സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ടത്. മികച്ച താരനിരയുണ്ടായിട്ടും മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയെ തറപറ്റിക്കാന്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കായി. ഇന്ത്യ പ്രതീക്ഷവെച്ച പല താരങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഉണ്ടായിട്ടും ഇന്ത്യക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. യുവതാരങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നില്ല. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്ക് പകരം കളിക്കാനെത്തിയത് ശുബ്മാന്‍ ഗില്ലാണ്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സെടുത്ത ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 26 റണ്‍സാണ് നേടിയത്. മൂന്നാം നമ്പറിലെ ഗില്ലിന്റെ പ്രകടനം ഇന്ത്യ പ്രതീക്ഷിച്ചതുപോലെയായില്ല.
ഇപ്പോഴിതാ ശുബ്മാന്‍ ഗില്ലിന് സംഭവിക്കുന്ന പിഴവ് എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. 'രണ്ടാം ഇന്നിങ്‌സില്‍ ശുബ്മാന്‍ ഗില്‍ പുറത്തായത് നോക്കുക. ഫുല്ലര്‍ ലെങ്ത് പന്തായിരുന്നു അത്. എന്നാല്‍ ശുബ്മാന്‍ ഒരു പിഴവ് കാട്ടി. മിഡ് ഓണിലേക്കാണ് അവന്‍ ഷോട്ട് കളിച്ചത്. ഇതാണ് ഇന്‍സൈഡ് എഡ്ജായത്. കൂടുതലും മിഡ് വിക്കറ്റ് ഷോട്ടുകള്‍ക്കാണ് അവന്‍ ശ്രമിക്കുന്നത്.
അവന്‍ ഷോട്ട് കളിക്കുമ്പോള്‍ ബാറ്റിന്റെ പൊസിഷന്‍ സ്‌ട്രെയ്റ്റല്ല. ബാറ്റിന്റെ എഡ്ജ് കാണാന്‍ സാധിക്കും. നല്ലൊരു ബൗളര്‍ക്ക് കൃത്യമായി ഇത് മുതലാക്കാനാവും. മാര്‍ക്കോ യാന്‍സന്‍ ഓഫ് സ്റ്റംപില്‍ എറിഞ്ഞ് വിക്കറ്റ് നേടിയെടുക്കുകയും ചെയ്തു'-ഗവാസ്‌കര്‍ പറഞ്ഞു. ശുബ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുമ്പോള്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാനാവുന്നില്ലെന്നതാണ് സത്യം. ഓപ്പണിങ്ങിലേക്ക് ശുബ്മാന്‍ ഗില്ലിനെ തിരികെ എത്തിക്കുന്നതാണ് ഇന്ത്യക്ക് നല്ലത്.

മൂന്നാം നമ്പറില്‍ കളിക്കുന്ന താരത്തിന് ആംഗര്‍ റോളില്‍ കളിക്കാന്‍ സാധിക്കണം. ക്രീസില്‍ നിലയുറപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണ് മൂന്നാം നമ്പറില്‍ വേണ്ടത്. അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നത് മണ്ടത്തരമാണ്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടണമെങ്കില്‍ മികച്ച തുടക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയുടെ ടോപ് ഓഡറിന് അതിന് സാധിക്കുന്നില്ല.
നായകന്‍ രോഹിത് ശര്‍മ രണ്ട് ഇന്നിങ്‌സിലും ഫ്‌ളോപ്പായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സെടുത്ത രോഹിത് രണ്ടാം ഇന്നിങ്‌സില്‍ ഡെക്കിനാണ് പുറത്തായത്. വിരാട് കോലി ആദ്യ ഇന്നിങ്‌സില്‍ ഫ്‌ളോപ്പായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ തിരിച്ചുവരവ് നടത്തി. അതിവേഗത്തില്‍ ബാറ്റു ചെയ്ത കോലിക്കും ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. കെ എല്‍ രാഹുല്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായി മാറി.
സെഞ്ച്വറി നേടിയ രാഹുലാണ് 245 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. ഇന്ത്യയുടെ മധ്യനിരയില്‍ രവീന്ദ്ര ജഡേജയുടെ അഭാവം നിഴലിച്ചു നിന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇത് പ്രകടമായി. ഇന്ത്യയുടെ പേസ് നിരയില്‍ പരിക്കേറ്റ മുഹമ്മദ് ഷമിയും ഇല്ലായിരുന്നു. ഇതും ഇന്ത്യയെ പിന്നോട്ടടിച്ച കാര്യമാണ്. രണ്ടാം ടെസ്റ്റിലൂടെ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ല.
ബാറ്റ്‌സ്മാന്‍മാര്‍ മികവ് കാട്ടിയാല്‍ ഇന്ത്യക്ക് പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം ജയം നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് കടുപ്പമാവും. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാല്‍ ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ ഈ പ്രതീക്ഷയാണ് കൈവിട്ടിരിക്കുന്നത്.