സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിനെയും കോച്ച് ഗൗതം ംഗഭീറിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ കെ ശ്രീകാന്ത്. വല്ലാത്തൊരു തോല്‍വിയാണ് ഇതെന്നും സ്വന്തം നാട്ടില്‍ ഇത്ര പരിതാപകരമായ പ്രകടനം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ച് വിശകലനം നടത്തുകയായിരുന്നു മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ശ്രീകാന്ത്. ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനാണ് ഇന്ത്യയെ സൗത്താഫ്രിക്ക വാരിക്കളഞ്ഞത്. റണ്‍സ് മാര്‍ജിനില്‍ ഇന്ത്യക്കു നാട്ടില്‍ നേരിട്ട എക്കാലത്തെയും വലിയ പരായവും കൂടിയാണിത്. ടെസ്റ്റ് പരമ്പര 2-0നു സൗത്താഫ്രിക്ക തൂത്തുവുരകയും തെയ്തു.

ഇന്ത്യയുടെ പ്രശ്‌നം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സ്വന്തം സ്ഥാനത്തെ കുറിച്ചുള്ള അരക്ഷിതാവസ്ഥയാണെന്നു കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു. ടീമിലെ സ്ഥാനം നഷ്ടമാവുമോയെന്ന ഭയത്തോടെയാണ് പലരും കളിക്കുന്നതെന്നു അതു അവരുടെ പ്രകടനത്തെയും സാരമായി ബാധിക്കിന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇപ്പോഴുള്ള എല്ലാവരും ഭയന്നിരിക്കുകയാണ്. സ്വന്തം സ്ഥാനം എങ്ങനെയങ്കിലും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും കളിക്കുന്നത്. ഇതു ടീമിനകത്ത് വലിയൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു പറയുമ്പോള്‍ അതിനു ഏറ്റവും യോജിച്ച വാക്ക് അരക്ഷിതാവസ്ഥയെന്നതാണ്.
ഉദാഹരണമായി നമുക്കു സായ് സുദര്‍ശന്റെ കാര്യമെടുക്കാം. അവനെ ഒരു ടെസ്റ്റില്‍ കളിപ്പിക്കും, അടുത്തതില്‍ പുറത്തിരുത്തുകയും ചെയ്യും. പ്ലെയിങ് ഇലവനില്‍ തനിക്കു ഇടമുണ്ടാവുമോയെന്ന കാര്യത്തില്‍ സായിക്കു ഇപ്പോഴും യാതാരു ഉറപ്പുമില്ല. ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയാല്‍ തനിക്കു സ്ഥാനമുണ്ടാവുമോയെന്നതും അവനു സംശയമാണ്. ഒരുപാട് സംശയങ്ങളോടെയാണ് സായ് കളിക്കുന്നത്.
മറ്റൊരാള്‍ ധ്രുവ് ജുറേലാണ്. അവനാവട്ടെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള മുമ്പത്തെ ടെസ്റ്റ് പരമ്പരയില്‍ ജുറേല്‍ സെഞ്ച്വറിയടിച്ചെന്നതു ശരിയാണ്. പക്ഷെ അവര്‍ ഇപ്പോള്‍ വളരെ ദുര്‍ബലമായ ടീമാണ്. അതുകൊണ്ടു തന്നെ അവര്‍ക്കെതിരായ ആ സെഞ്ച്വറി അത്ര കാര്യമായി എടുക്കാനും കഴിയില്ല.
ടീമിലെ അടുത്തയാള്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. അവന്‍ ശരിക്കും ബാറ്ററാണോ, അതോ ബൗളറാണോയെന്നു എനിക്കു ഇനിയും മനസ്സിലായിട്ടില്ല. ഓള്‍റൗണ്ടറാണെന്നൊക്കെയാണ് പറയുന്നത്. നിതീഷിന്റെ ഫസ്റ്റ് ക്ലാസ് സ്റ്റാറ്റസ് ഞാനൊന്നു പരിശോധിച്ചു. 36 മല്‍സരങ്ങളില്‍ കളിച്ചിട്ടുളള അവന്റെ ശരാശരി വെറും 23 ആണ്. ബൗള്‍ ചെയ്യാന്‍ സാധികക്കുന്ന ബാറ്റര്‍ മാത്രമാണ് നിതീഷ്.
ഐപിഎല്ലില്‍ നിന്നും അവന നേരെടുത്ത് ഇന്ത്യയുടെ ടി20 ടീമിലിട്ടു. അതിനു ശേഷം ടെസ്റ്റ് ടീമിലേക്കും കൊണ്ടുവന്നു. ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയില്‍ നിതീഷ് നല്ല പ്രകടനം നടത്തിയെന്നതു ശരിയാണ്. പക്ഷെ അതിനു ശേഷം കരിയര്‍ കുത്തനെ താഴേക്കും കൂപ്പുകുത്തി. അവനും ടെസ്റ്റ് ടീമിലെ സ്ഥാനത്തിനു വേണ്ടി കളിക്കുന്നയാളാണെന്നും ശ്രീകാന്ത് ആഞ്ഞടിക്കുന്നു.

ഗംഭീറിന്റെ ന്യായീകരണം
സൗത്താഫ്രിക്കയുമായുള്ള പരമ്പര തോറ്റ ശേഷം താന്‍ നേരത്തേ ഇന്ത്യക്കു ചാംപ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിത്തന്ന കോച്ചാണെന്നു ന്യായീകരിച്ച ഗൗതം ഗംഭീറിിനെയും കെ ശ്രീകാന്ത് വെറുതെവിട്ടില്ല.
ഗൗതം ഗംഭീറിനു ഈ തരത്തില്‍ പറയാന്‍ നാണമില്ലേ? ശ്രീലങ്കയ്‌ക്കെതിരേ ഏകദിന പരമ്പരയും ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഇപ്പോള്‍ സൗത്തഫ്രിക്കയ്ക്കെതിരേ ടെസ്റ്റ് പരമ്പരയും തോറ്റ കോച്ചാണ് താനെന്നു എന്തുകൊണാണ് ഗംഭീര്‍ പറയാത്തത്?
ഗംഭീര്‍ ഈ തരത്തില്‍ മുടന്തന്‍ ന്യായീകരണങ്ങള്‍ നടത്തുകയല്ല വേണ്ടത്. മറിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമിനു പ്രശ്‌നങ്ങളുണ്ടെന്നു ആദ്യം അംഗീകരിക്കുകയാണ് വേണ്ടത്. എന്തുകൊണ്ടു ടീമിനു പാളിയെന്നു മനസിലാക്കുന്നതിനൊപ്പം ഇതു പരിഹരിക്കാനുള്ള വഴിയും കണ്ടെത്തുകയാണ് അദ്ദേഹത്തിന്റെ ജോലിയെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.