IND vs SA: 'ഐപിഎല്‍ കളിച്ച് ടിക് ടോക്കും ചെയ്ത് നടക്കൂ', ആരാധകര്‍ കലിപ്പില്‍, ചഹാലിന് ട്രോള്‍

കട്ടക്ക്: ന്യൂഡല്‍ഹിയില്‍ തോറ്റെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമെങ്കിലും ആശ്വസിക്കാനുണ്ടായിരുന്നു. എന്നാല്‍ കട്ടക്കില്‍ ഒന്നും അവകാശപ്പെടാനില്ലാത്ത തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. രണ്ടാം ടി20യില്‍ ഇന്ത്യ മുന്നോട്ട് വെച്ച 148 റണ്‍സ് വിജയലക്ഷ്യം 10 പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ 40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. ബൗളിങ്ങില്‍ സീനിയര്‍ താരം ഭുവനേശ്വര്‍ കുമാറിന്റെ നാല് വിക്കറ്റ് പ്രകടനം മാത്രമാണ് ഇന്ത്യക്ക് ആശ്വാസമായത്.
ഇന്ത്യയുടെ സ്പിന്നര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. അതില്‍ എടുത്തു പറയേണ്ടത് യുസ് വേന്ദ്ര ചഹാലിന്റെ മോശം ഫോമാണ്. നാല് ഓവറില്‍ 49 റണ്‍സാണ് ചഹാല്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് നേടിയെങ്കിലും 12.25 ഇക്കോണമിയിലായിരുന്നു ചഹാലിന്റെ പ്രകടനം. ആദ്യ മത്സരത്തിലും ചഹാല്‍ നിരാശപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് ജേതാവായി എത്തിയ ശേഷമാണ് ചഹാല്‍ ഇന്ത്യക്കായി തീര്‍ത്തും നിറം മങ്ങുന്നത്.

ഇപ്പോഴിതാ ചഹാലിന്റെ ഇന്ത്യക്കായുള്ള മോശം പ്രകടനത്തില്‍ ആരാധകര്‍ കട്ടകലിപ്പിലാണ്. മോശം പ്രകടനത്തിന്റെ പേരില്‍ നിരവധി ട്രോളുകളാണ് ചഹാലിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഐപിഎല്ലും കളിച്ച് ടിക് ടോകും ചെയ്ത് നടന്നാല്‍ മതി ഇന്ത്യക്കായി കളിക്കേണ്ട എന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഷോട്ട് പന്തുകള്‍ എറിഞ്ഞ് വെറുതെ തള്ള് വാങ്ങുകയാണെന്നും സീനിയര്‍ ബൗളറുടെ ഒരു ഉത്തരവാദിത്തവും അവന്‍ കാട്ടുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
2021ലെ ടി20 ലോകകപ്പില്‍ ചഹാലിനെ ഒഴിവാക്കിയത് നന്നായെന്നും 2022ലെ ടി20 ലോകകപ്പിലും ചഹാല്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലില്‍ സിംഹവും ഇന്ത്യന്‍ ടീമില്‍ പൂച്ചയുമാണെന്ന് ആരാധകര്‍ പറയുന്നു. ആദ്യ മത്സരത്തില്‍ ചഹാലിന് നാല് ഓവര്‍ നല്‍കാത്തതില്‍ വലിയ വിമര്‍ശനം നായകന്‍ റിഷഭ് പന്ത് നേരിട്ടിരുന്നു. എന്നാല്‍ ചഹാലിന് നാല് ഓവര്‍ നല്‍കാതിരുന്നത് നന്നായെന്നും റിഷഭിനെ വിമര്‍ശിച്ചത് തെറ്റായിപ്പോയെന്നുമാണ് ആരാധകര്‍ പറയുന്നത്.

അവസാനമായി ചഹാല്‍ ഇന്ത്യക്കായി നന്നായി പന്തെറിഞ്ഞത് എപ്പോഴാണെന്ന് ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നായകനെന്ന നിലയില്‍ റിഷഭിന്റെ തീരുമാനങ്ങള്‍ മോശമല്ലെന്നും എന്നാല്‍ 148 റണ്‍സ് പ്രതിരോധിച്ച് പന്തെറിയുമ്പോള്‍ ടീമിലെ പ്രധാന സ്പിന്നര്‍ 49 റണ്‍സ് വഴങ്ങിയാല്‍ നായകന് ഒന്നും ചെയ്യാനാവില്ലെന്നും ആരാധകര്‍ പറയുന്നു. പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ഉണ്ടായിട്ടും അത് മുതലാക്കാനായില്ല.
ഇന്ത്യക്ക് എക്കാലത്തും മികച്ച സ്പിന്നര്‍മാരുണ്ടെങ്കിലുും ഇപ്പോള്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മികച്ച സ്പിന്നര്‍മാരില്ലെന്നതാണെന്ന് ആരാധകര്‍ പറയുന്നു. അടുത്ത മത്സരത്തില്‍ ചഹാല്‍ ടീമില്‍ വേണ്ടെന്നും പകരം രവി ബിഷ്‌നോയിയെ കളിപ്പിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. കുല്‍ദീപ് യാദവ് പരിക്കേറ്റ് പുറത്തായതിനാല്‍ നിലവില്‍ ബിഷ്‌നോയ മാത്രമാണ് സ്പിന്നറായി പുറത്തുള്ളത്.

ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ചഹാലിന്റെ സമീപകാല ദേശീയ ടീം പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ട് തന്നെ പുതിയ സ്പിന്‍ കൂട്ടുകെട്ടിനെ ഇന്ത്യ പരീക്ഷിച്ചാലും തെറ്റ് പറയാനാവില്ല. 2020 ജനുവരിക്ക് ശേഷം ടി20യില്‍ 20 ഇന്നിങ്‌സില്‍ നിന്ന് 17 വിക്കറ്റുകളാണ് ചഹാല്‍ നേടിയത്. 8.65 ആണ് ഇക്കോണമി. നീതി പുലര്‍ത്തുന്ന പ്രകടനമല്ലിതെന്നാണ് ആരാധകര്‍ പറയുന്നത്.

ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് പ്രകടനത്തിനെതിരേയും ട്രോളുകള്‍ ഉയരുന്നു. ഐപിഎല്‍ ഫൈനലില്‍ മൂന്ന് വിക്കറ്റടക്കം വീഴ്ത്തുകയും ന്യൂബോളില്‍ മിന്നും പ്രകടനവും നടത്തിയ ഹര്‍ദിക് ഇന്ത്യന്‍ ജഴ്‌സിയില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. പന്തെടുക്കുമ്പോഴൊക്കെ നന്നായി തല്ലുവാങ്ങുന്നു. കട്ടക്കില്‍ മൂന്ന് ഓവറില്‍ 31 റണ്‍സ് വഴങ്ങിയ അദ്ദേഹം ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ല. ന്യൂഡല്‍ഹിയിലും നിരാശപ്പെടുത്തിയിരുന്നു. എന്തായാലും മൂന്നാം മത്സരം കൂടി തോറ്റാല്‍ പരമ്പര കൈവിടുമെന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ജീവന്‍-മരണ പോരാട്ടമാണ് വരാനിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications