ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പര ഇന്നു രാത്രി ആരംഭിക്കാനിരിക്കവെ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കളിക്കാര്‍ ആരൊക്കെയാണന്നു തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ റോബിന്‍ ഉത്തപ്പ. ഡര്‍ബനിലെ കിങ്‌സ്‌മെഡിലാണ് രാത്രി 8.30 മുതല്‍ ആദ്യ ടി20 നടക്കാനിരിക്കുന്നത്. പരിശീലനത്തിനിടെ കൈയ്ക്കു പരിക്കേറ്റ നായകന്‍ സൂര്യകുമാര്‍ യാദവ് ആദ്യ ടി20യില്‍ കളിക്കുമോയെന്ന കാര്യം ഇപ്പോഴും സംശയമാണ്.
നാലു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും കൊമ്പുകോര്‍ക്കുക. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു തോല്‍വിയുടെ വക്കില്‍ നിന്നാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ ടീം നാടകീയ വിജയവുമായി കിരീടത്തില്‍ മുത്തമിട്ടത്. ഇനി ടി20 പരമ്പരയിലും തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം.

ശ്രദ്ധിക്കേണ്ട കളിക്കാര്‍
സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പയില്‍ ഇന്ത്യയുടെ ആറു പേരുടെ പ്രകടനമാണ് ഏറ്റ വുമധികം ശ്രദ്ധിക്കേണ്ടതെന്നാണ് റോബിന്‍ ഉത്തപ്പയുടെ അഭിപ്രായം. ടി20 പരമ്പരയെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. ഈ ലിസ്റ്റില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ, ഫിനിഷറായ റിങ്കു സിങ് എന്നിവരൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.
മലയാളി വിക്കറ്റ് കീപ്പറും ടീം ഇന്ത്യയുടെ ഓപ്പണറുമായ സഞ്ജു സാംസണിന്റെ പേരാണ് ഉത്തപ്പ ആദ്യമായി പരാമര്‍ശിച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ ശ്രദ്ധിക്കേണ്ട ആദ്യത്തെയാള്‍ സഞ്ജു സാംസണാണ്. അതിനു ശേഷം രണ്ടാമത്തൊള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്.
ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു താരം. ഓള്‍റൗണ്ടര്‍ രമണ്‍ദീപ് സിങിന്റെയും പ്രകടനം ഞാന്‍ ഉറ്റുനോക്കുന്നുണ്ട്. വൈശാഖ് വിജയ്കുമാര്‍, യഷ് ദയാല്‍ എന്നിവരുടെ പ്രകടനവും കാണാന്‍ കാത്തിരിക്കുകയാണെന്നും ഉത്തപ്പ പറയുന്നു.
വിക്കറ്റ് കീപ്പറാര്?
ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറും സഞ്ജു സാംസണാണ്. ബംഗ്ലാദേശിനെതിരായ അവസാനത്തെ ടി20 പരമ്പരയിലും ഈ റോള്‍ വഹിച്ചത് അദ്ദേഹമാണ്. സഞ്ജുവിനെക്കൂടാതെ ജിതേഷ് ശര്‍മയും ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ സംഘത്തിലുണ്ട്. ഈ രണ്ടു പേരെയും ഒരുമിച്ച് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ ആരാണ് വിക്കറ്റ് കീപ്പറാവേണ്ടതെന്നു റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
സഞ്ജു സാംസണിനെയും ജിതേഷ് ശര്‍മയെയും ഒരുമിച്ച് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ടീം തീരുമാനിച്ചാല്‍ വിക്കറ്റ് കീപ്പറുടെ റോള്‍ ജിതേഷിനു നല്‍കണം. കാരണം ജിതേഷിനേക്കാള്‍ മികച്ച ഫീല്‍ഡര്‍ സഞ്ജുവാണെന്നും ഉത്തപ്പ നിരീക്ഷിച്ചു.

സഞ്ജുവിന്റെ പ്രകടനം
ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന്റെ ഗംഭീര പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് റോബിന്‍ ഉത്തപ്പ. ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയ ശേഷമാണ് സഞ്ജു ഈ പരമ്പര കളിക്കാന്‍ പോവുന്നത്. അവസാന കളിയില്‍ അദ്ദേഹം നേടിയ തീപ്പൊരി സെഞ്ച്വറിയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.
സഞ്ജുവിനു മേല്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടായിരുന്നു. ആദ്യ രണ്ടു കളിയിലും പ്രതീക്ഷിച്ചതു പോലെ റണ്‍സ് വന്നില്ല. എന്നിട്ടും അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഉറച്ചുനിന്നു. അവസാന മല്‍സരത്തില്‍ സഞ്ജുവിനു ഇതിന്റെ ഫലം ലഭിച്ചതായും ഉത്തപ്പ ചൂണ്ടിക്കാട്ടി.
ആദ്യ മല്‍സരത്തില്‍ 19 ബോളില്‍ 29 റണ്‍സും രണ്ടാമങ്കത്തില്‍ ഏഴു ബോളില്‍ 10 റണ്‍സുമാണ് സഞ്ജുവിനു നേടാനായത്. എന്നാല്‍ അവസാന കളിയില്‍ വെറും 47 ബോളില്‍ 111 റണ്‍സ് അദ്ദേഹം വാരിക്കൂട്ടുകയായിരുന്നു. വെറും 40 ബോളിലാണ് സഞ്ജു കന്നി ടി20 സെഞ്ച്വറി കണ്ടെത്തിയത്.