For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: എല്‍ഗറിന്റെ വിക്കറ്റ് ആഘോഷിക്കരുത്! നിശബ്ദമായി നിന്ന് കോലി- കാരണമിതാണ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലാണ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ പുറത്താക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 153 റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ 98 റണ്‍സിന്റെ ലീഡും ഇന്ത്യ നേടിയെടുത്തു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 36 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്കയുടെ ഡീന്‍ എല്‍ഗറിന്റെ അവസാന ടെസ്റ്റ് മത്സരമായിരുന്നു ഇത്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്നതും എല്‍ഗറാണ്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയോടെ കളിയിലെ താരമാവുകയും ദക്ഷിണാഫ്രിക്കയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്ത താരം എല്‍ഗറാണ്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇതേ മികവ് കാട്ടാന്‍ എല്‍ഗറിനായില്ല. ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സ് നേടിയ എല്‍ഗര്‍ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സാണ് നേടിയത്.

മുകേഷ് കുമാറിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് എല്‍ഗര്‍ പുറത്തായത്. എന്നാല്‍ എല്‍ഗര്‍ പുറത്തായപ്പോള്‍ വിരാട് കോലി ആരാധകരോടും സഹതാരങ്ങളോടും വിക്കറ്റ് ആഘോഷിക്കരുതെന്നാണ് പറഞ്ഞത്. ഇതിനൊരു കാരണവുമുണ്ട്. ഡീന്‍ എല്‍ഗര്‍ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ ആഘോഷം വേണ്ടെന്ന് കോലി തീരുമാനിച്ചത്.

എല്‍ഗറെ കെട്ടിപ്പിടിച്ചാണ് കോലി യാത്രയാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഗംഭീര പ്രകടനം നടത്തിയാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ കരിയറിന് അവസാനമിടുന്നത്. 86 ടെസ്റ്റില്‍ നിന്ന് 5347 റണ്‍സാണ് എല്‍ഗര്‍ നേടിയത്. 37ന് മുകളില്‍ ശരാശരിയുള്ള അദ്ദേഹം 14 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. നായകനെന്ന നിലയിലും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം തിളങ്ങാന്‍ എല്‍ഗര്‍ക്കായി. തന്റെ വിരമിക്കല്‍ മത്സരത്തില്‍ ടീമിനെ നയിച്ച് വിജയത്തിലേക്കെത്തിക്കാന്‍ എല്‍ഗര്‍ക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

virat kohli

രണ്ടാം ദിനം ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് വളരെ നിര്‍ണ്ണായകമാവും. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 36 റണ്‍സ് മാത്രം പിന്നിലാണ് ദക്ഷിണാഫ്രിക്ക. രണ്ടാം ദിനം ഇന്ത്യക്ക് മുന്നില്‍ 100ന് മുകളില്‍ വിജയലക്ഷ്യം എത്തിക്കാനായാല്‍ സന്ദര്‍ശകര്‍ വിറച്ചേക്കും. എന്നാല്‍ രണ്ടാം ദിനവും ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് തുടര്‍ന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വിയോടെ നാണംകെടേണ്ടി വരും. അങ്ങനെ വന്നാല്‍ ഡീന്‍ എല്‍ഗറിന്റെ അവസാന മത്സരം തോല്‍വിയോടെയായിരിക്കും.

ബൗളര്‍മാരുടെ നിറഞ്ഞാട്ടമാണ് ഒന്നാം ദിനം കണ്ടത്. 23 വിക്കറ്റുകളാണ് ഒറ്റ ദിവസം വീണത്. ടെസ്റ്റ് ചരിത്രത്തിലെ അപൂര്‍വ്വ കാഴ്ചയാണിത്. ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ ഏറ്റവും ചെറിയ ടോട്ടലില്‍ തളച്ചിടാന്‍ ഇന്ത്യക്കായി. 55 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പൂട്ടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 200ന് മുകളിലേക്ക് സ്‌കോര്‍ നേടുമെന്ന് തോന്നിച്ചിരുന്നെങ്കിലും ലീഡ് 98 മാത്രമായി ഒതുങ്ങി. ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ റണ്‍സൊന്നുമെടുക്കാതെ വീണുവെന്നതാണ് എടുത്തു പറയേണ്ടത്.

ഇന്ത്യക്ക് സര്‍വാധിപത്യം നേടിയെടുക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മധ്യനിര പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും ഡെക്കിന് പുറത്തായി. കെ എല്‍ രാഹുല്‍ എട്ട് റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ആറ് ബാറ്റ്‌സ്മാന്‍മാരാണ് പൂജ്യത്തിന് പുറത്തായത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ആറ് താരങ്ങള്‍ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഡെക്കിന് പുറത്താവുന്നത്.

രണ്ടാം ഇന്നിങ്‌സിലും ഇന്ത്യ സമാന പിഴവ് ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാവും ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും.

Story first published: Thursday, January 4, 2024, 9:21 [IST]
Other articles published on Jan 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+