IND vs SA T20: ആര് നേടും പരമ്പര?, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിശ്ചയിക്കും

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് 9ന് തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയെ കെ എല്‍ രാഹുലാണ് നയിക്കുന്നത്. ഐപിഎല്ലിന് ശേഷം നടക്കുന്ന ആദ്യ പരമ്പരയായതിനാല്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. ശക്തമായ താരനിരയുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയെ മെരുക്കാന്‍ മികച്ച ടീമുമായാണ് ഇന്ത്യയും ഇറങ്ങുന്നത്.
ഐപിഎല്ലില്‍ ഇന്ത്യയുടെ പല താരങ്ങളും നിരാശപ്പെടുത്തിയിരുന്നു. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇവരെല്ലാം ഫോമിലേക്ക് എത്തേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനവും മികച്ചതായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പരമ്പരയില്‍ പ്രതീക്ഷിക്കാം. പരമ്പര ആര് നേടുമെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക ചില നേര്‍ക്കുനേര്‍ പോരാട്ടങ്ങളാവും. ഏതൊക്കെയാണ് അതെന്ന് പരിശോധിക്കാം.

കെ എല്‍ രാഹുല്‍ - കഗിസോ റബാഡ
ഇന്ത്യന്‍ നായകനും ഓപ്പണറുമായ കെ എല്‍ രാഹുലിന്റെ പ്രകടനം പരമ്പരയില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഐപിഎല്ലില്‍ മിന്നും ഫോമിലായിരുന്ന രാഹുല്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമായി രാഹുല്‍ ഐപിഎല്ലില്‍ കസറിയിരുന്നു. അതുകൊണ്ട് തന്നെ രാഹുലിന്റെ ഫോം ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാക്കുന്നു.
എന്നാല്‍ രാഹുലിന് വെല്ലുവിളി ഉയര്‍ത്തുന്നത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയാവും. അദ്ദേഹത്തിന്റെ ന്യൂബോളിലെ പ്രകടനം രാഹുലിന് വലിയ വെല്ലുവിളിയാവും. 23 വിക്കറ്റുമായി ഐപിഎല്ലില്‍ തിളങ്ങാന്‍ റബാഡയ്ക്കായിരുന്നു. ഈ നേര്‍ക്കുനേര്‍ പോരാട്ടം മത്സരത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാക്കും.

ഇഷാന്‍ കിഷന്‍ - ആന്റിച്ച് നോക്കിയേ
ഇടം കൈയന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ ഐപിഎല്ലിലെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതായിരുന്നില്ല. ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ ഇഷാന്‍ കിഷന്‍ തന്നെ ഇറങ്ങാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ഇഷാന് വെല്ലുവിളി ഉയര്‍ത്തുക ആന്‍ റിച്ച് നോക്കിയേയാവും. എക്‌സ്ട്രാ പേസുള്ള നോക്കിയേയെ ന്യൂബോളില്‍ ഇഷാന്‍ എങ്ങനെ നേരിടുമെന്നത് കണ്ടറിയണം. ഈ നേര്‍ക്കുനേര്‍ പോരാട്ടവും ശ്രദ്ധേയമാവും.

റിഷഭ് പന്ത് - തബ്രൈസ് ഷംസി
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് പ്ലേയിങ് 11ല്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് പന്ത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റിഷഭ് ഫോമിലേക്കെത്തേണ്ടത് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമാവും. അഞ്ചാം നമ്പറില്‍ ഇറങ്ങുന്ന റിഷഭിന് വെല്ലുവിളി തബ്രൈസ് ഷംസിയാവും. പേസര്‍മാരെ നന്നായി കളിക്കുന്ന റിഷഭിന് സ്പിന്‍ ഒരു ദൗര്‍ബല്യമാണ്. അതുകൊണ്ട് തന്നെ ഷംസിയുടെ സ്പിന്‍ കെണികളെ റിഷഭ് എങ്ങനെ അതിജീവിക്കുമെന്നത് പരമ്പര വിജയികളെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറും.

ഡേവിഡ് മില്ലര്‍ - ഹര്‍ഷല്‍ പട്ടേല്‍
ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ ഇത്തവണ ഐപിഎല്ലില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയിരുന്നു. സീനിയര്‍ താരത്തിന്റെ മികവാണ് ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. അതുകൊണ്ട് തന്നെ ഇന്ത്യ ഭയക്കേണ്ട താരമാണ് മില്ലര്‍. അവസാന ഓവറുകളില്‍ ആളിക്കത്തുന്ന മില്ലറെ ഇന്ത്യക്ക് തടുത്തു നിര്‍ത്തേണ്ടതായുണ്ട്. ഇതില്‍ നിര്‍ണ്ണായകമാവുക ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങ്ങാണ്. നന്നായി സ്ലോ ബോള്‍ എറിയാനും പേസ് വേരിയേഴഷന്‍ നടത്താനും കഴിവുള്ള ഹര്‍ഷലിനെ ഇന്ത്യ അവസാന ഓവറുകളിലാവും കൂടുതല്‍ പ്രയോഗിക്കുക. അതുകൊണ്ട് തന്നെ മില്ലര്‍-ഹര്‍ഷല്‍ പോരാട്ടം മത്സര വിധി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാവും.

എയ്ഡന്‍ മാര്‍ക്രം - യുസ്‌വേന്ദ്ര ചഹാല്‍
ദക്ഷിണാഫ്രിക്കയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് എയ്ഡന്‍ മാര്‍ക്രം. ഇത്തവണ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മാര്‍ക്രം ടീമിന് അടിത്തറ പാകാന്‍ മിടുക്കുള്ളവനാണ്. അതുകൊണ്ട് തന്നെ മാര്‍ക്രത്തെ ഇന്ത്യ നേരത്തെ മടക്കേണ്ടതായുണ്ട്. മധ്യ ഓവറുകളില്‍ മാര്‍ക്രത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിന് സാധിക്കേണ്ടതായുണ്ട്. ഈ രണ്ട് നേര്‍ക്കുനേര്‍ പോരാട്ടവും ശ്രദ്ധേയമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications