ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ ആരാവും ഫിനിഷറുടെ റോള്‍ കൈകാര്യം ചെയ്യുകയെന്നതാണ് പ്രധാന ചോദ്യം. ഞായറാഴ്ചയാണ് മൂന്നു ടി20കളുടെ പരമ്പരയിലെ ആദ്യ അങ്കം. സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യ കളിക്കുന്ന തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പര കൂടിയാണിത്. ആറു മാസത്തിനകം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീം കോമ്പിനേഷനും ഓരോ താരങ്ങളുടെയും റോളും തീരുമാനിക്കാന്‍ ഇനിയുള്ള ഓരോ മല്‍സരങ്ങളും ഇന്ത്യക്കു പ്രധാനപ്പെട്ടതാണ്.
റിങ്കു സിങിനെയാണ് ഫിനിഷറുടെ റോളിലേക്കു ഇന്ത്യ വളര്‍ത്തുന്നതെങ്കിലും മറ്റു രണ്ടു പേര്‍ കൂടി സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഈ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നുണ്ട്. ഓള്‍റൗണ്ടര്‍ തിലക് വര്‍മയും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുമാണ് ഈ രണ്ടു പേര്‍. ഇവരില്‍ ആരാവും ഫസ്റ്റ് ചോയ്‌സെന്നതാണ് ഇനി അറിയാനുള്ളത്.

റിങ്കുവും തിലകും ജിതേഷും ഫിനിഷറുടെ റോള്‍ ഭംഗിയായി നിറവേറ്റാന്‍ ശേഷിയുള്ളവരാണ്. പക്ഷെ മൂന്നു പേര്‍ക്കും ഒരേ റോള്‍ നല്‍കുകയെന്നതു അസാധ്യമാണ്. ലോകകപ്പില്‍ ഫിനിഷറുടെ റോള്‍ ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നയാളെയാണ് ഇന്ത്യക്കു ആവശ്യം. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഫിനിഷിങില്‍ തന്റെ മിടുക്ക് തെളിയിച്ചു കഴിഞ്ഞയാളാണ് റിങ്കു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയുമെല്ലാം ഫിനിഷറായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും റിങ്കു ഇതിനകം കാഴ്ച വച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ അയലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലൂടെ അരങ്ങേറിയ റിങ്കു പിന്നീട് സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു. ടീമിനു വിശ്വസിക്കാവുന്ന ഫിനിഷറായി റിങ്കു മാറിക്കഴിഞ്ഞു. ഓസ്ട്രലേിയക്കെതിരേ സമാപിച്ച ടി20 പരമ്പരയിലെ പ്രകടനത്തോടെ അദ്ദേഹം ഇതു അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ റിങ്കുവിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്നത് ഏറെക്കുറെ അസാധ്യവുമാണ്.

മറ്റൊരു ഇടംകൈയന്‍ ബാറ്ററും പാര്‍ട്ട് ടൈം സ്പിന്നറുമായ തിലകും ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ്. ഏഷ്യാ കപ്പിനു മുമ്പുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെയായിരുന്നു ഇത്. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള, വമ്പന്‍ ഷോട്ടുകള്‍ പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. നാലാം നമ്പറില്‍ തുടങ്ങി താഴേക്കു ഏതു റോളിലും ബാറ്റ് ചെയ്യാനുള്ള ശേഷി തിലകിനുണ്ട്.
ഓസീസിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചത്. മോശമല്ലാത്ത പ്രകടനം തിലക് കാഴ്ചവയ്ക്കുകയും ചെയ്തു. ആറാമത്തെ ബൗളിങ് ഓപ്ഷനായി ടീമിനു ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷും ഈ വര്‍ഷം തന്നെയാണ് ആദ്യമായി ഇന്ത്യയുടെ കുപ്പായമണിഞ്ഞത്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഭയമില്ലാത്ത താരമാണ് അദ്ദേഹം. സ്പിന്‍, പേസ് ബൗളിങിനെ ഒരുപോലെ അനായാസമായി നേരിടാന്‍ ജിതേഷിനാവും. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ അവസാനത്തെ രണ്ടു മല്‍സരങ്ങളിലാണ് തിലകിനു പകരം ജിതേഷിനെ ഇന്ത്യ പരീക്ഷിച്ചത്. രണ്ടു മല്‍സരങ്ങളിലും വലിയ ഇംപാക്ടുണ്ടാക്കിയ ഇന്നിങ്‌സുകള്‍ കളിക്കാനും താരത്തിനായിരുന്നു.