IND vs SA T20: ഇന്ത്യയുടെ ആ സ്വഭാവം മോശം, ആശങ്കയുണ്ടാക്കുന്നു, വിമര്‍ശിച്ച് സഹീര്‍ ഖാന്‍

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യ കളി മറന്നിരിക്കുകയാണ്. രണ്ടാം മത്സരത്തില്‍ 10 പന്ത് ബാക്കിനിര്‍ത്തി നാല് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സന്ദര്‍ശകര്‍ അനായാസമായി വിജയലക്ഷ്യം മറികടന്നു. ഹെന്റിച്ച് ക്ലാസന്റെ (81) ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും കട്ടക്കില്‍ ഒരുപോലെ കളി മറന്നു.
രണ്ടാം തോല്‍വിയോടെ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-0ന് പിന്നിലായിരിക്കുകയാണ്. മൂന്നാം മത്സരത്തിലും തോറ്റാല്‍ പരമ്പര കൈവിടും. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ ഒരു സ്വഭാവത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. എതിരാളികള്‍ കൂട്ടുകെട്ട് സൃഷ്ടിക്കുമ്പോള്‍ തകര്‍ക്കാന്‍ ശ്രമിക്കാതെ ഇന്ത്യ തളരുന്നതായാണ് ഇപ്പോള്‍ കാണുന്നതെന്നാണ് സഹീറിന്റെ വിമര്‍ശനം. 'ക്ലാസനും ബാബുമയും കൂട്ടുകെട്ട് സൃഷ്ടിച്ച് മുന്നോട്ട് പോകവെ ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം താഴോട്ട് പോകുന്നതായാണ് കണ്ടത്. ഇത് ഫീല്‍ഡിങ്ങില്‍ പ്രകടമായിരുന്നു. രാഹുല്‍ ദ്രാവിഡും സംഘവും ഇതാണ് പരിശോധിക്കേണ്ടതും തിരുത്തേണ്ടതും.

എത്രയും വേഗം ഇതില്‍ മാറ്റം ഉണ്ടാവണം. കാരണം മൂന്നാം മത്സരത്തിന് മുമ്പ് ഒരു ദിവസം മാത്രമാണ് ഇടവേള. എത്രയും വേഗം ടീം ഇക്കാര്യത്തില്‍ മാറ്റം വരുത്തണം. 40 ഓവര്‍ വരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനാവണം. ആദ്യ മത്സരത്തില്‍ 30 ഓവര്‍വരെ ഇന്ത്യ ഡ്രൈവിങ് സീറ്റിലായിരുന്നു. ഇത്തവണയും അങ്ങനെയായിരുന്നു. ഭുവനേശ്വര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. വളരെയധികം സമ്മര്‍ദ്ദം ഇന്ത്യ മത്സരത്തില്‍ നേരിടുന്നുണ്ട്'- സഹീര്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ച് സീനിയര്‍ താരങ്ങളുടെ അഭാവം ടീമിലുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ വിശ്രമം എടുക്കുകയും കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്താവുകയും ചെയ്തതോടെ ഇന്ത്യയുടെ സംതുലിതാവസ്ഥയെ അത് ബാധിച്ചു. ബാറ്റിങ് നിരയില്‍ വിശ്വസ്തനായ സീനിയര്‍ താരത്തിന്റെ അഭാവം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

കട്ടക്കില്‍ ഭുവനേശ്വര്‍ കുമാര്‍ പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നേടി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും അതിനെ മുതലാക്കാന്‍ ഒപ്പമുള്ളവര്‍ക്കായില്ല. ആവേഷ് ഖാനും ഹര്‍ഷല്‍ പട്ടേലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടാതെ ഇരുന്നെങ്കിലും മാച്ച് വിന്നിങ് ബൗളിങ് കാഴ്ചവെക്കാനായില്ല. സ്പിന്നര്‍മാരും നിരാശപ്പെടുത്തി. യുസ് വേന്ദ്ര ചഹാല്‍ നാല് ഓവറില്‍ 49 റണ്‍സാണ് വഴങ്ങിയത്. അക്ഷര്‍ പട്ടേല്‍ ഒരോവറില്‍ 19 റണ്‍സും വിട്ടുകൊടുത്തു.
ഭുവനേശ്വറുടെ പ്രകചനത്തെ സഹീര്‍ പ്രശംസിച്ചു. 'ഭുവനേശ്വര്‍ കുമാര്‍ എപ്പോഴും കാര്യങ്ങള്‍ ലളിതമായി ചെയ്യുന്നയാളാണ്. ഏത് സാഹചര്യത്തിലും കളിച്ചുള്ള അനുഭവസമ്പത്ത് അവനുണ്ട്. സാഹചര്യങ്ങളെ അവന് നന്നായി അറിയാം. എത്ര മനോഹരമായാണ് അവന്‍ നക്കിള്‍ ബോള്‍ ഉപയോഗിച്ചത്. ഓരോ താരത്തിനെതിരേയും ഏത് പന്താണ് വേണ്ടതെന്ന് അവന് കൃത്യമായി അറിയാം'-സഹീര്‍ കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്. ആര്‍ക്കും സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം. റിഷഭ് പന്തിനും ഹര്‍ദിക് പാണ്ഡ്യക്കും മധ്യനിരയില്‍ സ്ഥിരതയില്ല. ദിനേഷ് കാര്‍ത്തിക് ഫിനിഷര്‍ റോളില്‍ തിളങ്ങുന്നതാണ് ആശ്വാസം. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യക്ക് മാറ്റങ്ങള്‍ വേണമെന്ന് വ്യക്തമാക്കിത്തരുന്നതാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ട് തോല്‍വികള്‍. മൂന്നാം മത്സരത്തിലും തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടും. നാണക്കേട് ഒഴിവാക്കാന്‍ ആതിഥേയര്‍ക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications