
ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തന്റെ ശക്തമായ തിരിച്ചുവരവിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറും സൗത്തഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍. ടീമംഗവും നാട്ടുകാരനും ഓപ്പണിങ് പങ്കാളിയുമായ മായങ്ക് അഗര്‍വാളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിസിഐ ട്വിറ്ററിലൂടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവിട്ടത്.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ രാഹുലും മായങ്കും ചേര്‍ന്നാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ടെസ്റ്റില്‍ രാജ്യത്തിനു വേണ്ടി ഓപ്പണ്‍ ചെയ്യുന്ന ആദ്യത്തെ കര്‍ണാടക ജോടികള്‍ കൂടിയാണ് ഇരുവരും. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് രാഹുല്‍-മായങ്ക് ജോടി ആദ്യമായി ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തത്. മൂന്നു തവണ ഇരുവരും ഓപ്പണ്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കാനായിട്ടില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി രാഹുലും മായങ്കുമാണ് ഓപ്പണ്‍ ചെയ്തിരുന്നത്. പുതിയ സീസണിനു മുന്നോടിയായി രാഹുല്‍ ടീം വിട്ടെങ്കിലും മായങ്ക് ഇപ്പോഴും പഞ്ചാബിന്റെ കൂടാരത്തിലുണ്ട്.
തികച്ചും അപ്രതീക്ഷിതമായിട്ടാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ രാഹുലിന് വൈസ് ക്യാപ്റ്റനായി നറുക്കുവീണത്. യഥാര്‍ഥത്തില്‍ ഈ ചുമലതല നേരത്തേ രോഹിത്തിനായിരുന്നു. വൈസ് ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ കന്നി പരമ്പര കൂടിയായിരുന്നു ഇത്. പക്ഷെ പരമ്പരയ്ക്കായി യാത്ര തിരിക്കുന്നതിനു മുമ്പ് മുംബൈയില്‍ വച്ചേറ്റ പരിക്ക് കാരണം രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്ടമാവുകയായിരുന്നു. പകരക്കാരനായി രാഹുലിനെ നിയമിക്കുകയമായിരുന്നു. അടുത്തിടെയാണ് അദ്ദേഹം ടി20 ടീമിലെ സ്ഥിരം വൈസ് ക്യാപ്റ്റനായത്. വിരാട് കോലി ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ പകരം രോഹിത് പുതിയ നായകനാവുകയും ചെയ്തിരുന്നു.

ആറ്- ഏഴ് മാസങ്ങള്‍ക്കു മുമ്പോ, ഒരു വര്‍ഷത്തിനു മുമ്പോ ടെസ്റ്റില്‍ ഇനി ഇന്ത്യക്കു വേണ്ടി വീണ്ടും കളിക്കാന്‍ കഴിയുമെന്നു പോലും ഞാന്‍ കരുതിയിരുന്നില്ല. പക്ഷെ വളരെ പെട്ടെന്നായിരുന്നു കാര്യങ്ങളല്ലാം മാറിമറിഞ്ഞത്. ഇതില്‍ വളരെയധികം സന്തോഷവും നന്ദിയുമുണ്ട്. വൈസ് ക്യാപ്റ്റന്‍സിയെന്ന വലിയ ഉത്തരവാദിത്തം കൂടി ലഭിച്ചത്. വളരെയധികം അഭിമാനമുണ്ട്. എല്ലായ്‌പ്പോഴത്തെയും പോലെ ഇത്തവണയും ഏറ്റവും മികച്ചത് തന്നെ നല്‍കാനായിരിക്കും ശ്രമിക്കുക. കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാന്‍ ടീമിനെ സഹായിക്കാന്‍ ശ്രമിക്കുമെന്നും മായങ്കിനോടു രാഹുല്‍ പറഞ്ഞു.
ഒരുപാട് നരച്ച മുടിയുള്ളതിനാലാവും ഇങ്ങനെയൊരു ഉത്തരവാദിത്തം കൂടി ലഭിച്ചതെന്നു മായങ്ക് തമാശയായി പറയുകയും ചെയ്തു. അതിനോടു രാഹുലിന്റെ രസകരായ മറുപടി ഇങ്ങനെയായിരുന്നു. ഐപിഎല്‍ ക്യാപ്റ്റന്‍സിക്കിടെയാണ് എന്റെ താടി കുറച്ച് നരയ്ക്കാന്‍ തുടങ്ങിയത്, ഇവിടെ നിന്നുള്ള ഉത്തരവാദിത്തത്തില്‍ നിന്നല്ല. ഇത്രയും വലിയൊരു ഉത്തരവാദിത്തം ഇപ്പോള്‍ ദേശീയ ടീമില്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്, ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാവുകയെന്നത് വലിയ അഭിമാനവുമാണ്. ആരായാലും ഇതു സ്വീകരിക്കും, ആരും മുടി നരയ്ക്കുന്നതിനെക്കുറിച്ച് അസ്വസ്ഥരാവുകയുമില്ല.
2019ലായിരുന്നു രാഹുല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താവുന്നത്. തുടര്‍ച്ചയായ മോശം പ്രകനങ്ങള്‍ അദ്ദേഹത്തിനു തിരിച്ചടിയാവുകയായിരുന്നു. എങ്കിലും നായകന്‍ വിരാട് കോലിയുടെ പിന്തുണ കാരണം മറ്റു പല താരങ്ങളേക്കാളും കൂടുതല്‍ അവസരങ്ങള്‍ രാഹുലിന് ലഭിച്ചിരുന്നു. പക്ഷെ ഇവയൊന്നും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. കഴിഞ്ഞ വര്‍ഷം ഒരു ടെസ്റ്റില്‍പ്പോലും രാഹുല്‍ കളിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ സീസണിലെ എല്ലാ മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമായി.
ഈ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് രാഹുല്‍ ടെസ്റ്റ് തിരിച്ചെത്തിയത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലേക്കു അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായിരുന്നു. പക്ഷെ ഓപ്പണിങില്‍ അപ്പോഴും സ്ഥാനമുറപ്പില്ലായിരുന്നു. ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കായിരുന്നു രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി മുന്‍തൂക്കം. പക്ഷെ പരിക്കു കാരണം ഗില്ലിന് ഈ പരമ്പരില്‍ നിന്നും പിന്മാറേണ്ടി വന്നു. ആദ്യ ടെസ്റ്റിനു മുന്നോടിയായി പരിശീലനം നടത്തവെ മായങ്കിനും പരിക്കേറ്റതോടെ രാഹുലിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി. ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ച രാഹുല്‍ പരമ്പരയിലുടനീളം രോഹിത്തിനൊപ്പം മികച്ച കൂട്ടുകെട്ടുമായി സ്ഥാനമുറപ്പിക്കുകയുമായിരുന്നു.