരെയാണെന്നാണ് എഐ ടൂളായ ഗ്രോക്ക് പ്രവചിച്ചിരിക്കുന്നത്. വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ ലീഡ് സ്വന്തമാക്കും.
എന്നാല്‍ സൗത്താഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത ശേഷം 320 പ്ലസ് റണ്‍സെടുത്താല്‍ അവര്‍ക്കു സാധ്യതയുണ്ട്. പക്ഷെ വലിയ സ്‌കോറുകള്‍ പിറക്കാത്ത റായ്പൂരില്‍ സൗത്താഫ്രിക്കയ്ക്കു ഇതിനു സാധിച്ചെന്നു വരില്ല. മികച്ച് സ്പിന്‍ ആക്രമണത്തിലൂടെ കളിയില്‍ ഇന്ത്യ നിയന്ത്രണമേറ്റെടുക്കാനാണ് സാധ്യത.