ജൊഹാനസ്ബര്‍ഗ്: ടി20 പരമ്പരയ്ക്കു പിന്നാലെ സൗത്താഫ്രിക്കയുമായി ഏകദിന പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി ഞായറാഴ്ച ജൊഹാനസ്ബര്‍ഗില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് മല്‍സരം തുടങ്ങുക. ടി20 പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെഎല്‍ രാഹുലിനു കീഴില്‍ ഏകദിനത്തില്‍ ഇന്ത്യയിറങ്ങുക.
സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലുണ്ടായിരുന്ന പലരെയും ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം കാണില്ല. അതുകൊണ്ടു തന്നെ ഏറെക്കുറെ വ്യത്യസ്തമായ ഒരു ഇലവനെയായിരിക്കും ഏകദിനത്തില്‍ ഇന്ത്യ പരീക്ഷിക്കുന്നത്. ടി20 പരമ്പരയുടെ ഭാഗമായിരുന്ന ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരൊന്നും ഏകദിന പരമ്പരയില്‍ കളിക്കില്ല.

രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നേരത്തേ തന്നെ പരമ്പരയില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ പല മുന്‍നിര താരങ്ങളുമില്ലാതെ സൗത്താഫ്രിക്കയെ ഇന്ത്യക്കു വീഴ്ത്താന്‍ സാധിക്കുമോയെന്നതു കണ്ടു തന്നെ അറിയണം.
2021ല്‍ അവസാനമായി സൗത്താഫ്രിക്കയില്‍ ഇന്ത്യ പര്യടനം നടത്തിയപ്പോഴും ടീമിനെ നയിച്ചത് രാഹുലായിരുന്നു. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയും ചെയ്തിരുന്നു. അന്നത്തെ പരാജയത്തിനു ഇത്തവണ കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യം കൂടി രാഹുലിനും സംഘത്തിനുമുണ്ടാവും. ഏകദിന പരമ്പരയില്‍ ഓപ്പണിങ് കോമ്പിനേഷന്റെ കാര്യത്തില്‍ ഇന്ത്യക്കു തല പുകയ്ക്കണ്ടി വരുമെന്നുറപ്പാണ്.
കാരണം രോഹിത്, ഗില്‍, ഇഷാന്‍, ജയ്‌സ്വാള്‍ തുടങ്ങിവരൊന്നും ഈ പരമ്പരയുടെ ഭാഗമല്ല. ഓപ്പണിങില്‍ ഒരാള്‍ റുതുരാജ് ഗെയ്ക്വാദാണാണെന്നത് ഉറപ്പാണെങ്കിലും അദ്ദേഹത്തിന്റെ പങ്കാളിയുടെ കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളത്. ഈ പൊസിഷനിലേക്കു സ്‌പെഷ്യലിസ്റ്റായ ആരുമില്ലെന്നതാണ് പ്രധാന പ്രശ്‌നം. നേരത്തേ ഓപ്പണറായി ടീമിനു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ച രാഹുലിനു തന്നെ ഈ റോള്‍ ഏറ്റെടുക്കേണ്ടതായി വന്നേക്കും.
നിലവില്‍ ഓപ്പണിങ് റോള്‍ ഉപേക്ഷിച്ച അദ്ദേഹം മധ്യനിരയിലേക്കു മാറിക്കഴിഞ്ഞു. സമാപിച്ച ഏകദിന ലോകകപ്പ്, അതിനു മുമ്പുള്ള ഏഷ്യാ കപ്പ് എന്നിവയിലെല്ലം രാഹുല്‍ അഞ്ചാം നമ്പറിലാണ് ഇറങ്ങിയത്. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹത്തിനു വീണ്ടും ഓപ്പണിങിലേക്കു മടങ്ങി വരേണ്ടതായി വന്നേക്കും.
മൂന്നാമനായി തിലക് വര്‍മയായിരിക്കും കളിച്ചേക്കുക. നാലാം നമ്പറില്‍ ശ്രേയസ് അയ്യരേക്കാള്‍ മികച്ചൊരാളെ ഇന്ത്യക്കു ലഭിക്കാനില്ല. ഏകദിനത്തില്‍ ഈ റോളില്‍ ടീമിന്റെ സ്‌പെഷ്യലിസ്റ്റായി അദ്ദേഹം മാറിക്കഴിഞ്ഞു. ലോകകപ്പില്‍ നാലാമനായി 500നു മുകളില്‍ റണ്ണുമായി ശ്രേയസ് കസറിയിരുന്നു.
അഞ്ചാം നമ്പറില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ഊഴമായിരിക്കും. ക്യാപ്റ്റനായ രാഹുല്‍ തന്നെ വിക്കറ്റ് കാക്കുമെന്നതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും സഞ്ജു കളിക്കുക. ഒരിടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരിക്കും ഇത്.
ഏഷ്യാ കപ്പിനു മുമ്പുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു സഞ്ജുവിനെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. അതുകൊണ്ടു തന്നെ മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് ആഘോഷിക്കാനായിരിക്കും സഞ്ജു ആഗ്രഹിക്കുക. ദിവസങ്ങള്‍ക്കു മുമ്പ് വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വേണ്ടി അദ്ദേഹം തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിരുന്നു.

സഞ്ജുവിനു ശേഷം ആറാം നമ്പറില്‍ ഫിനിഷറുടെ റോള്‍ റിങ്കു സിങിനായിരിക്കും. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരിക്കും ഇത്. ടി20യില്‍ ഇതിനകം മികവ് തെളിയിച്ച റിങ്കു ഇനി ഏകദിനത്തിലും പ്രകടനം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
ജഡേജയുടെ അഭാവത്തില്‍ ഇലവനിലെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. എട്ടാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് കളിക്കും. അതിനു ശേഷം പേസര്‍മാരുടെ ഊഴമായിരിക്കും. അച്ഛന്റെ അസുഖം കാരണം ഇനിയും ടീമിനൊപ്പം ചേര്‍ന്നിട്ടില്ലാത്ത ദീപക് ചാഹര്‍ ഏകദിനത്തിലും കളിക്കാനിടയില്ല. ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍ എന്നിവരായിരിക്കും പേസ് ബൗളിങ് കൈകാര്യം ചെയ്യുക.
ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍
റുതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്.