ക്വെബെറ: ആദ്യ ഏകദിനത്തിലെ ഏകപക്ഷീയമായ തോല്‍വിക്കു ഇതേ നാണയത്തില്‍ തിരിച്ചടിച്ച് സൗത്താഫ്രിക്കയുടെ ഗംഭീര തിരിച്ചുവരവ്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് സൗത്താഫ്രിക്ക ജയിച്ചുകയറിയത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യക്കു മേല്‍ ആധിപത്യം പുലര്‍ത്തിയ അവര്‍ എട്ടു വിക്കറ്റിന്റെ ഗംഭീര വിജയം ആഘോഷിക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-1നു ഒപ്പമെത്തുകയും ചെയ്തു. നിര്‍ണായകമായ മൂന്നാമത്തെയിും അവസാനത്തെയും മല്‍സരം വ്യാഴാഴ്ച നടക്കും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു സൗത്താഫ്രിക്കന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 46.2 ഓവറില്‍ 211 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. ആദ്യ മല്‍സരത്തിലേതു പോലെ ഒരു അസാധാരണ ബൗളിങ് പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്ത്യക്കു അതു പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ അതു സംഭവിച്ചില്ല, കളി തോല്‍ക്കുകയും ചെയ്തു.

ഓപ്പണര്‍ ടോണി ഡി സോര്‍സിയുടെ (119*) സെഞ്ച്വറി ഇന്ത്യയില്‍ നിന്നും മല്‍സരം തട്ടിയെടുക്കുകയായിരുന്നു. 42.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്താഫ്രിക്ക വിജയത്തിലെത്തുകയും ചെയ്തു. 122 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 52 റണ്‍സെടുത്ത ഓപ്പണര്‍ റീസ്സ ഹെന്‍ഡ്രിസാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
ഓപ്പണിങ് വിക്കറ്റില്‍ ഡി സോര്‍സി- ഹെന്‍ഡ്രിക്‌സ് സഖ്യം 130 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോയിരുന്നു. കളിയിലേക്കു പിന്നീടൊരു തിരിച്ചുവരവ് നടത്തുക ഇന്ത്യക്കു അസാധ്യവുമായിരുന്നു. 36 റണ്‍സെടുത്ത റാസ്സി വാന്‍ഡര്‍ ഡ്യുസെനാണ് പുറത്തായ മറ്റൊരു താരം.

നേരത്തേ ഉജ്ജ്വ ബൗളിങിലൂടെ സൗത്തഫ്രിക്ക ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടുകായിരുന്നു. കന്നി അന്താരാഷ്ട്ര പരമ്പരയില്‍ കളിക്കുന്ന യുവതാരം സായ് സുദര്‍ശന്‍ തുടരെ രണ്ടാമത്തെ കളിയിലും ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറി. 62 റണ്‍സാണ് ഇടംകൈയന്‍ ബാറ്റര്‍ നേടിയത്. 83 ബോളുകള്‍ നേരിട്ട സായിയുടെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
നായകന്‍ കെഎല്‍ രാഹുലാണ് (56) ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ച മറ്റൊരു താരം. 64 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ഫോറുകളടിച്ചു. മലയാളി താരം സഞ്ജു സാംസണിനു ഈ കളിയില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും 23 ബോളില്‍ ഒരു ഫോറടക്കം 12 റണ്‍സ് മാത്രമെടുത്ത് ബൗള്‍ഡായി മടങ്ങുകയായിരുന്നു. സായ്, രാഹുല്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാനായില്ല.
പ്ലെയിങ് ഇലവന്‍
ഇന്ത്യ-റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, കെല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
സൗത്താഫ്രിക്ക- ടോണി ഡി സോര്‍സി, റീസ്സ ഹെന്‍ഡ്രിക്സ്, റാസി വാന്‍ഡര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലിസാര്‍ഡ് വില്യംസ്, ബ്യുറെന്‍ ഹെന്‍ഡ്രിക്സ്.