കൊല്‍ക്കത്ത: സൗത്താഫ്രിക്കയ്‌ക്കെതിരേ അനായാസം ജയിക്കമായിരുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്കു വീണിരിക്കുകയാണ്. 30 റണ്‍സിനാണ് ഇന്ത്യയെ സൗത്താഫ്രിക്ക കെട്ടുകെട്ടിച്ചത്. 124 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു മുന്നില്‍ സൗത്താഫ്രിക്ക വച്ചത്. പക്ഷെ മൂന്നാംദിനം ടീ ബ്രേക്കിനു മുമ്പ് തന്നെ വെറും 93 റണ്‍സിനു ഇന്ത്യയെ സൗത്താഫ്രിക്ക എറിഞ്ഞിട്ടു.
വാഷിഷ്ടണ്‍ സുന്ദര്‍ 31 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരും കാര്യമായി പൊരുതി നോക്കിയില്ല. വാലറ്റത്ത് അക്ഷര്‍ പട്ടേലിന്റെ (17 ബോളില്‍ 26) കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സാണ് ഇന്ത്യന്‍ പരാജയഭാരം കുറച്ചത്. യഥാര്‍ഥത്തില്‍ എവിടെയാണ് ഇന്ത്യക്കു പിഴച്ചത്? ടീമിന്റെ വില്ലന്‍മാര്‍ ആരൊക്കെയാണ്. ഇതേക്കുറിച്ചു നോക്കാം.

ഇന്ത്യക്കു പിഴച്ചതെവിടെ?
പരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സേവനം ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ലഭിച്ചെങ്കിലും 124 റണസെന്നത് ഒരിക്കലും ദുഷ്‌കരമായ ലക്ഷ്യമായിരുന്നില്ല. പക്ഷെ അതിനായി മികച്ചൊരു തതുടക്കം ടീമിനു ആവശ്യമായിരുന്നു, എന്നാല്‍ അതു ലഭിക്കാതെ പോയത് ഇന്ത്യയെ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കി.
കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ ജോടി നേരത്തേ ഒരുമിച്ച് കളിച്ച ഭൂരിഭാഗം ഇന്നിങ്‌സുകളിലും ടീമിനു മികച്ച തുടക്കങ്ങള്‍ നല്‍കിയിട്ടുള്ളവരാണ്. ഈ ടെസ്റ്റിലും ഒരു ഫിഫ്റ്റി റണ്‍സ് പാര്‍ട്‌നര്‍ഷിപ്പ് ഇവരില്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ മാര്‍ക്കോ യാന്‍സണെറിഞ്ഞ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ജയ്‌സ്വാള്‍ പുറത്തായി.
ബാറ്റിങ് ഏറെ ദുഷ്‌കരമായ പിച്ചില്‍ റണ്ണെടുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നു നേരത്തേ തന്നെ അറിയാവുന്നതാണ്. ഫോറുകളും സിക്‌സറുകളും നേടുന്നതിനേക്കാള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുകയാണ് ഇവിടെ പ്രധാനം. പക്ഷെ ജയ്‌സ്വാള്‍ അനാവശ്യ ധൃതി കാണിച്ച് സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞു. ഓഫ്സ്റ്റംപിന് പുറത്ത് നിരന്തരം ബൗള്‍ ചെയ്താണ് അദ്ദേഹത്തെ യാന്‍സണ്‍ കെണിയില്‍ കുരുക്കിയത്.
ഓവറിലെ ആദ്യ മൂന്നു ബോളിലും ബീറ്റ് ചെയ്യപ്പെട്ടിട്ടും തന്റെ തെറ്റ് തിരുത്താനോ, ശൈലി മാറ്റാനോ ജയ്‌സ്വാള്‍ തയ്യാറായില്ല. നാലാമത്തെ ബോളില്‍ പൂജ്യനായി താരം ക്രീസും വിട്ടു. ഒരിക്കല്‍ക്കൂടി പുറത്തു കൂടെ പോയ ഗുഡ് ലെങ്ത്ത് ബോളില്‍ ഷോട്ടിനു ശ്രമിച്ചപ്പോള്‍ എഡ്ജായി നേരെ വിക്കറ്റ് കീപ്പര്‍ കൈല്‍ വെറൈനയുടെ കൈകളിലെത്തി. സാഹചര്യം മനസ്സിലാക്കാതെ ജയ്‌സ്വാള്‍ ദാനം ചെയ്ത വിക്കറ്റാണിത്. ടീമിന്റെ ആദ്യ വില്ലനും അദ്ദേഹം തന്നെ.
അടുത്ത വില്ലനാവട്ടെ ഗില്ലിന്റെ അഭാവത്തില്‍ നാലാമനായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ധ്രുവ് ജുറേലാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമലുള്ള അദ്ദേഹം ആദ്യ ബോളില്‍ ഫോറടിച്ചാണ് തുടങ്ങിയത്. ഇന്ത്യന്‍ സ്‌കോറിങിനു ജീവന്‍ വച്ചതും ഇതോടെയാണ്. വളരെ പോസിറ്റീവായി ബാറ്റ് ചെയ്ത സ്‌ട്രൈക്ക് റൊട്ടേറ്റ് വളരെ എളുപ്പം റണ്‍സെടുത്തു കൊണ്ടിരുന്നു.

മൂന്നാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറും ജുറേലും ചേര്‍ന്ന് 77 ബോളില്‍ 32 റണ്‌സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ പതിയെ തിരിച്ചുവന്നു. ഒണ്‍സിനു രണ്ടു വിക്കറ്റെന്ന നിലയില്‍ ഒന്നിച്ച ജോടി ടീമിനെ 33 റണ്‍സിലെത്തിച്ചു. ഇന്ത്യന്‍ ടീം വിജയം സ്വപ്‌നം കാണാന്‍ തുടങ്ങിയതും അതോടെയാണ്. പക്ഷെ സൈമണ്‍ ഹാമര്‍ എറിഞ്ഞ 15ാം ഓവറില്‍ ജുറേലിന്റെ പുറത്താവല്‍ എല്ലാം തകിടം മറിച്ചു.
തീര്‍ത്തും അനാവശ്യമായ ഒരു റിസ്‌കി ഷോട്ട് കളിച്ചാണ് അദ്ദേഹം പുറത്തായത്. ഹാമറുടെ ഷോര്‍ട്ട് ബോളിനെതിരേ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ ജുറേലിനെ ഡീപ്പ് മിഡ് വിക്കറ്റില്‍ കോര്‍ബിന്‍ ബോഷ് പിടികൂടി. ജുറേല്‍ കുറേക്കൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന വിക്കറ്റായിരുന്നു ഇത്.