വിശാഖപട്ടണം: ടെസ്റ്റ് പരമ്പരയിലേറ്റ സമ്പൂര്‍ണ തോല്‍വിക്കു സൗത്താഫ്രിക്കയോടു ഏകദിനത്തില്‍ കണക്കുതീര്‍ത്ത് ടീം ഇന്ത്യ. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തില്‍ ഒമ്പതു വിക്കറ്റിനാണ് സൗത്താഫ്രിക്കയെ ഇന്ത്യ കശാപ്പ് ചെയ്തത്. ഇതോടെ പരമ്പര 2-1നു ഇന്ത്യ പിടിച്ചെടുക്കുകയും ചെയ്തു.
350 റണ്‍സ് പിറക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട പിച്ചില്‍ സൗത്താഫ്രിക്കയെ 270 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയസാധ്യത വര്‍ധിപ്പിച്ചിരുന്നു. റണ്‍ചേസില്‍ 39.5 ഓവറില്‍ വെറും ഒരു വിക്കറ്റിനു വളരെ അനായാസം ടീം ജയത്തിലേക്കു കുതിക്കുകയും ചെയ്തു. യശസ്വി ജയ്‌സ്വാളിന്റെ കന്നി സെഞ്ച്വറിയും (116*) രോഹിത് ശര്‍മ (75), വിരാട് കോലി (65*) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യന്‍ ജയത്തിനു കരുത്തേകി.

121 ബോളില്‍ 12 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. രോഹിത് 73 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സും കോലി വെറും 45 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സും പായിച്ചു. ഓപ്പണിങ് വിക്കറ്റില്‍ കെഎല്‍ രാഹുല്‍- യശസവി ജയ്‌സ്വാള്‍ 155 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ജയം അനായാസമായി മാറി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട സൗത്താഫ്രിക്കയെ 47.5 ഓവറില്‍ 270 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് അവര്‍ക്കു കരുത്തായത്. 89 ബോളില്‍ എട്ടു ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ (48) ടെംബ ബവൂമയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
ഒരു സമയത്തു സൗത്താഫ്രിക്ക രണ്ടു വിക്കറ്റിനു 168 റണ്‍സെന്ന അതിശക്തമായ നിലയിലായിരുന്നു. എന്നാല്‍ അടുത്ത 102 റണ്‍സിനിടെ അവരുടെ എട്ടു വിക്കറ്റുകളും ഇന്ത്യ കടപുഴക്കുകയായിരുന്നു. ഒരോവറില്‍ തന്നെ രണ്ടു തവണയാണ് സൗത്താഫ്രിക്കയ്ക്കു രണ്ടു വിക്കറ്റുകള്‍ നഷ്ടമായത്. അവരുടെ കുതിപ്പിനു കടിഞ്ഞാണിട്ടതും ഇതോടെയാണ്. നാലു വിക്കറ്റുകള്‍ വീതം പങ്കിട്ട പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് സൗത്താഫ്രിക്കയെ എറിഞ്ഞിട്ടത്.
തുടര്‍ച്ചയായി 20 ഏകദിനങ്ങളില്‍ ടോസ് കൈവിട്ട ശേഷമാണ് ഈ കളിയില്‍ ടോസ് ഭാഗ്യം ഇന്ത്യയെ തേടിയെ്ത്തിയത്. ഇന്ത്യന്‍ നായകന്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും മാറ്റങ്ങളോടെയാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കിയ ഇന്ത്യ പകരം യുവ താരം തിലക് വര്‍മയെ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്തു സൗത്താഫ്രിക്ക രണ്ടു മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ ടോണി ഡിസോര്‍സി, നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ക്കു പകരം റയാന്‍ റിക്കെല്‍റ്റണും ഒട്‌നീല്‍ ബാര്‍ട്ട്മാനും ടീമിലേക്കു വന്നു.
അതേസമയം, കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനയക്കപ്പെട്ട ശേഷം വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. ആദ്യത്തേതില്‍ ഈ സ്‌കോര്‍ പ്രതിരോധിച്ച ഇന്ത്യക്കു രണ്ടാമത്തേതില്‍ അടിതെറ്റുകയും ചെയ്തു. ഈ രണ്ടു കളിയിലും ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു.
റാഞ്ചിയിലെ ആദ്യ കളിയില്‍ 17 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എട്ടു വിക്കറ്റിനു 349 റണ്‍സാണ് രാഹുലും സംഘവും കുറിച്ചത്. ഇതേ നാണയത്തില്‍ തിരിച്ചടിച്ച സൗത്താഫ്രിക്ക അവസാനം വരെ വീറോടെ തന്നെ പൊരുതി. പക്ഷെ രണ്ടു ബോള്‍ ശേഷിക്കെ 332 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു.
എന്നാല്‍ രണ്ടാമങ്കത്തില്‍ ഇതിനേക്കാള്‍ വലിയ സ്‌കോര്‍ ചേസ് ചെയ്തു ജയിച്ച സൗത്താഫ്രിക്ക ഇന്ത്യയെ ഞെട്ടിക്കുകയും ചെയ്തു. അഞ്ചു വിക്കറ്റിനു 358 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്കു സാധിച്ചു. എന്നാല്‍ എയ്ഡന്‍ മാര്‍ക്രമിന്റെ സെഞ്ച്വറിയിലേറി അവര്‍ അവിശ്വസനീയ റണ്‍ചേസും പൂര്‍ത്തിയക്കി. നാതു വീതം വിക്കറ്റും ബോളും ശേഷിക്കെയായിരുന്നു സൗത്താഫ്രിക്കന്‍ വിജയം.
പ്ലെയിങ് 11
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
സൗത്താഫ്രിക്ക- റയാന്‍ റിക്കെല്‍റ്റണ്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവൂമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്‌കെ, എയ്ഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.