IND vs SA: സൂര്യയാണ് 'റിയല്‍' ക്യാപ്റ്റന്‍! തിലകിനായി അത് ചെയ്തു; യുവതാരം സെഞ്ച്വറിയും നേടി
സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ തിലക് വര്‍മ കസറിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം ഇടവേളക്ക് ശേഷമാണ് തിലകിന് വീണ്ടും ടീമിലേക്ക് വിളിയെത്തിയത്. ഈ അവസരം അദ്ദേഹം നന്നായി മുതലാക്കിയെന്ന് തന്നെ പറയാം. സെഞ്ച്വൂറിയനില്‍ 56 പന്തില്‍ പുറത്താവാതെ 107 റണ്‍സാണ് തിലക് നേടിയത്. എട്ട് ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് തിലക് മിന്നിച്ചത്. 191.07 സ്‌ട്രൈക്ക് റേറ്റിലായിരുന്നു തിലകിന്റെ പ്രകടനം.
നാലാം നമ്പറില്‍ കളിച്ചിരുന്ന തിലകിനെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നതോടെയാണ് താരം മിന്നിച്ചത്. ഇന്ത്യയെ 219 എന്ന സ്‌കോറിലേക്കെത്തിക്കാന്‍ നിര്‍ണ്ണായകമായത് തിലക് വര്‍മയാണെന്ന് പറയാം. ഇന്ത്യയുടെ മധ്യനിരയില്‍ വിശ്വസ്തനായി താന്‍ ഉണ്ടാവുമെന്ന് അടിവരയിടുന്ന പ്രകടനമാണ് അദ്ദേഹം ഇപ്പോള്‍ കാഴ്ചവെച്ചത്. തിലകിന്റെ സെഞ്ച്വറി പ്രകടനത്തിന് പിന്നില്‍ സൂര്യകുമാര്‍ യാദവിന്റെ പങ്ക് വളരെ വലുതാണ്. സൂര്യകുമാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായതാണ് തിലകിന് കരുത്തായത്.
തിലക് മൂന്നാം നമ്പര്‍ ചോദിച്ചു
ആദ്യ രണ്ട് മത്സരത്തിലും നാലാം നമ്പറിലാണ് തിലക് വര്‍മക്ക് അവസരമുണ്ടായിരുന്നത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ തിലക് മൂന്നാം നമ്പര്‍ ചോദിക്കുകയായിരുന്നു. ഇതിന് സൂര്യകുമാര്‍ സമ്മതിച്ചതാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി പ്രകടനത്തിലേക്കെത്താന്‍ തിലക് വര്‍മയെ സഹായിച്ചതെന്ന് പറയാം. തിലക് തന്നോട് ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ച് മത്സരശേഷം സൂര്യകുമാര്‍ വെളിപ്പെടുത്തിയിരുന്നു. 'തിലക് വര്‍മയെക്കുറിച്ച് ഞാന്‍ എന്താണ് പറയേണ്ടത്.
അവന്‍ എന്റെ അടുത്തുവന്ന് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌തോട്ടെ എന്നാണ് ചോദിച്ചത്. ഞാന്‍ പറഞ്ഞു ഇത് നിന്റെ ദിവസമാണ് ആസ്വദിച്ച് കളിക്കണമെന്ന്. അവന് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ അവന്റെ പ്രകടനത്തില്‍ വളരെയധികം സന്തോഷവുമുണ്ട്. അവന്റെ മൂന്നാം നമ്പറിലെ പ്രകടനത്തെ വളരെയധികം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്' സൂര്യകുമാര്‍ പറഞ്ഞു.

സൂര്യക്ക് നന്ദി പറഞ്ഞ് തിലക് വര്‍മ
ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവനാണ് തിലക് വര്‍മ. ഇന്ത്യ അണ്ടര്‍ 19 ടീമിലൂടെ വളര്‍ന്ന തിലകിന്റെ കരുത്ത് മുംബൈ ഇന്ത്യന്‍സിലൂടെ എല്ലാവരും കണ്ടതാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പവും പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങള്‍ നടത്താന്‍ ഇടം കൈയന്‍ താരത്തിന് സാധിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറി പ്രകടനത്തോടെ തിലക് വലിയ പ്രതീക്ഷയാണ് ടീമിന് നല്‍കുന്നത്. തന്റെ സെഞ്ച്വറി പ്രകടനത്തില്‍ തിലക് സൂര്യയോടാണ് നന്ദി പറയുന്നത്.
'എല്ലാ നന്ദിയും എനിക്ക് പറയാനുള്ളത് നായകന്‍ സൂര്യകുമാര്‍ യാദവിനോടാണ്. അദ്ദേഹമാണ് മൂന്നാം നമ്പറില്‍ കളിക്കാന്‍ എനിക്ക് അവസരം തന്നത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ അവസരം നല്‍കാന്‍ സൂര്യഭായ് തയ്യാറായി. എന്റെ സാങ്കേതികമായ അടിത്തറയില്‍ ഉറച്ച് നിന്ന് എന്നെ തുറന്ന് കാട്ടുകയെന്നതാണ് ഞാന്‍ ആഗ്രഹിച്ചത്' തിലക് വര്‍മ പറഞ്ഞു. എന്തായാലും ഇന്ത്യയുടെ ടി20 ടീമിന് വലിയ മുതല്‍ക്കൂട്ടാവാന്‍ തിലക് വര്‍മക്ക് സാധിക്കുമെന്ന് തന്നെ പറയാം.
സ്ഥിരതയോടെ കളിക്കണം
ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിരതയോടെ കളിക്കാന്‍ സാധിക്കേണ്ടത് അത്യാവശ്യമാണ്. സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറികള്‍ നേടി കൈയടി നേടിയിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും സഞ്ജു ഡെക്കിനാണ് പുറത്തായത്. ഇത്തരം പ്രകടനംകൊണ്ട് ടീമില്‍ തുടരുക പ്രയാസമാണെന്ന് പറയാം. തിലക് ഇപ്പോള്‍ സെഞ്ച്വറിയോടെ തന്റെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണ്. ഈ നിലവാരം താഴോട്ട് പോകാതെ മുന്നോട്ട് പോകാന്‍ തിലകിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സൂര്യകുമാര്‍ യാദവ് തിലകിനായി വരുന്ന മത്സരങ്ങളിലും മൂന്നാം നമ്പര്‍ വിട്ടുകൊടുക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും തിലകിന്റെ സെഞ്ച്വറി പ്രകടനം നാലാം മത്സരത്തിലും ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് അറിയേണ്ടത്. പരമ്പര നേടാന്‍ നാലാം മത്സരം ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്. നിലവില്‍ 2-1ന് പരമ്പരയില്‍ ഇന്ത്യയാണ് മുന്നിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications