IND vs SA T20: 'ഏഴ് മാസത്തിനിടെ നാല് പരിക്ക്', രാഹുലിന് കഷ്ടകാലം, ലോകകപ്പിലും ആശങ്ക

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ന് ആരംഭിക്കുകയാണ്. കെ എല്‍ രാഹുലിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങാനിരുന്ന ഇന്ത്യക്ക് അവസാന സമയത്താണ് തിരിച്ചടി നേരിട്ടത്. ഇന്നലെ നെറ്റ്‌സ് പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ രാഹുലിന് പരമ്പരയില്‍ നിന്ന് പിന്മാറേണ്ടി വരികയായിരുന്നു. രാഹുലിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് നേരത്തെ തന്നെ ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പരിക്കും.
ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ കെ എല്‍ രാഹുലിന്റെ പരിക്ക് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. കാരണം കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് നാലാം തവണയാണ് രാഹുല്‍ പരിക്കേറ്റ് ടീമിന് പുറത്താകുന്നത്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ രാഹുലിനും ഇന്ത്യക്കും അത് വലിയ തലവേദന തന്നെയാവുമെന്നതില്‍ സംശയമില്ല.

2021 നവംബറില്‍ രാഹുലിന്റെ തുട മസിലിന് പരിക്കേറ്റിരുന്നു. ന്യൂസീലന്‍ഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായിരുന്നു ഇത്. രാഹുലിന്റെ തുടര്‍ പരിക്കുകളുടെ തുടക്കമായിരുന്നു ഇത്. തുടര്‍ന്ന് അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുത്ത് വീണ്ടും കളത്തില്‍ സജീവമായെങ്കിലും 2022 ഫെബ്രുവരിയില്‍ വീണ്ടും പരിക്കേറ്റു. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും രാഹുലിന് നഷ്ടമായി.
പിന്നീട് 2022 മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് തൊട്ടുമുമ്പും രാഹുലിന് പരിക്കേറ്റു. കാല്‍മുട്ടിനേറ്റ പരിക്കാണ് അദ്ദേഹത്തിന് വില്ലനായത്. മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയും സമാന കാരണങ്ങള്‍ കൊണ്ട് രാഹുലിന് നഷ്ടമായി. ഇപ്പോഴിതാ രണ്ട് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും പരിക്കേറ്റ് രാഹുലിന് പുറത്തുപോവേണ്ടി വന്നു. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ടീം മാനേജ്‌മെന്റിന് വലിയ തലവേദനയുണ്ടാക്കുന്ന കാര്യമാണ്.

രാഹുലിനെ ഭാവി നായകനായി പരിഗണിക്കുമ്പോഴും ഇടക്കിടെ പരിക്കേല്‍ക്കുന്നതിനാല്‍ മറ്റ് താരങ്ങളെ നായകനാക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചേക്കും. രാഹുലിന്റെ പ്രതിഭയില്‍ ആര്‍ക്കും തര്‍ക്കമില്ലെങ്കിലും പരിക്കില്‍ നിന്ന് മോചിതനായി തുടര്‍ച്ചയായി പരമ്പരകള്‍ കളിക്കാന്‍ സാധിക്കുന്ന ഫിറ്റ്‌നസിലേക്ക് കെ എല്‍ രാഹുല്‍ എത്തേണ്ടതായുണ്ട്.

'പരിക്ക് കളിക്കാരുടെ കരിയറിന്റെ ഭാഗമാണ്. സ്വയം ശ്രദ്ധിച്ച് പരിക്കുകള്‍ കുറക്കുകയെന്നത് താരങ്ങളുടെ ഉത്തരവാദിത്തമാണ്. കെ എല്‍ രാഹുലിനെപ്പോലെ ഇന്ത്യക്ക് വലിയ പ്രതീക്ഷയുള്ള താരത്തിന്റെ തുടര്‍ പരിക്കുകള്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇനിയും ഇത് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം. മികച്ച താരവും ഇന്ത്യയുടെ നിര്‍ണ്ണായക താരവുമാണ്. അവന് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്. എന്നാല്‍ പരിക്ക് ഇങ്ങനെ തുടര്‍ന്നാല്‍ അത് വലിയ പ്രശ്‌നമാവും. അത് അവന്റെ കരിയറിനേയും വളര്‍ച്ചയേയും ബാധിക്കും. എല്ലാ താരങ്ങളുടെയും പരിക്ക് കുറച്ച് വേഗത്തില്‍ ഫിറ്റ്‌നസിലേക്കെത്തിക്കാനാണ് ആഗ്രഹിക്കുന്നത്'-ബിസിസി ഐ വൃത്തം ഇന്‍സൈഡ് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ രാഹുലിനാണ് ഭാവി നായകനായി മുന്‍തൂക്കം. എന്നാല്‍ റിഷഭ് പന്തിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും ക്യാപ്റ്റനെന്ന നിലയില്‍ വളര്‍ന്നുവന്നത് രാഹുലിന്റെ വെല്ലുവിളി ഉയര്‍ത്തുന്നു. ശ്രേയസ് അയ്യരും നായകനെന്ന നിലയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. അതുകൊണ്ട് തന്നെ ഇനിയും പരിക്ക് തുടര്‍ന്നാല്‍ രാഹുലിന്റെ വലിയ കരിയറിന് അത് വിലങ്ങ് തടിയാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications