'സ്വിങ് മാസ്റ്റര്‍ ഭുവി', ആദ്യ ഓവറിലെ വിക്കറ്റ് നേട്ടത്തില്‍ റെക്കോഡ്, പാക് പേസറെ പിന്നിലാക്കി

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ ഗംഭീര റെക്കോഡുമായി ഭുവനേശ്വര്‍ കുമാര്‍. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി ഭുവി രണ്ടാം മത്സരത്തില്‍ പവര്‍പ്ലേയില്‍ തകര്‍ത്താടി. ആദ്യ ഓവറിലെ അവസാന പന്തില്‍ റീസ ഹെന്‍ഡ്രിക്‌സിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത ഭുവി പിന്നാലെ ഡ്വെയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ എന്നിവരെയും മടക്കി അയച്ചു. പവര്‍പ്ലേയില്‍ മൂന്ന് ഓവറില്‍ 10 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടിയതോടെ ടി20യില്‍ ആദ്യ ഓവറില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ഭുവിക്കായി. 31 വിക്കറ്റുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. 30 വിക്കറ്റുകള്‍ വീഴ്ത്തിയ ഡേവിഡ് വില്ലിയേയും മുഹമ്മദ് അമീറിനേയുമാണ് ഭുവനേശ്വര്‍ മറികടന്നത്. 36 വിക്കറ്റുകളുമായി പാക് പേസര്‍ സൊഹൈല്‍ തന്‍വീറാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.

പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ ഭുവിക്ക് തന്‍വീറിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താനുമുണ്ടാവുമെന്ന് ഇടക്കിടെ അടിവരയിടാന്‍ ഭുവിക്ക് സാധിക്കുന്നുണ്ടെങ്കിലും സ്ഥിരത പ്രശ്‌നമാണ്. സ്വിങ്് ബോളുകള്‍ക്കൊണ്ട് ബാറ്റ്‌സ്മാനെ വിറപ്പിക്കുന്ന അദ്ദേഹത്തിന് മികച്ച പ്രകടനം ആവര്‍ത്തിക്കുന്നതില്‍ തെറ്റ് പറ്റുന്നു. സീനിയര്‍ പേസറെന്ന നിലയില്‍ ഭുവിയുടെ സാന്നിധ്യം ടി20 ലോകകപ്പും ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും.
നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഭുവിയാണ് ഇന്ത്യയുടെ പേസ് നിരയുടെ നട്ടെല്ല്. ജസ്പ്രീത് ബുംറ വിരമിച്ചതിനാല്‍ത്തന്നെ ഇന്ത്യയുടെ ബൗളിങ്ങിന്റെ കുന്തമുന ഭുവിയാണ്. ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ശരാശരി പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ ഭുവനേശ്വറും നന്നായി തല്ലുവാങ്ങിയെങ്കിലും അനുഭവസമ്പന്നനായ അദ്ദേഹത്തിന് ശക്തമായ തിരിച്ചുവരവ് നടത്താനായി.

രണ്ടാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടാനായത്. ശ്രേയസ് അയ്യര്‍ (40), ഇഷാന്‍ കിഷന്‍ (34), ദിനേഷ് കാര്‍ത്തിക് (30*) എന്നിവരുടെ പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ആദ്യ മത്സരത്തില്‍ 211 റണ്‍സെന്ന ടീം സ്‌കോര്‍ സമ്മാനിച്ച ഇന്ത്യയുടെ ബാറ്റിങ് നിര കട്ടക്കില്‍ ശരിക്കും വിയര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications