
നാണക്കേട് ഇതാദ്യം
റണ്‍മെഷീനെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന വിരാട് കോലിക്കു കരിയറിലാദ്യമായിട്ടാണ് ഒരു സെഞ്ച്വറി പോലുമില്ലാതെ രണ്ടു കലണ്ടര്‍ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വന്നിരിക്കുന്നത്.
മാത്രമല്ല സെഞ്ച്വറി തികയ്ക്കാനാവാതെ 60 ഇന്നിങ്‌സുകളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലി തികച്ചിരിക്കുകയാണ്. ടെസ്റ്റില്‍ 22 ഇന്നിങ്‌സുകളാണ് സെഞ്ച്വറിയില്ലാതെ അദ്ദേഹത്തിനു മടങ്ങേണ്ടി വന്നത്. അഞ്ചു ഫിഫ്റ്റികള്‍ മാത്രമാണ് ഇത്രയും ഇന്നിങ്‌സുകളില്‍ കോലിക്കു നേടാനായത്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹം അവസാനമായി മൂന്നക്കം കടന്നത്.

ശരാശരിയില്‍ വന്‍ ഇടിവ്
ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിരാട് കോലിയുടെ ബാറ്റിങ് ശരാശരിയിലും വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. 2019ലെ അവസാനത്തെ സെഞ്ച്വറി വരെയുള്ള കണക്കെടുത്താല്‍ അദ്ദേഹത്തിന്റെ ടെസ്റ്റിലെ ഓവറോള്‍ ശരാശരി 54.97 ആയിരുന്നു. പക്ഷെ സെഞ്ച്വറി വരള്‍ച്ചയ്ക്കു ശേഷമുള്ള കോലിയുടെ ബാറ്റിങ് ശരാശരി 26.84 മാത്രമാണ്.

തുടക്കം മുതലാക്കാനാവുന്നില്ല
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ പലപ്പോഴും മികച്ച തുടക്കമായിരുന്നു കോലിക്കു ലഭിച്ചത്. പക്ഷെ അവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഇത്തവണ സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും കോലി നന്നായി തുടങ്ങിയിരുന്നു. 35 റണ്‍സില്‍ നില്‍ക്കെ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലും ഒരേ രീതിയിലാണ് കോലി പുറത്തായത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹം സ്ലിപ്പില്‍ ക്യാച്ച് സമ്മാനിച്ച് ക്രീസ് വിടുകയായിരുന്നു. ടെസ്റ്റില്‍ തുടര്‍ച്ചയായി 10ാമത്തെ ഇന്നിങ്‌സാണ് കോലി ഇത്തരത്തില്‍ വിക്കറ്റിനു പിന്നില്‍ ക്യാച്ച് നല്‍കി മടങ്ങിയത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയ ശേഷമുള്ള മുഴുവന്‍ ഇന്നിങ്‌സുകളിലും കോലി ഇതാവര്‍ത്തിക്കുകയായിരുന്നു.

കഴിഞ്ഞ പര്യടനത്തിലെ ടോപ്‌സ്‌കോറര്‍
2018ലെ അവസാനത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു വിരാട് കോലി. മൂന്നു ടെസ്റ്റുകളില്‍ നിന്നും 47.66 ശരാശരിയില്‍ 286 റണ്‍സ് അദ്ദേഹം നേടിയിരുന്നു. സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റില്‍ കോലി തക്കര്‍പ്പന്‍ സെഞ്ച്വറിയും നേടി. 153 റണ്‍സായിരുന്നു അന്ന് സ്‌കോര്‍ ചെയ്തത്.
ഇത്തവണ വീണ്ടും അതേ വേദിയില്‍ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ആദ്യ ടെസ്റ്റ് കളിച്ചപ്പോള്‍ അദ്ദേഹം ഫോം വീണ്ടെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പോലും തികയ്ക്കാനാവാതെ കോലി പുറത്തായിരിക്കുകയാണ്.

ഈ വര്‍ഷത്തെ സ്‌കോറുകള്‍
ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതുവരെയുള്ള സ്‌കോറുകളെുത്താല്‍ ഒരിക്കല്‍പ്പോലും വിരാട് കോലി 90 പോലുമെത്തിയിട്ടില്ല. പുറത്താവാതെ നേടിയ 80 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്നു തവണ 70ന് മുകളിലും നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 72, 73*, 77* എന്നിങ്ങനെയായിരുന്നു ഈ സ്‌കോറുകള്‍.
ഈ വര്‍ഷം കോലിയുടെ സ്‌കോറുകള്‍- 11, 72, 0, 62, 27, 0, 0, 73*, 77*, 1, 80, 56, 66, 7, 44, 13, 0, 42, 20, 7, 55, 50, 44, 57, 9, 2*, 0, 36, 35, 18.


Click it and Unblock the Notifications











