IND vs SA T20: സീനിയേഴ്‌സില്ല, തിലകും ഉമ്രാനും അര്‍ഷദീപും എത്തും, ഇന്ത്യയുടെ സാധ്യതാ ടീം ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഇന്ത്യയാണ് വേദിയാവുന്നത്. ജൂണ്‍ 9നാണ് പരമ്പര ആരംഭിക്കുന്നത്. മെയ് 29നാണ് ഐപിഎല്‍ ഫൈനല്‍ എന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതായുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം അനുവദിക്കുമെന്നാണ് വിവരം.
പരിക്കേറ്റ രവീന്ദ്ര ജഡേജ, സൂര്യകുമാര്‍ യാദവ്, ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും പരമ്പരക്കുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ താരങ്ങള്‍ക്ക് ആവിശ്യത്തിന് വിശ്രമം നല്‍കാനാണ് ബിസിസി ഐ തീരുമാനം. അതുകൊണ്ട് തന്നെ രണ്ട് മാസമായി ഐപിഎല്‍ കളിക്കുന്ന പ്രമുഖ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കും. ഇതോടെ പുതിയ നായകന് കീഴിലാവും ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുക. നിരവധി യുവതാരങ്ങളെയും ഇന്ത്യ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 22നാവും ഇന്ത്യയുടെ ടീം പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് സൂചന. ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മോശം ഫോമിലായിരുന്ന ഇഷാന്‍ കിഷനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കും. മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും റിഷഭിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി മുഖ്യ പരിഗണന ഇഷാനാണ്. സഞ്ജു സാംസണെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയില്‍ ഇത്തവണ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും.

നായകനായി ശിഖര്‍ ധവാന്‍ എത്താനാണ് സാധ്യത കൂടുതല്‍. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ശിഖര്‍ ധവാന്‍ നടത്തുന്നതെങ്കിലും നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ധവാന് സ്ഥാനമില്ല. സീനിയേഴ്‌സിന്റെ അഭാവത്തില്‍ ധവാനെ ഇന്ത്യ നായകനായി പരിഗണിക്കുമ്പോള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായേക്കും. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പുറത്തായിരുന്ന ഹര്‍ദിക് ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹര്‍ദിക് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തുന്നു. ക്രിക് ബസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം സീനിയര്‍ താരം ദിനേഷ് കാര്‍ത്തികിനെയും ഇന്ത്യ പരിഗണിച്ചേക്കും. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പരിഗണനയിലുള്ള താരമാണ് കാര്‍ത്തിക്. ആര്‍സിബിക്കൊപ്പം ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന കാര്‍ത്തികിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടിക്കറ്റ് ലഭിക്കാന്‍ സാധ്യതകളേറെ.
ഓപ്പണര്‍ റോളി പൃഥ്വി ഷായെ ഇന്ത്യ പരിഗണിച്ചേക്കും. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം വെടിക്കെട്ട് നടത്തുന്ന പൃഥ്വിയെ ഭാവി താരമെന്ന നിലയില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്നേക്കും. റുതുരാജ് ഗെയ്ക്‌വാദിനെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. യുവതാരങ്ങളിലേക്ക് വരുമ്പോള്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ പരിഗണിക്കുമെന്നാണ് വിവരം. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഉമ്രാന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു.

മുംബൈ ഇന്ത്യന്‍സിനൊപ്പം സ്ഥിരതയോടെ കളിച്ച തിലക് വര്‍മക്കും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്നാണ് ക്രിക് ബസിന്റെ റിപ്പോര്‍ട്ടുള്ളത്. പഞ്ചാബ് കിങ്‌സിനൊപ്പം ഡെത്ത് ഓവറിലടക്കം തിളങ്ങുന്ന അര്‍ഷദീപ് സിങ്ങിനെ ഇന്ത്യ പരിഗണിക്കുമ്പോള്‍ ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌നോയ് എന്നിവരും ടീമിലേക്കെത്തിയേക്കും. അതേ സമയം കുല്‍ദീപ് യാദവിനെ അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
ഇന്ത്യയുടെ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, തിലക് വര്‍മ, ക്രുണാല്‍ പാണ്ഡ്യ, ശര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌നോയ്, യുസ്‌വേന്ദ്ര ചഹാല്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications