IND vs SA T20: ഈ പരമ്പര വിട്ടുകളയരുത്, പ്രധാനപ്പെട്ടത്, കാരണം ചൂണ്ടിക്കാട്ടി റെയ്‌ന

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സര ടി20 പരമ്പരക്ക് ഒമ്പതിന് ആരംഭിക്കുകയാണ്. ഐപിഎല്ലിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റാണിത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നീ സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ കെ എല്‍ രാഹുലാണ് നയിക്കുന്നത്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ താരങ്ങളില്‍ പലരുടേയും പ്രകടനം പ്രതീക്ഷക്കൊത്തായിരുന്നില്ല.
അതേ സമയം ദക്ഷിണാഫ്രിക്കയുടെ ഒട്ടുമിക്ക താരങ്ങളും മികച്ച ഫോമിലായിരുന്നു. ക്വിന്റന്‍ ഡീകോക്ക് സെഞ്ച്വറി നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ ഫിനിഷിങ് മികവുകൊണ്ട് ശ്രദ്ധ നേടി. കഗിസോ റബാഡ 22 വിക്കറ്റുമായി ഞെട്ടിച്ചു. എയ്ഡന്‍ മാര്‍ക്രമും ഭേദപ്പെട്ട പ്രകടനം നടത്തി. ഇതേ പ്രകടനം ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക ആവര്‍ത്തിച്ചാല്‍ ആതിഥേയരായ ഇന്ത്യ വിയര്‍ക്കുമെന്നുറപ്പാണ്.

ഇപ്പോഴിതാ ഇത് പ്രധാനപ്പെട്ട പരമ്പരയാണെന്നും വിട്ടുകളയരുതെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. അതിനുള്ള കാരണവും റെയ്‌ന വിശദമാക്കുന്നു. 'ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഐപിഎല്ലില്‍ ഇവരെല്ലാം കളിച്ചത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഇവര്‍ ഇന്ത്യക്കായി എങ്ങനെ കളിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്കായി കളിക്കുമ്പോള്‍ ഇവരുടെ മാനസിക നില വളരെ പ്രധാനപ്പെട്ടതാണ്.

മത്സരങ്ങള്‍ ജൂണിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ചൂടേറിയ കാലാവസ്ഥയാകും. പരമ്പരയില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഉമ്രാന്‍ മാലിക് പ്രതിഭാശാലിയാണ്. അര്‍ഷദീപ് ഐപിഎല്ലില്‍ എത്ര മനോഹരമായാണ് പന്തെറിഞ്ഞത്. കെഎല്‍ രാഹുല്‍ ക്യാപ്റ്റനാവുന്നു. ഐപിഎല്ലില്‍ നിരവധി തവണ മികവ് കാട്ടിയെങ്കിലും ഇന്ത്യയുടെ നായകനാവുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമല്ല. അവന്‍ മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷ'- റെയ്‌ന പറഞ്ഞു.

ഇത്തവണ രണ്ട് പുതുമുഖങ്ങളെയാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം പേസ് ബൗളിങ്ങില്‍ തിളങ്ങിയ ഉമ്രാന്‍ മാലിക്കും പഞ്ചാബ് കിങ്‌സിനൊപ്പം തിളങ്ങിയ അര്‍ഷദീപ് സിങ്ങും. അഞ്ച് മത്സര പരമ്പരയായതിനാല്‍ രണ്ട് പേര്‍ക്കും അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് ഓരോ പരമ്പരയും പ്രധാനപ്പെട്ടതാണ്. ദക്ഷിണാഫ്രിക്കയോട് പരമ്പര തോറ്റാല്‍ ഇന്ത്യക്കത് വലിയ നാണക്കേടാവും. ഒക്ടോബറില്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലാണ് നടക്കുന്നത്. ഇതിന് ശേഷം ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവരോടും ഇന്ത്യ ടി20 പരമ്പര കളിക്കുന്നുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ നിരാശപ്പെടുത്തിയതിനാല്‍ ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്.

കെ എല്‍ രാഹുലിന് നായകനെന്ന നിലയില്‍ നിരവധി കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ തെളിയിക്കാനുണ്ട്. പരമ്പരയിലെ ആദ്യ മത്സരം തോറ്റാല്‍ വലിയ വിമര്‍ശനം രാഹുല്‍ നേരിടേണ്ടി വരും. കാരണം ആദ്യ മത്സരം ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് 13 തുടര്‍ ജയങ്ങളുടെ ലോക റെക്കോഡിടാന്‍ സാധിക്കൂ. രാഹുലിന് ഇന്ത്യയെ ഈ നേട്ടത്തിലെത്തിക്കാനാവുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications