ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാനത്തെ അങ്കം ഇന്നു നടക്കാനിരിക്കുകയാണ്. വൈകീട്ട് ഏഴു മുതല്‍ ഹൈദരാബാദിലാണ് മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നടക്കാനിരിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ടി20യും തൂത്തുവാരി ബംഗ്ലാ കടുവകളെ നാണംകെടുത്തി നാട്ടിലേക്കു തിരികെ അയക്കാനായിരിക്കും ഇനി സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത ടി20 പോരാട്ടം നടക്കാനിരിക്കുന്നത് നവംബറിലാണ്. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന അവസാനത്തെ ടി20 പരമ്പര കൂടിയാണിത്. നവംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം. നാലു ടി20കളുടെ പരമ്പരയാണ് അവിടെ ഇന്ത്യയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിനു ശേഷം ഇരുടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നുവെന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്. കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേ പോരാട്ടം കടുപ്പമാവുമെന്ന് ഉറപ്പായതിനാല്‍ ഏറ്റവും ശക്തമായ ടീമിനെയാവും പരമ്പരയില്‍ ഇന്ത്യ അണിനിരത്തുക. എങ്ങനെയാവും ഇന്ത്യന്‍ ടീമെന്നു പരിശോധിക്കാം.

മുന്‍നിര താരങ്ങള്‍ തിരിച്ചെത്തും
ബംഗ്ലാദേശുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ മുന്‍നിര താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇവരെയെല്ലാം ഇന്ത്യ തിരികെ വിളിക്കാനാണ് സാധ്യത. യുവ ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ഇതോടെ ടീമിലേക്കു മടങ്ങിയെത്തും.
ബംഗ്ലാദേശിനെതിരേ ഇരുവരുടെയും അഭാവത്തില്‍ അഭിഷേക് ശര്‍മയെയും സഞ്ജു സാംസണെയുമാണ് ഓപ്പണിങില്‍ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇരുവരും ഫ്‌ളോപ്പായിരുന്നു.
മൂന്നാം നമ്പറില്‍ പതിവു പോലെ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരിക്കും. നാലാമനായി യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ സൗത്താഫ്രിക്കയിലും ഇന്ത്യ നിലനിര്‍ത്തിയേക്കും. ബംഗ്ലാദശിനെതിരേ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹം തിളങ്ങിയിരുന്നു. രണ്ടാം ടി20യില്‍ 34 ബോളില്‍ 74 റണ്‍സാണ് നിതീഷ് അടിച്ചെടുത്തത്. അതിനാല്‍ സൗത്താഫ്രിക്കയിലും താരത്തെ ടീം കൈവിടാന്‍ സാധ്യതയില്ല.
റിഷഭ് തിരിച്ചെത്തും, സഞ്ജു പുറത്ത്?
സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തിരിച്ചെത്തുമെന്നാണ് വിവരം. ബംഗ്ലാദശിനെതിരേ അദ്ദേഹത്തിനു വിശ്രമം നല്‍കിയതിനാലണ് സഞ്ജു സാംസണ്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയത്. പക്ഷെ ആദ്യത്തെ രണ്ടു ടി20യിലും അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. 29, 10 എന്നിങ്ങനെ സ്‌കോറുകള്‍ക്കു സഞ്ജു പുറത്താവുകയായിരുന്നു.

അതിനാല്‍ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹത്തെ നിലനിര്‍ത്താനും സാധ്യതയില്ല. റിഷഭ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മടങ്ങിയെത്തുമ്പോള്‍ ബാക്കപ്പ് റോള്‍ യുവതാരം ധ്രുവ് ജുറേലിനായിരിക്കും. നിലവില്‍ ടെസ്റ്റില്‍ അദ്ദേഹം ടീമിന്റെ ബാക്കപ്പാണ്. ടി20യില്‍ സഞ്ജുവിനു അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജുറേലിനെ ഇന്ത്യ വളര്‍ത്തിയെടുത്തേക്കും.
പരാഗും റിങ്കുവും തുടരും
ഇന്ത്യന്‍ മധ്യനിരയില്‍ റിയാന്‍ പരാഗ്, റിങ്കു സിങ് എന്നിവരെ സൗത്താഫ്രിക്കയിലും ഇന്ത്യ നിലനിര്‍ത്തുമെന്നുറപ്പാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും തീര്‍ച്ചയായും ടീമിലുണ്ടാവും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരില്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം അക്ഷര്‍ പട്ടേല്‍ ടീമിലേക്കു തിരിച്ചുവരാനിടയുണ്ട്. വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌നോയിയും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. കുല്‍ദീപ് യാദവിനു ബ്രേക്ക് നല്‍കിയേക്കും.
പേസ് ബൗളിങില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും. വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര പരിഗണിച്ചായിരിക്കും ഇത്. അര്‍ഷ്ദീപ് സിങ് തന്നെയാലും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുഹമ്മദ് സിറാജിനെ ഇന്ത്യ തിരികെ വിളിച്ചേക്കും ഹര്‍ഷിത് റാണയും മായങ്ക് യാദവുമായിരിക്കും ടീമിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍.
സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.