IND vs SA T20: '6 ഓവറില്‍ ഇന്ത്യക്ക് 120 റണ്‍സ് നേടാം', പക്ഷെ രണ്ട് കാര്യങ്ങള്‍ ചെയ്യണം, ഗവാസ്‌കര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം അവസാനിച്ചു. ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം നീങ്ങുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ പരമ്പരക്ക് ഒമ്പതാം തീയ്യതി തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ പല പ്രമുഖര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് എന്നിവരാണ് പുതുമുഖങ്ങളായി ഇന്ത്യക്കൊപ്പമുള്ളത്.
ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള ഓരോ പരമ്പരയും വളരെ നിര്‍ണ്ണായകമാണ്. 2021ലെ ടി20 ലോകകപ്പില്‍ നാണംകെട്ട ഇന്ത്യക്ക് 2022ലെ ടി20 ലോകകപ്പില്‍ കിരീടത്തിലേക്കെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. ഓസ്‌ട്രേലിയ വേദിയാകുന്ന ലോകകപ്പിനായി മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇന്ത്യയുടെ പ്ലേയിങ് 11, ബാറ്റിങ് ഓഡര്‍ എന്നിവയെല്ലാം സംബന്ധിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ബാറ്റിങ് ഓഡര്‍ സംബന്ധിച്ച് തന്റെ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

അഞ്ച്, ആറ് നമ്പറുകളില്‍ അവരെ കളിപ്പിച്ചാല്‍ ഇന്ത്യക്ക് ആറ് ഓവറില്‍ 100-120 റണ്‍സെങ്കിലും നേടാമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'അഞ്ചാം നമ്പറില്‍ റിഷഭ് പന്തും ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയും ബാറ്റ് ചെയ്യുന്നത് ഒന്ന് ഓര്‍ത്തുനോക്കുക. അവര്‍ക്ക് വലിയ രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താനാവും. 14 മുതല്‍ 20വരെയുള്ള ഓവറുകളില്‍ അപകടകാരികളായ കൂട്ടുകെട്ടായി ഇവര്‍ മാറും. ആറ് ഓവറില്‍ 100-120 റണ്‍സ് നേടാന്‍ ഇവര്‍ക്ക് സാധിച്ചേക്കും. അതിനുള്ള പ്രതിഭ അവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ കൗതുകകരമായ ബാറ്റിങ് കൂട്ടുകെട്ടാവും ഇത്. ഇരുവരുടേയും ബാറ്റിങ്ങിനെ പ്രതീക്ഷയോടെയാണ് കാണുന്നത്'-ഗവാസ്‌കര്‍ പറഞ്ഞു.
2021ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ഹര്‍ദിക് പാണ്ഡ്യ. പരിക്കിന്റെ പ്രശ്‌നങ്ങള്‍ നിരന്തരം വേട്ടയാടിയതോടെ അദ്ദേഹത്തിന് ഫോം നഷ്ടപ്പെട്ടു. പന്തെറിയാനും ഹര്‍ദിക്കിന് സാധിച്ചിരുന്നില്ല. ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. എന്നാല്‍ ഐപിഎല്ലിന്റെ 15ാം സീസണിലൂടെ ഗംഭീര തിരിച്ചുവരവാണ് ഹര്‍ദിക് നടത്തിയത്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചു.

487 റണ്‍സാണ് ഹര്‍ദിക് സീസണില്‍ നേടിയത്. എട്ട് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 44.27 ശരാശരിയിലാണ് ഹര്‍ദിക്കിന്റെ ബാറ്റിങ് പ്രകടനം. 131.26 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹം ബാറ്റ് വീശിയത്. മികച്ച ഇക്കോണമിയിലാണ് അദ്ദേഹം പന്തെറിഞ്ഞതും. ഓള്‍റൗണ്ടറെന്ന നിലയിലെ ഹര്‍ദിക്കിന്റെ തിരിച്ചുവരവ് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ വളരെ അധികം സജീവമാക്കുന്നു. എന്നാല്‍ റിഷഭ് പന്തിന് ഐപിഎല്ലില്‍ കാണിക്കുന്ന വെടിക്കെട്ട് ഇന്ത്യന്‍ ടീമിനൊപ്പം ആവര്‍ത്തിക്കാനാവുന്നില്ല. ടെസ്റ്റില്‍ അദ്ദേഹം പുലിയാണെങ്കിലും പരിമിത ഓവറില്‍ ഇതേ മികവില്ല.

നിലവിലെ ഫോമും ആശങ്കയുണ്ടാക്കുന്നു. ഐപിഎല്ലില്‍ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെക്കാനായത്. ടി20 ലോകകപ്പിലേക്ക് വരുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫോമിലേക്കെത്തേണ്ടതായുണ്ട്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ശരാശരിയായിരുന്നു. എല്ലാ മേഖലയിലും ഇന്ത്യക്ക് തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.

ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. കോലിക്ക് പകരക്കാരനായെത്തിയ രോഹിത്തിന് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനാവാത്ത പക്ഷം നായകസ്ഥാനത്ത് അധികനാള്‍ തുടരാനാവില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനും ഇത്തവണത്തെ ലോകകപ്പ് നിര്‍ണ്ണായകം. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ കപ്പടിക്കുകയെന്നത് ഇന്ത്യക്ക് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications