ഗുവാവത്തി: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സൗത്താഫ്രിക്കയെ ഡ്രൈവിങ് സീറ്റിലെത്തിച്ചത് ഏഴാം നമ്പറിലെത്തി കന്നി സെഞ്ച്വറി കുറിച്ച സെനുരാന്‍ മുത്തുസാമിയുടെ ഗംഭീര ഇന്നിങ്‌സാണ്. ഇന്ത്യയുടെ പേസ്, സ്പിന്‍ ആക്രമണത്തെ മികച്ച രീതിയില്‍ നേരിട്ട അദ്ദേഹം 109 റണ്‍സ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്. 206 ബോളുകള്‍ നേരിട്ട സെനുരാന്റെ ഇന്നിങ്‌സില്‍ 10 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ ബെഞ്ചിലിരിക്കേണ്ടി വന്ന മുത്തുസാമിയെ ഈ മല്‍സരത്തില്‍ സൗത്താഫ്രിക്കന്‍ പ്ലെയിങ് ഇലവനിലേക്കു വിളിക്കുകയായിരുന്നു. ലഭിച്ച അവസരം അദ്ദേഹം ശരിക്കും മുതലാക്കുകയും ചെയ്തു. ഇന്ത്യയെ വെള്ളം കുടിപ്പിച്ച ഈ ഇടംകൈയന്‍ ബാറ്റര് ആരാണ്? മുത്തുസാമിയെ കുറിച്ച് അടുത്തറിയാം.

ആരാണ് സെനുരാന്‍ മുത്തുസാമി?
ഇന്ത്യന്‍ ദമ്പതികളുടെ മകനായി 1994ല്‍ സൗത്താഫ്രിക്കയിലെ ഡര്‍ബനിലാണ് സെനുരാന്‍ മുത്തുസാമി ജനിച്ചത്. അദ്ദേഹത്തിതിന്റെ കുടുംബവേരുകളെല്ലാം തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ്. ക്ലിഫ്‌റ്റോണ്‍ കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം മുത്തുസാമി സോഷ്യല്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയത് ക്വാസുലു നറ്റാല്‍ യൂനിവേഴ്‌സിറ്റിയിലാണ്.
ഡര്‍ബനില്‍ തന്നെ ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയിരുന്നു. സ്‌കൂള്‍ തല മല്‍സരങ്ങളിലും പ്രാദേശിക ടൂര്‍ണമെന്റുകളിലുമെല്ലാം മുത്തുസാമി കളിച്ചുകൊണ്ടിരുന്നു. സൗത്താഫ്രിക്കയിലെ ഒരു പ്രവിശ്യയായ ക്വാസുളു നറ്റാളിനു വേണ്ടി അണ്ടര്‍ 11 മുതല്‍ അണ്ടര്‍ 19 വരെ താരം കളിക്കുകയും ചെയ്തു. എങ്കിലും ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററായി തനിക്കു മാറാന്‍ സാധിക്കുമെന്ന വിശ്വാസം അപ്പോഴും മുത്തുസാമിക്കു ഇല്ലായിരുന്നു.
എന്നാല്‍ ക്രിക്കറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരുന്നു. അതു മുത്തുസാമിയെ സൗത്താഫ്രിക്കയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമാക്കുകയും ചെയ്തു. 2015-16 സീസണില്‍ ക്വാസുളു നറ്റാലില്‍ നിന്നുള്ള ടി20 ഫ്രാഞ്ചൈസിയായ ഡോള്‍ഫിന്‍സിന്റെ ഭാഗമാവാന്‍ മുത്തുസാമിക്കു സാധിച്ചു. മുന്‍നിര ബാറ്ററായാണ് താരത്തെ അവര്‍ ടീമിലെടുത്തത്.
2017 ജനുവരിയില്‍ നൈറ്‌സുമായുള്ള മല്‍സരത്തില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 181 റണ്‍സ് കുറിക്കാന്‍ മുത്തുസാമിക്കായിരുന്നു. പക്ഷെ പിന്നീട് അദ്ദേഹത്തിന്റെ ബാറ്റിങില്‍ വലിയ രീതിയില്‍ ഇടിവുണ്ടാവുകയും പക്ഷെ ബൗളിങ് വേറെ ലെവലിലേക്കു ഉയരുകയും ചെയ്തു.
ഇതാണ് 2019ല്‍ മുത്തുസാമിയുടെ റോളിലേക്കു വളരാന്‍ വഴിയൊരുക്കിയത്. 2019ല്‍ സൗത്താഫ്രിക്കയുടെ ഇന്ത്യന്‍ പര്യടത്തിനുള്ള സൗത്താഫ്രിക്കന്‍ ടീമില്‍ അദ്ദേഹത്തിനു അവസഹവും നേടിക്കൊടുത്തു.

ഈ പരമ്പരയിലൂടെ അരങ്ങേറിയ മുത്തുസാമിയുടെ കന്നി വിക്കറ്റ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടേതുമായിരുന്നു. സ്വന്തം ബൗളിങിലാണ് ഇന്ത്യന്‍ റണ്‍മെഷീനെ അദ്ദേഹം പുറത്താക്കിയത്. എങ്കിലും ദേശീയ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ മുത്തുസാമിക്കായില്ല.
പകരം മറ്റൊരു ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജാണ് മികച്ച പ്രകടനങ്ങളൂടെ സൗത്തഫ്രിക്കന്‍ ടെസ്റ്റ് ടീമിലെ സജീവ സാന്നിധ്യമായി മാറിയത്. 31 കാരനായ മുത്തുസാമി സൗത്താഫ്രിക്കയ്ക്കു വേണ്ടില്‍ വിരലില്‍ എണ്ണാവുന്ന മല്‍സരങ്ങളില്‍ മാത്രമേ മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചിട്ടുള്ളൂ.
എട്ടു ടെസ്റ്റുകളില്‍ ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കം 388 റംണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 3.86 ഇക്കോണമി റേറ്റില്‍ 22 വിക്കറ്റുകളും നേടി. ഏകദിത്തില്‍ അഞ്ചു മല്‍സരവും (22 റണ്‍സ്, 6 വിക്കറ്റ്), ടി20യില്‍ അഞ്ചു മല്‍സരവും (24 റണ്‍സ്, 5 വിക്കറ്റ്) മാത്രമേ മുത്തുസാമി നേടിയിട്ടുള്ളൂ.