മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ഇതിഹാസമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് ശുബ്മാന്‍ ഗില്‍. വിരാട് കോലി പടിയിറങ്ങുമ്പോള്‍ ആ സ്ഥാനത്തേക്ക് ഇന്ത്യ കാണുന്നത് ഗില്ലിനെയാണ്. ഓപ്പണറായ ഗില്‍ ഇപ്പോള്‍ മൂന്നാം നമ്പറിലാണ് ടെസ്റ്റില്‍ കളിക്കുന്നത്. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്ക് പകരം ഇന്ത്യ ഗില്ലിനെയാണ് പരിഗണിക്കുന്നത്. ഇന്ത്യന്‍ പിച്ചില്‍ ഗില്‍ മിന്നും താരമാണ്. എന്നാല്‍ വിദേശ പിച്ചിലേക്ക് വരുമ്പോള്‍ ഗില്ലിന് ഇതേ മികവ് ആവര്‍ത്തിക്കാനാവുന്നില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഗില്ലിന് കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയത്തോടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുമ്പോള്‍ ഗില്ലിന്റെ പ്രകടനം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ ശുബ്മാന്‍ ഗില്ലിന് ഫോമിലേക്കെത്താന്‍ വഴി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ശുബ്മാന്‍ ഗില്ലിന്റെ പ്രശ്‌നം അമിത ആക്രമണോത്സകതയാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
'ടെസ്റ്റ് ക്രിക്കറ്റില്‍ ശുബ്മാന്‍ അമിത ആക്രമണോത്സകത കാട്ടുന്നുണ്ടെന്നാണ് കരുതുന്നത്. ടി20യും ഏകദിനവും കളിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ടെസ്റ്റ് ക്രിക്കറ്റ്. പന്തിലാണ് വ്യത്യാസമുള്ളത്. വെള്ളബോള്‍ ചലിക്കുന്നതിനെക്കാള്‍ കൂടുതല്‍ ചുവപ്പ് പന്ത് ചലിക്കും. ബൗണ്‍സും അല്‍പ്പം കൂടുതലാവും. ഇത് ശുബ്മാന്‍ മനസില്‍ വെക്കണം. ശുബ്മാന്റെ കരിയറിന്റെ തുടക്കം വളരെ മനോഹരമായിരുന്നു. അവന്റെ ഷോട്ട് സെലക്ഷനടക്കം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്.
അതുകൊണ്ടുതന്നെ അവന്‍ ഫോമിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല ഭാവിയിലേക്കായി അവന്‍ കഠിനമായി പരിശീലിക്കുമെന്നാണ് കരുതുന്നത്'- ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യ വളരെയധികം പ്രതീക്ഷവെക്കുന്ന ബാറ്റ്‌സ്മാനാണ് ഗില്‍. അതുകൊണ്ടുതന്നെ താരത്തിന് ഫോമിലേക്കെത്താനാവാതെ പോയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. രണ്ടാം ടെസ്റ്റിലും മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെയാവും ഇന്ത്യ കളിപ്പിക്കുക.

എന്നാല്‍ ഇന്ത്യ ശുബ്മാനെ നാലാം നമ്പറില്‍ കളിപ്പിച്ച് വിരാട് കോലിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് പറയുന്നവര്‍ ഏറെയാണ്. ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ നല്ല പേസും ബൗണ്‍സുമുണ്ട്. അതുകൊണ്ടുതന്നെ ന്യൂബോളില്‍ കളിക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം. ശുബ്മാന്‍ ക്ഷമ കുറവുള്ള ബാറ്റ്‌സ്മാനാണ്. മോശം പന്തുകളെ കാത്തുനിന്ന് കളിക്കാന്‍ താരത്തിന് സാധിക്കുന്നില്ല. ഇതോടെ ഓഫ് സൈഡിലേക്കെത്തുന്ന പന്തുകളില്‍ ബാറ്റുവെച്ച് താരം വിക്കറ്റ് തുലക്കുന്നു.
എന്നാല്‍ കോലി മൂന്നാം സ്ഥാനത്തേക്കെത്തിയാല്‍ ന്യൂബോളിലെ സ്വിങ്ങിനെ ഫലപ്രദമായി നേരിടാന്‍ സാധിച്ചേക്കും. ഇന്ത്യക്ക് ഗുണം ചെയ്യുകയും ഇതാണ്. രണ്ടാം ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യ ബാറ്റിങ്ങാണ് മെച്ചപ്പെടുത്തേണ്ടത്. വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നീ കരുത്തുറ്റ ബാറ്റിങ് നിര ഇന്ത്യക്കുണ്ട്. ഇവര്‍ക്ക് ഫോമിലേക്കെത്താനായാല്‍ ഇന്ത്യക്ക് പരമ്പര സമനിലയാക്കാന്‍ സാധിച്ചേക്കും.
രോഹിത് ശര്‍മയുടെ മോശം ഫോമാണ് ഇന്ത്യയുടെ തലവേദന. മികച്ച തുടക്കം ലഭിച്ചാല്‍ അത് മുതലാക്കാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സാധിച്ചേക്കും. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണ്. രവീന്ദ്ര ജഡേജ രണ്ടാം ടെസ്റ്റിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നുണ്ട്. ഇത് ഇന്ത്യയുടെ മധ്യനിരയുടെ കരുത്തുയര്‍ത്തും. എന്നാല്‍ ശാര്‍ദ്ദുല്‍ ടാക്കൂര്‍ പരിക്കിന്റെ പിടിയിലായത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍.
ഇന്ത്യയുടെ പേസ് നിരയില്‍ ദൗര്‍ബല്യങ്ങളേറെയാണ്. മുഹമ്മദ് ഷമിയുടെ അഭാവം ടീമിനെ കാര്യമായി ബാധിക്കുന്നു. പ്രസിദ്ധ് കൃഷ്ണ, ശാര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരുടെ ബൗളിങ് പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. രണ്ടാം ടെസ്റ്റില്‍ സമനില നേടിയാല്‍ പോലും ഇന്ത്യക്ക് പരമ്പര നഷ്ടമാവും. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും രണ്ടാം ടെസ്റ്റ് ജയിക്കാനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ അത് എളുപ്പമാവില്ലെന്നുറപ്പ്.