ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഈ മാസം 26നു ആരംഭിക്കാനിരിക്കെ നായകന്‍ രോഹിത് ശര്‍മയെക്കുറിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞ കാര്യം ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ പരമ്പര കൂടിയാണിത്.
സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കാന്‍ ഇത്തവണയെങ്കിലും ഇന്ത്യക്കു കഴിയുമോയെന്നതാണ് ചോദ്യം. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ പരാജയത്തിനു ശേഷം രോഹിത്തുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളുടെ തിരിച്ചുവരവിനു കൂടിയാണ് ടെസ്റ്റ് പരമ്പര വേദിയാവുക.

വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവരെല്ലാം ലോകകപ്പ് ഫൈനലിനു ശേഷം ബ്രേക്കിലാണ്. ഇവരെല്ലാം ടെസ്റ്റ് രമ്പരയിലൂടെയാണ് ടീമിലേക്കു മടങ്ങിയെത്തുന്നത്. അതുകൊണ്ടു തന്നെ ലഭ്യമായതില്‍ ഏറ്റവും ശക്തമായ ടീമിനെ അണിനിരത്താന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്യും.
നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലുടനീളം രോഹിത്തിനു കീഴില്‍ ഗംഭീര പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. തുടര്‍ച്ചയായ 10 വിജയങ്ങളുമായി കുതിച്ച ഇന്ത്യ അപരാജിത റെക്കോര്‍ഡുമായി കിരീടമുയര്‍ത്തുമെന്നും എല്ലാവരും സ്വപ്‌നം കണ്ടിരുന്നു. പക്ഷെ ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ കളി മറന്ന ഇന്ത്യ മൂന്നാം ലോക കിരീടമുയര്‍ത്താനുള്ള സുവര്‍ണാവസരം പാഴാക്കുകയും ചെയ്തു.
ലോകകപ്പിന്റെ ഫൈനലിലേറ്റ തിരിച്ചടിക്കു സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത് പ്രായശ്ചിത്തം ചെയ്യുമെന്നും ഇതിനുള്ള അവസരമാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നതെന്നുമാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇതു സംഭവിച്ചാല്‍ രോഹിത്തിന്റെ കരിയറിലെ ഏറ്റവും വലിയ പൊന്‍തൂവല്‍ തന്നെയായിരിക്കും അത്. കാരണം റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര വിജയിക്കാനായിട്ടില്ല. ഹിറ്റ്മാന് അതിനായാല്‍ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.
സൗത്താഫ്രിക്കയില്‍ രോഹിത് ഓപ്പണറായി കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് ഇത്തവണത്തേത്. നേരത്തേ ഇവിടെ പര്യടനം നടത്തിയപ്പോള്‍ അദ്ദേഹം മധ്യനിരയിലാണ് കളിച്ചത്. വിരാട് കോലിക്കു കീഴില്‍ 2021ല്‍ ഇന്ത്യ അവസാനമായി സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ പരിക്കു കാരണം രോഹിത്തിനു പരമ്പര നഷ്ടമാവുകയും ചെയ്തിരുന്നു.

ഇത്തവണത്തേത് ഒരുപക്ഷെ അദ്ദേഹത്തിന്റെ അവസാനത്തെ സൗത്താഫ്രിക്കന്‍ പര്യടനം കൂടിയായിരിക്കും. അതുകൊണ്ടു തന്നെ ക്യാപ്റ്റന്നെ നിലയിലും ബാറ്ററെന്ന നിലയിലും അതു അവിസ്മരണായമാക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും രോഹിത്തെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആറ്- എട്ടു മാസങ്ങള്‍ക്കിടെ രോഹിത് ശര്‍മയും വിരാട് കോലിയും തങ്ങളുടെ ഏറ്റവും മികച്ച ഫോമിലാണ്. മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളവര്‍ക്കു നല്ലൊരു അടിത്തറ നല്‍കുന്നതിന് രോഹിത്തിനു വലിയൊരു റോള്‍ തന്നെ ടെസ്റ്റ് പരമ്പരയിലുണ്ടാവും. എന്തൊക്കെ സംഭവിച്ചാലും ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ നഷ്ടം നികത്താന്‍ രോഹിത്തിന്റെ അവസരമായിരിക്കും ഇതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.
ബാറ്ററെന്ന നിലയില്‍ സൗത്താഫ്രിക്കയിലേതു വലിയൊരു പരമ്പരയായി മാറണെന്നു രോഹിത് ആഗ്രഹിക്കുന്നുണ്ടാവുമെന്നു എനിക്കുറപ്പാണ്. അദ്ദേഹം മികച്ച ഫോമിലുമാണ്. ഇന്ത്യയെ സഹായിക്കുന്നതില്‍ രോഹിത് സുപ്രധാനമായ റോള്‍ തന്നെ വഹിക്കുമെന്നു എനിക്കുറപ്പുണ്ട്. ഇന്ത്യക്കു സൗത്താഫ്രിക്കയില്‍ വിജയിക്കണമെങ്കില്‍ രോഹിത്തിനു ഇതൊരു നല്ല പരമ്പരയായി മാറണമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.