Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: കേപ്ടൗണ്‍ ജയം, പോയിന്റ് പട്ടികയില്‍ ഇന്ത്യ എവിടെ? സൗത്താഫ്രിക്കയ്ക്കു പണികിട്ടി

ഒന്നാംടെസ്റ്റിലേറ്റ മാനഹാനിക്കു സൗത്താഫ്രിക്കയോടു രണ്ടാം ടെസ്റ്റില്‍ പകരം ചോദിച്ചിരിക്കുകയാണ് ടീം ഇന്ത്യ. പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ രോഹിത് ശര്‍മയും സംഘവും രണ്ടാമങ്കത്തില്‍ എതിരാളികളെ വാരിക്കളയുകയായിരുന്നു. ഏഴു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് കേപ്ടൗണില്‍ ഇന്ത്യ സ്വന്തമാക്കിയത്.

ആദ്യ ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടാണ് സൗത്താഫ്രിക്ക ഇന്ത്യയെ തീര്‍ത്തത്. എന്നാല്‍ രണ്ടാം ടെസ്റ്റ് ജയിക്കാന്‍ ഇന്ത്യക്കു രണ്ടു ദിവസം മാത്രമേ ആവശ്യമായുള്ളൂ. ഈ വിജത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും വലിയ കുതിപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റിലേറ്റ നാണക്കേടിനു ശേഷം ഇന്ത്യ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു വീണിരുന്നു.

INDIA

എന്നാല്‍ കേപ്ടൗണിലെ മിന്നുന്ന ജയത്തിനു ശേഷം വന്‍ മുന്നേറ്റം നടത്തിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ്. പുതിയ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യയാണ് ഒന്നാമത്. 54.16 വിജയ ശതമാനമാണ് രോഹിത്തിനെയും സംഘത്തെയും തലപ്പത്തേക്കുയരാന്‍ സഹായിച്ചത്.

നേരത്തേ പോയിന്റ് പട്ടികയില്‍ തലപ്പത്ത് സൗത്താഫ്രിക്കയായിരുന്നു. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ജയിച്ചതോടെ അവരുടെ വിജയശതമാനം 100 ആയിരുന്നു. പക്ഷെ കേപ്ടൗണ്‍ ടെസ്റ്റില്‍ തോറ്റതോടെ ഇതു ഒറ്റയടിക്കു 100ല്‍ നിന്നും 50ലേക്കു വീണിരിക്കുകയാണ്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പരയായിരുന്നു സൗത്താഫ്രിക്കയിലേത്. ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ ആദ്യം കളിച്ചത്. ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം കൊയ്യാന്‍ രോഹിത്തിനും സംഘത്തിനുമായിരുന്നു. പക്ഷെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു സമനില സമ്മതിക്കേണ്ടി വന്നു. അന്നു ജയിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ വിജയശതമാനം ഇപ്പോഴത്തേതിനേക്കാള്‍ മുകളില്‍ പോവുമായിരുന്നു.

വിന്‍ഡീസ് പര്യടനത്തിനു ശേഷമാണ് ഇന്ത്യ സൗത്താഫ്രിക്കയില്‍ റെഡ് ബോള്‍ പരമ്പര കളിച്ചത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും തോറ്റ് ദയനീയമായാണ് തുടങ്ങിയതെങ്കിലും രണ്ടാമങ്കത്തില്‍ ഇന്ത്യ ഉയിര്‍ത്തെഴുന്നേറ്റു. ഏഴു വിക്കറ്റിനു സൗത്താഫ്രിക്കയോടു ഇന്ത്യ കണക്കുതീര്‍ക്കുകയായിരുന്നു. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-1നു അവസാനിപ്പിക്കുകയും ചെയ്തു.

സൗത്താഫ്രിക്കയാവട്ടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണില്‍ കളിച്ച ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്കെതിരേയുള്ളത്. ജയത്തോടെ തുടങ്ങിയതിനാല്‍ അവരുടെ വിജയശതമാനം നേരത്തേ 100ലെത്തുകയും ചെയ്തിരുന്നു.

ROHIT SHARMA

എന്നാല്‍ രണ്ടാം ടെസ്റ്റിലെ വന്‍ പരാജയത്തോടെ വിജയശതമാനം 50 ആയിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ സൗത്താഫ്രിക്കയ്ക്കു പിന്നില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നിവരാണ്. ഇവരുടെയെല്ലാം വിജയ ശതമാനം 50 തന്നെയാണ്.

പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരാണ് പോയിന്റ് പട്ടികയില്‍ ആറു മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളില്‍. പാകിസ്താന്‍ ടീമിന്റെ വിജയ ശതമാനം 45.83 ആണ്. വിന്‍ഡീസിന്റെ വിജയശതമാനം 16.67 ആണ്.

ഇംഗ്ലണ്ടിന്റെ വിജയശതമാനം വെറും 15 മാത്രമേയുള്ളൂ. ശ്രീലങ്കയുടെ വിജയ ശതമാനമാവട്ടെ പൂജ്യവുമാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മാത്രമാണ് ലങ്ക ഇതിനകം കളിച്ചത്. അതില്‍ അവര്‍ തൂത്തുവാരപ്പെടുകയും ചെയ്തു.

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഈ മാസം അവസാനം മുതല്‍ കരുത്തരായ ഇംഗ്ലണ്ടുമായിട്ടാണ്. സ്വന്തം നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുക. അതിനു ശേഷം ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ശേഷിച്ച ടെസ്റ്റ് പരമ്പരകള്‍.

Story first published: Thursday, January 4, 2024, 19:12 [IST]
Other articles published on Jan 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+