പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 297 റണ്‍സ് എന്ന മികച്ച വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ഇന്ത്യ. തുടക്കം മോശമായിരുന്നിട്ടും സഞ്ജു സാംസണിന്റേയും (108) തിലക് വര്‍മയുടേയും (52) തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച ടോട്ടലിലേക്കെത്തിച്ചത്. സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ച്വറിയാണ് താരം പാളില്‍ നേടിയെടുത്തത്. തിലക് വര്‍മ സഞ്ജുവിന് നിര്‍ണ്ണായക പിന്തുണയും നല്‍കി.
പതിയെ തുടങ്ങിയ തിലക് പിന്നീട് വെടിക്കെട്ട് ബാറ്റിങ്ങോടെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. 77 പന്ത് നേരിട്ട് 5 ഫോറും 1 സിക്‌സുമാണ് തിലക് നേടിയത്. അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ വിരാട് കോലിയുടേയും സായ് സുദര്‍ശന്റേയും വമ്പന്‍ റെക്കോഡുകളെ തിലക് മറികടന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി തിലക് മാറിയിരിക്കുകയാണ്.
21 വയസും 43 ദിവസവുമാണ് നിലവില്‍ തിലകിന്റെ പ്രായം. 22 വയസും 68 ദിവസവും പ്രായം ഉള്ളപ്പോള്‍ കോലി ഈ നേട്ടത്തിലേക്കെത്തിയിരുന്നു. ഈ പരമ്പരയിലൂടെ സായ് സുദര്‍ശന്‍ കോലിയുടെ റെക്കോഡ് തകര്‍ത്തിരുന്നു. 22 വയസും 63 ദിവസവുമായിരുന്നു ഈ നേട്ടത്തിലെത്തുമ്പോള്‍ സുദര്‍ശന്റെ പ്രായം. എന്നാല്‍ ഈ റെക്കോഡിനേയും തിലക് പഴങ്കഥയാക്കിയിരിക്കുകയാണ്. ടോപ് ഓഡറില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ തിലകിന് സാധിച്ചിരുന്നില്ല.
എന്നാല്‍ മധ്യനിരയിലേക്കെത്തിയതോടെ തിലക് ഫോം വീണ്ടെടുത്തിരിക്കുകയാണ്. അടുത്ത യുവരാജ് സിങ് എന്ന് ഇതിനോടകം പേരെടുക്കാന്‍ തിലകിന് സാധിച്ചു. ഇന്നത്തെ പ്രകടനത്തോടെ തിലക് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായിരിക്കുകയാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ സഞ്ജുവിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കാന്‍ മലയാളി താരത്തിന് സാധിച്ചിരിക്കുകയാണ്.

എട്ട് വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറില്‍ വേണ്ടത്ര അവസരം നല്‍കാതെ തഴയപ്പെട്ട സഞ്ജു ഇപ്പോള്‍ നിര്‍ണ്ണായക സമയത്ത് സെഞ്ച്വറിയോടെ മിന്നിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റുചെയ്ത് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി സഞ്ജു സാംസണ്‍ മാറിയിരിക്കുകയാണ്. ഇതിന് മുമ്പ് വിരാട് കോലിക്ക് മാത്രമാണ് ഈ റെക്കോഡിലേക്കെത്താനായത്.
സഞ്ജുവിന്റെ ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് അദ്ദേഹം അടിച്ചെടുത്തിരിക്കുന്നത്. ബാറ്റിങ് വളരെ ദുഷ്‌കരമായ പിച്ചിലാണ് സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. 14 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 56ന് മുകളില്‍ ശരാശരിയില്‍ 510 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയുമുണ്ട്. ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞവര്‍ക്കുള്ള സഞ്ജുവിന്റെ മറുപടിയാണ് ഈ പ്രകടനമെന്ന് പറയാം.
റിങ്കു സിങ്ങിന്റെ മികവും എടുത്തു പറയേണ്ടതാണ്. നേരിട്ട രണ്ടാം പന്ത് ബൗണ്ടറി കടത്തി തുടങ്ങിയ റിങ്കു 27 പന്തില്‍ 38 റണ്‍സാണ് നേടിയത്. 3 ഫോറും 2 സിക്‌സുമാണ് താരം നേടിയത്. ഫിനിഷര്‍ റോളില്‍ തിലകിന്റെ മികവ് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണെന്ന് നിസംശയം പറയാം.
പ്ലേയിങ് 11: ഇന്ത്യ- സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍, രജത് പാട്ടീധാര്‍, തിലക് വര്‍മ, കെ എല്‍ രാഹുല്‍ (c), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍
ദക്ഷിണാഫ്രിക്ക- റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, നന്ദ്രേ ബുര്‍ഗര്‍, ലിസാഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്